ബത്തേരി∙ അറുപത്തിനാല് വയസ്സു പിന്നിട്ട മനാപ്പറമ്പിൽ ജോയിയുടെ നില അതിദരിദ്രമാണ്.
(ഇന്ന് കേരളം അതിദരിദ്ര വിമുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമാണ്) വീടും വൈദ്യുതിയുമില്ല.
(സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമെന്ന് പ്രഖ്യാപിക്കപ്പെട്ടതാണ് കേരളം) താമസം റോഡു പുറമ്പോക്കിലെ പ്ലാസ്റ്റിക് കൂരയിൽ. എന്നാൽ വീടും വൈദ്യുതിയുമുള്ളവരുടെ ഗണത്തിൽപെടുത്തി റേഷൻ ആനുകൂല്യം തടയപ്പെട്ടിരിക്കുകയാണ് ജോയിക്ക്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിയുന്ന ജോയിക്ക് മാസം തോറും ലഭിച്ചുകൊണ്ടിരുന്ന 6 ലീറ്റർ മണ്ണെണ്ണെ ഇപ്പോൾ കിട്ടുന്നില്ല വീടും വൈദ്യുതിയുമുണ്ടെന്നാണ് റേഷൻ രേഖകളിൽ.
അന്ത്യോദയ അന്നയോജന കാർഡുടമയാണ് ജോയി.വൈദ്യുതിയില്ലാത്തവർക്ക് 6 ലീറ്റർ മണ്ണെണ്ണയാണ് സർക്കാർ റേഷൻകട
വഴി നൽകുന്നത്. എന്നാലിവിടെ വൈദ്യുതി മാത്രമല്ല, വീടുമില്ല ജോയിക്ക്.
ഇനിയിപ്പോൾ വിളക്കു കത്തിക്കണമെങ്കിലും അടുപ്പിൽ തീ പുകയ്ക്കണമെങ്കിലും മണ്ണെണ്ണ പുറമെ നിന്ന് മാർക്കറ്റു വിലയ്ക്ക് വാങ്ങണം.ലഭിച്ചു കൊണ്ടിരുന്ന 6 ലീറ്റർ മണ്ണെണ്ണ നൽകാതായിട്ട് മാസങ്ങളായി. 100 ശതമാനം വൈദ്യുതീകരിക്കപ്പെട്ട
സംസ്ഥാനമെന്നും അതിദരിദ്രവിമുക്ത സംസ്ഥാനമെന്നും പ്രഖ്യാപിക്കപ്പെട്ടതിനാൽ ഇനി മണ്ണെണ്ണ ലഭിക്കണമെങ്കിൽ വൈദ്യുതിയില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടി വരും ജോയിക്ക്.
ജോയിയുടെ കഥ കേൾക്കൂ…..
പതിറ്റാണ്ടുകൾക്കു മുൻപ് എറണാകുളം ജില്ലയിൽ നിന്ന് വയനാട്ടിലെത്തി അതിർത്തി മേഖലയായ മുത്തങ്ങയിലും തകരപ്പാടിയിലും കൂലിപ്പണിയെടുത്ത് ജീവിക്കുന്നു.
64 വയസ്സായി. വിവാഹിതനല്ല.
കടത്തിണ്ണകളിലും കെട്ടിടത്തിന്റെയോ വീടുകളുടെയോ ചായ്പുകളിലുമായിരുന്നു താമസം. തകരപ്പാടിയിൽ ദേശീയപാതയോരത്തെ ഷെഡിൽ ചായക്കട
നടത്തുന്ന പ്രഭാകരന്റെ കടയിറമ്പിലാണ് കഴിഞ്ഞ 4 വർഷമായി താമസം.
തകരപ്പാടി അങ്ങാടിയിലെ മലിനജലം ഒഴുകിയെത്തുന്ന ഓവുചാലിന്റെ മുകളിൽ ഷെഡിനോടു ചേർന്ന് പ്ലാസ്റ്റിക് ചാക്ക് മറച്ചാണ് താമസം. ഓവുചാലിനോടു ചേർന്ന് അടുപ്പു കൂട്ടി കഞ്ഞി വച്ചാണ് വിശപ്പടക്കുന്നത്. മുത്തങ്ങയിലെ റേഷൻ കടയിൽ നിന്ന് 6 ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്നില്ല.വീടും വൈദ്യുതിയുമുള്ളവരുടെ പട്ടികയിലാണിപ്പോൾ ജോയിയും.അതെങ്ങിനെയെന്ന് ജോയിക്കും അറിയില്ല. താമസിക്കുന്ന കൂരയ്ക്കു സമീപമുള്ള തെരുവു വിളക്ക് വൈദ്യുതിയായി പരിഗണിക്കുമോയെന്ന് ജോയി ചോദിക്കുന്നു.കൂലിപ്പണിയുള്ളത് വല്ലപ്പോഴുമാണ്.
അദിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചറിയൽ കാർഡും മറ്റും ലഭിച്ചിച്ചിട്ടുണ്ട്.
ആർദ്രം മിഷൻ പ്രകാരം സൗജന്യ ചികിത്സാ കാർഡും ലഭിച്ചിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള ജോയിക്ക് പെൻഷനും ലഭിക്കുന്നുണ്ട്. എന്നാൽ സ്വന്തമായി മണ്ണോ വീടോ ഇല്ലാത്ത തനിക്ക് വീടും വൈദ്യുതിയും ഉണ്ടെന്ന രീതിയിൽ ആനുകൂല്യം തടയപ്പെട്ടതെങ്ങിനെയെന്ന് ജോയി ചോദിക്കുന്നു… ഉത്തരം പറയേണ്ടത് സർക്കാരാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

