പയ്യന്നൂർ ∙ സഹോദരങ്ങളായ വിഷ്ണു പ്രസാദ് പയ്യന്നൂരും ശ്രീഹരി പയ്യന്നൂരും 10 വർഷമായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വാദ്യ രംഗത്തെ സ്ഥിരം സാന്നിധ്യമാണ്. പയ്യന്നൂർ അമ്പലത്തിലെ പാരമ്പര്യവാദ്യ അടിയന്തിരക്കാരനായ പൊങ്ങലാട്ട് ഭാഗ്യേഷ് മാരാരുടെ മക്കളാണിവർ.
ആദ്യ ഗുരുനാഥൻ പിതാവ് തന്നെയാണ്. മഡിയൻ രാധാകൃഷ്ണ മാരാരുടെ കീഴിൽ തായമ്പക അഭ്യസിച്ച് 2014ൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു.
സ്കൂൾ പഠന കാലത്ത് വിഷ്ണു പ്രസാദ് ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും കലോത്സവത്തിൽ സംസ്ഥാന തലത്തിൽ തായമ്പകയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.
ശ്രീഹരി രണ്ടു വർഷം തുടർച്ചയായി ജില്ലാ കലോത്സവത്തിൽ തായമ്പകയിലും ചെണ്ടമേളത്തിലും എ ഗ്രേഡ് നേടി. 2023ൽ ചെറുതാഴം ദിലീപ് മാരാരുടെ ശിക്ഷണത്തിൽ തിമില പഠിച്ച് പയ്യന്നൂർ പെരുമാളുടെ ആരാധനയ്ക്കു പഞ്ചവാദ്യത്തിൽ ആശാന്മാരുടെ കൂടെ പങ്കെടുക്കാൻ തുടങ്ങി.
ഇപ്പോൾ കണ്ണൂർ –കാസർകോട് ജില്ലകളിലെ വിവിധ വാദ്യ പരിപാടികളിൽ വാദ്യോപാസന നടത്തുന്നു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അടിയന്തിര വാദ്യ ചിട്ടകളും ഇടയ്ക്കയും രണ്ടു പേരും പിതാവിന്റെ കീഴിൽ അഭ്യസിച്ചുവരുന്നു.
നാളെ ക്ഷേത്രത്തിൽ വിഷ്ണു പ്രസാദ് തായമ്പക അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു പ്രസാദ് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥിയും ശ്രീഹരി കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർഥിയുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

