ഫുട്ബോൾ താരം ലിയോണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിൽ ഉയർന്നു വന്നിരിക്കുന്ന പ്രശ്നങ്ങളൊന്നും തന്നെ ആ ഘട്ടത്തിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്ത് തരത്തിലുള്ള അന്വേഷണമാണ് നടക്കുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും, മന്ത്രിക്ക് സ്പെയിനിൽ പോകാൻ പ്രത്യേക കരാറുകൾ ഒന്നും ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ വിവാദങ്ങൾ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണോ എന്ന് സംശയമുണ്ടെന്നും, തനിക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഔദ്യോഗികമായി തനിക്ക് കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും, അന്ന് കായിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലിയോണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സർക്കാരിന് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന വാദങ്ങളെ ഖണ്ഡിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സർക്കാരിന് സാമ്പത്തിക നഷ്ടത്തിന് പുറമെ മറ്റ് പല ബാധ്യതകളും ഈ ഇടപാടുകൾ മൂലം ഉണ്ടാതായി വ്യക്തമാകുന്നുണ്ട്. കായികരംഗത്ത് കേരളത്തിന് തന്നെ ഇത് വലിയ തോതിൽ ചീത്തപ്പേരുണ്ടാക്കി.
സ്വകാര്യ കരാർ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കിയതോടെ വിഷയം നിയമവ്യവഹാരങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യമാണ് ഉള്ളത്. ഭരണസംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായെന്നും, കേന്ദ്ര ഏജൻസികളുടെ കടന്നുവരവിന് വഴിയൊരുക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായതെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സർക്കാർ സംവിധാനങ്ങൾ ചട്ടങ്ങൾ മറികടന്ന് ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. മുൻമന്ത്രി അബ്ദുറഹ്മാൻ്റെ വാദങ്ങളെ തള്ളി കായികമന്ത്രി ഒ ജെ ജെനീഷ് രംഗത്തെത്തിയിരുന്നു.
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും, ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള ബോധപൂർവ്വമായ ഇടപെടലുകൾ നടന്നുവെന്നും മന്ത്രി ഡൽഹിയിൽ വ്യക്തമാക്കി. സർക്കാരിന് പണം നഷ്ടമായിട്ടില്ലെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.
വെറും 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ പശ്ചാത്തലം പോലും പരിശോധിക്കാൻ തയ്യാറായില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ സർക്കാറിന്റെ നടപടിക്രമങ്ങൾ (റൂൾസ് ഓഫ് പ്രൊസിജ്യർ) പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടിലെ ദുരൂഹത വ്യക്തമാക്കുന്ന ‘അമീറ’ ആരാണെന്ന കാര്യത്തിൽ മുൻമന്ത്രി വ്യക്തത വരുത്തണമെന്ന് മന്ത്രി ഒ ജെ ജെനീഷ് ആവശ്യപ്പെട്ടു. അതൊരു ദുരൂഹമായ പേരാണെന്നും അത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻമന്ത്രിയുടെ വിദേശയാത്രയ്ക്കായി സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്കായി 14 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.
മുൻമന്ത്രി സർക്കാരിനെ നോക്കുകുത്തിയാക്കി മാറ്റുകയായിരുന്നു. 126 കോടി രൂപ നഷ്ടപ്പെട്ടതായി പറയുന്ന സ്പോൺസർ ആ തുക തിരിച്ചുപിടിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും, എന്തുകൊണ്ട് ഇതുവരെ പരാതി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്പോൺസറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട യാതൊരുവിധ മാനദണ്ഡങ്ങളും ഔദ്യോഗിക ഫയലുകളിൽ ലഭ്യമല്ല.
ലാഭവിഹിതം ആർക്കാണ് ലഭിക്കുക എന്നതിലും വ്യക്തതയില്ല. മുൻമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് മുൻ മുഖ്യമന്ത്രി അറിഞ്ഞിരുന്നോ എന്ന് പരിശോധിച്ച് പറയേണ്ടതുണ്ടെന്നും, സ്വാഭാവികമായും അറിയേണ്ട
കാര്യം തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

