ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമയും പുത്തൻ താരോദയം തിലക് വർമയും പുതിയ ‘ഇന്നിങ്സിന്’ തുടക്കമിടുന്നു. പ്രമുഖ താരമായ ശ്രേയസ് അയ്യരുടെ പിതാവ് സന്തോഷ് അയ്യരും ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) കോച്ച് അഭിഷേക് മോഹൻ നായരും ഇവർക്കൊപ്പമുണ്ട്.
ക്രിക്കറ്റ് പോലെതന്നെ പ്രവചനങ്ങൾക്ക് ഒരിക്കലും പിടികൊടുക്കാത്ത ഓഹരി വിപണിയുടെ ലോകത്താണ് ഇവരുടെ ചുവടുവയ്പ്; അതും കഴിഞ്ഞ ഏതാനും നാളുകളായി നിക്ഷേപകരുടെ മനസ്സുനിറച്ച് ‘കിടിലൻ’ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന കമ്പനിയുടെ ഓഹരിയിലേക്ക്.
സ്വരാജ് സ്വൂട്ടിങ് ലിമിറ്റഡ് എന്ന വസ്ത്ര നിർമാണക്കമ്പനിയാണ് രോഹിത് ശർമ, തിലക് വർമ തുടങ്ങിയവർ ഉൾപ്പെടെ കമ്പനിയുടെ പുതിയ ‘ഓഹരി ഉടമകൾ’ ആകാൻപോകുന്ന 198 പേരുടെ ലിസ്റ്റ് പുറത്തുവിട്ടത്.
കമ്പനി കഴിഞ്ഞദിവസം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിലെ ആദ്യ പേരുകാരൻ രോഹിത് ശർമയാണ്. സന്തോഷ് അയ്യരാണ് ലിസ്റ്റിൽ രണ്ടാമത്.
അഭിഷേക് മോഹൻ നായർ നാലാമതും തിലക് വർമ അഞ്ചാമതുമാണ്.
നാംബൂരി താക്കൂർ തിലക് വർമ (NAMBOORI THAKUR TILAK VERMA) എന്നാണ് തിലക് വർമയുടെ പേര് സൂചിപ്പിച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 236 രൂപ വീതം ആകെ 43,76,500 ഓഹരികൾ ‘പ്രിഫറൻഷ്യൽ ഇഷ്യൂ’ വഴി വിറ്റഴിക്കാൻ ഒരുങ്ങുകയാണ് സ്വരാജ് സ്യൂട്ടിങ് ലിമിറ്റഡ്.
ആകെ 103.28 കോടി രൂപ കമ്പനി ഇതുവഴി സമാഹരിക്കും. പുതുതായി ഓഹരികൾ സൃഷ്ടിച്ച്, യോഗ്യരായവർക്ക് നൽകുന്ന മാർഗമാണ് പ്രിഫറൻഷ്യൽ ഇഷ്യൂ.
നിലവിൽ എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരിവില 272.50 രൂപയാണ് (വെള്ളി ഉച്ചയ്ക്ക് 12 വരെയുള്ള വ്യാപാരപ്രകാരം).
ഇതിനേക്കാൾ കുറഞ്ഞവിലയ്ക്കാണ് ഓഹരി സ്വന്തമാക്കാമെന്നതാണ് നിക്ഷേപകർക്ക് പ്രിഫറൻഷ്യൽ ഇഷ്യൂവിൽ പങ്കെടുക്കുന്നത് കൊണ്ടുണ്ടാകുന്ന നേട്ടം. രോഹിത് ശർമ, തിലക് വർമ, അഭിഷേക് നായർ, സന്തോഷ് അയ്യർ എന്നിവർ 11,000 വീതം ഓഹരികളാണ് വാങ്ങുന്നത്.
അതായത് 25.96 ലക്ഷം രൂപവീതം നിക്ഷേപം.
2022 മുതൽ ഇതിനകം നിക്ഷേപകർക്ക് 920 ശതമാനം നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയാണ് ചെറുകിട ഇടത്തരം സംരംഭ (എസ്എംഇ) വിഭാഗത്തിലുള്ള സ്വരാജ് സ്യൂട്ടിങ് ലിമിറ്റഡ്.
കഴിഞ്ഞ ഒരുവർഷത്തെ നേട്ടം 16%. മൂന്നുമാസത്തിനിടെ 53 ശതമാനവും ഒരുമാസത്തിനിടെ 40 ശതമാനവും നേട്ടം ഓഹരി നൽകി.
അതേസമയം, ഇന്ന് ഓഹരിവിലയുള്ളത് 2.8% നഷ്ടത്തിലാണ്.
പ്രിഫറൻഷ്യൽ ഇഷ്യൂവിന് പുറമേ 67,97,000 കൺവെർട്ടിബിൾ വാറന്റുകളും സ്വരാജ് സ്യൂട്ടിങ് ലിമിറ്റഡ് വിറ്റഴിക്കുന്നുണ്ട്. ഇതിനും വില 236 രൂപ വീതം.
സമാഹരിക്കുന്നത് 160.40 കോടി രൂപ. നിശ്ചിത കാലാവധിക്ക് ശേഷം ഓഹരികളാക്കി മാറ്റാവുന്നവയാണ് കൺവെർട്ടിബിൾ വാറന്റുകൾ.
ഇന്നത്തെ ഓഹരിവില പ്രകാരം 597.58 കോടി രൂപയാണ് സ്വരാജ് സ്യൂട്ടിങ് ലിമിറ്റഡിന്റെ വിപണിമൂല്യം. ഇന്നലെ രേഖപ്പെടുത്തിയ 287.45 രൂപയാണ് ഓഹരികളുടെ റെക്കോർഡ് വില.
കഴിഞ്ഞ ഏപ്രിലിൽ 138.50 രൂപയായിരുന്ന വിലയാണ് മാസങ്ങൾകൊണ്ട് ഇരട്ടിക്ക് മുകളിലെത്തിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

