കൊച്ചി ∙ നഗരത്തിലും പരിസരത്തും വീണ്ടും പിടിമുറുക്കി ലഹരി സംഘങ്ങൾ. ഇടക്കാലത്ത് എക്സൈസ് പരിശോധനകൾ ഉൾപ്പെടെ സജീവമായിരുന്നതിനാൽ ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങളും കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകൾ അടുത്തതോടെ, എക്സൈസ് പരിശോധനയ്ക്കു കൃത്യമായി ഉന്നത ഇടപെടൽ ഇല്ലെന്നു പരാതിയുണ്ട്.
ഇതോടെ നഗരത്തിലും പരിസരത്തും രാസലഹരി സംഘങ്ങൾ വീണ്ടും ശക്തമാകുന്നു. സാധാരണ സ്ക്വാഡ് പരിശോധനകൾ അല്ലാതെ, പ്രത്യേക എക്സൈസ് സ്ക്വാഡുകളുടെ പരിശോധനകൾ ഇപ്പോൾ സജീവമല്ല.
എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കു കൃത്യമായ പിന്തുണയില്ലെന്നും ആരോപണമുണ്ട്.
കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരം പോലുള്ള ഇടങ്ങൾ ലഹരിസംഘങ്ങളുടെ താവളങ്ങളെന്നു സ്ഥിരം പരാതി ഉയർന്നപ്പോൾ എക്സൈസ് പരിശോധനകളും നടപടികളും സജീവമാക്കിയിരുന്നു. ഇതു തുടരാതിരുന്നതോടെ ലഹരിസംഘങ്ങൾ രാത്രികാലങ്ങളിൽ വീണ്ടും സജീവമാകുകയാണ്.
അർധരാത്രി മുതൽ പുലർച്ചെ വരെ സ്റ്റേഡിയം പരിസരത്തു തമ്പടിക്കുന്ന പല സംഘങ്ങളും എക്സൈസ് അധികൃതരുടെ നിരീക്ഷണത്തിലുണ്ട്. എന്നാൽ, സംഘങ്ങളുടെ തുടർ കണ്ണികളിലേക്ക് എത്താനുള്ള സൗകര്യവും സംവിധാനങ്ങളും എക്സൈസ് വിഭാഗത്തിനു കുറവാണ്.
രാസലഹരി ആവശ്യക്കാരെ നേരിൽ കാണാതെയാണു മിക്കപ്പോഴും ഇടപാടുകാരുടെ പ്രവർത്തനം.
ആവശ്യപ്പെട്ട ലഹരിവസ്തു വച്ചിരിക്കുന്ന സ്ഥലത്തിന്റെ ചിത്രം ഇടപാടുകാർ ഫോണിൽ അയച്ചുകൊടുക്കും.
ലഹരിവസ്തുവിന്റെ പണം ഓൺലൈനായി ലഭിച്ചുവെന്ന് ഇടപാടുകാർക്കു ബോധ്യപ്പെട്ട ശേഷമാണിത്.
ലഹരിവസ്തു ആവശ്യക്കാരനു ലഭിച്ചെന്ന് ഇടപാടുകാർ മനസ്സിലാക്കുന്നതു പലപ്പോഴും വലിയ ആൾക്കൂട്ടത്തിലിരുന്നാകും.
ഇതോടെ ഒരു വ്യക്തിയെയോ, സംഘത്തെയോ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ബുദ്ധിമുട്ടാകും. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ലൊക്കേഷൻ മനസ്സിലാക്കുന്നതിന് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എക്സൈസ് വിഭാഗത്തിനില്ല; പൊലീസിനുള്ള പല ആധുനിക ഉപകരണങ്ങളുമില്ല.
കർശനമായ എക്സൈസ് പരിശോധനകൾക്കും നടപടികൾക്കും വകുപ്പിന്റെ ആധുനികവൽക്കരണത്തിനും ഊർജിത നടപടിയില്ലെങ്കിൽ സ്ഥിതി വീണ്ടും ഗുരുതരമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

