മൂവാറ്റുപുഴ ∙ ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ച് 11 പേർക്ക് പരുക്കേറ്റു. ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി എം.
റെമി (49), ബസ് ഡ്രൈവർ ഗൗതം കുമാർ (30) ആന്ധ്ര ചിറ്റൂരിൽ നിന്നുള്ള ശബരിമല തീർഥാടകരായ ബാലാജി (27), വെങ്കിടേഷ് (35), മോഹൻ ബാബു (22), ഗോവിന്ദൻ (30), ചന്ദ്ര റെഡ്ഡി (30) ശ്രിനിവാസലു (22), ഉമാപതി (41) ദുപിക (8) ഉദയകുമാർ (36) എന്നിവർക്കാണു പരുക്കേറ്റത്.
തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവർ റെമി, ബസ് ഡ്രൈവർ ഗൗതം കുമാർ എന്നിവരെ ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബസിൽ 2 കുട്ടികൾ ഉൾപ്പെടെ 33 തീർഥാടകർ ആണ് ഉണ്ടായിരുന്നത്.
നിസ്സാര പരുക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
ഇന്നലെ പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ തൃക്കളത്തൂരിലാണ് അപകടം ഉണ്ടായത്. തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് റോഡിനോടു ചേർത്ത് നിർത്താൻ തയാറെടുക്കുന്നതിനിടെ പിന്നാലെ അമിത വേഗത്തിൽ എത്തിയ ലോറി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ 50 അടിയോളം മുന്നോട്ടു കുതിച്ച ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിടിച്ചു തെറിപ്പിച്ച ശേഷം സമീപത്തുള്ള ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ റോഡരികിലുള്ള കനാലിലേക്കു പതിച്ചില്ല.
കെഎസ്ഇബിയിൽ ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചതും വൻ ദുരന്തം ഒഴിവാക്കി. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പരുക്കേറ്റവരെ അഗ്നിരക്ഷാ സേന സബൈൻ ആശുപത്രിയിൽ എത്തിച്ചു. പരുക്കുകൾ ഗുരുതരമായതിനാൽ റെമിയെയും ഗൗതംകുമാറിനെയും ആലുവയിലെ ആശുപത്രിയിലേക്കു മാറ്റി.
ക്രെയിനിന്റെ സഹായത്തോടെയാണു ലോറി റോഡിൽ നിന്നു നീക്കിയത്. വെള്ളം പമ്പ് ചെയ്ത് റോഡിലെ അപകടത്തിനു ശേഷം ഉണ്ടായ അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്തതോടെയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

