തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയിൽ യുവമോർച്ച യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഷ്ണു (അപ്പു –19) മാതാപിതാക്കളുടെ கண்മുന്നിൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഏഴു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് എസ്സി, എസ്ടി കോടതി ജഡ്ജി എ.ഷാജഹാൻ ആണ് കേസിൽ വിധി പ്രസ്താവിച്ചത്.
കേസിലെ പ്രതികളുടെ ശിക്ഷ ഈ മാസം 13-ാം തീയതി വിധിക്കും. കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പ്രധാനമായും വാദിച്ചത്.
കേസിൽ ഒൻപതാം പ്രതിയായിരുന്ന ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബു 2015-ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളിലൊരാളുമായി വിഷ്ണുവിന്റെ ബന്ധുവിന് ഉണ്ടായിരുന്ന സൗഹൃദമാണ് മുൻവൈരാഗ്യത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്.
2016 ഒക്ടോബർ 7-ന് മാതാപിതാക്കൾക്കൊപ്പം വീടിനു സമീപം നിൽക്കവെയാണ് വിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനിടയിൽ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ അമ്മ ബിന്ദു, ബന്ധു ലൈല എന്നിവർ ആശുപത്രിയിൽ കഴിയവേ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആക്രമണം സംബന്ധിച്ച കൃത്യമായ വിവരങ്ങളാണ് ഇവർ നൽകിയത്.
ഒന്നു മുതൽ 7 വരെയുള്ള പ്രതികളുടെ വസ്ത്രങ്ങളിലും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളിലും രക്തത്തിന്റെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. കൂടാതെ പ്രതികളുടെ വസ്ത്രങ്ങളിൽ വിഷ്ണുവിന്റെയും പരുക്കേറ്റ ബിന്ദുവിന്റെയും ലൈലയുടെയും രക്തം ഉണ്ടെന്ന് ഡിഎൻഎ പരിശോധനയിലും തെളിഞ്ഞു.
ഇത് കോടതിയിൽ നിർണായക തെളിവായി മാറി. വെട്ടുകത്തിയും കത്തിയുമാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.
വിഷ്ണുവിന്റെ ശരീരത്തിലേറ്റ 34 മുറിവുകൾ കത്തി ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പ്രതികൾക്ക് കുരുക്കായി. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിലേറ്റ ഗുരുതര പരുക്കുകൾ ഡോക്ടറും സ്ഥിരീകരിച്ചു.
വിഷ്ണുവിന്റെ ബന്ധുവായ സജിത മൊഴിമാറ്റിയതിനെ തുടർന്നാണ് ഡിനി ബാബുവിനെയും ജയനെയും വിട്ടയച്ചതെന്ന് വിധി വന്ന ശേഷം പ്രോസിക്യൂഷൻ പ്രതികരിച്ചു. പ്രതികൾക്കെതിരെ നഗരത്തിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
ഒന്നാം പ്രതിയായ അരുണിനെതിരെ 19 കേസുകളും ഡിനി ബാബുവിനെതിരെ 14 കേസുകളുമാണുള്ളത്. ആകെ 13 പ്രതികളുണ്ടായിരുന്ന കേസിൽ 9 മുതൽ 13 വരെയുള്ളവരെ കോടതി വെറുതേവിട്ടു.
8-ാം പ്രതിയായ സുരേഷ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ അരുൺ, തോട്ടരികത്ത് വീട്ടിൽ ലല്ലു, തോട്ടുവരമ്പിൽ വീട്ടിൽ രാജേഷ് (പൂച്ച രാജേഷ്), കലാകൗമുദി റോഡ് മുടമ്പിൽ വീട്ടിൽ സനൽ കുമാർ (സഞ്ജു), കുളവരമ്പിൽ വീട്ടിൽ ശ്രീനാഥ് (ബോൾജി), പട്ടം പിടി ചാക്കോ നഗർ മഠത്തുവിളാകം വീട്ടിൽ വിജീഷ് (വിഷ്ണു), കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ മനു (ഷെട്ടി മനു) എന്നിവരാണു കുറ്റക്കാരായി കണ്ടെത്തിയവർ.
വിധി കേൾക്കാൻ വിഷ്ണുവിന്റെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. കുറ്റക്കാരായ പ്രതികളെ ജയിലിലേക്ക് മാറ്റി.
ഡിനി ബാബു, ജയൻ, അജേഷ്, ഉണ്ണിക്കൃഷ്ണൻ, ദിലീപ് എന്നിവരെയാണ് കോടതി വെറുതേവിട്ടത്. വിസ്താര വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 48 സാക്ഷികളെ വിസ്തരിക്കുകയും 144 രേഖകളും 34 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ വി.സാജൻ പ്രസാദ് ഹാജരായി. എന്നാൽ കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് വിഷ്ണുവിന്റെ പിതാവ് എ.
അനിൽ കുമാർ രംഗത്തെത്തി. “വിധിയിൽ തൃപ്തനല്ല.
മകനെ കൊല്ലാൻ ആഹ്വാനം ചെയ്ത ഡിനി ബാബുവിനെയും ജയനെയും വിട്ടയച്ചതിൽ ദുഃഖമുണ്ട്. മേൽക്കോടതിയെ സമീപിക്കും.” – അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

