1– ബിജെപിയിൽ നിന്ന് യുഡിഎഫിലേക്ക്
എറവ്∙ കഴിഞ്ഞ 2 തവണ അരിമ്പൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ആശാപ്രവർത്തക കൂടിയായ ശശിന്ദ്ര അനിൽകുമാർ ഇത്തവണ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അതേ വാർഡിൽ മത്സരിക്കുന്നു. 2 തവണ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ബിജെപിയിൽ നിന്ന് പരിഗണന ലഭിച്ചില്ലെന്നു ശശിന്ദ്ര പറയുന്നു.
കോൺഗ്രസ് അരിമ്പൂർ മണ്ഡലം ഓഫിസിൽ വച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെൻസൻ ജയിംസിന്റെ നേതൃത്വത്തിൽ ശശിന്ദ്രയെ ഷാളണിയിച്ച്പ്രവർത്തകർ സ്വീകരിച്ചു.
2– കോൺഗ്രസിൽ നിന്ന് ബിഡിജെഎസിലേക്ക്
പെരുമ്പിലാവ് ∙ യുഡിഎഫിനെ പ്രതിനിധീകരിച്ചു 10 വർഷം പഞ്ചായത്ത് അംഗവും 5 വർഷം കടവല്ലൂർ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായിരുന്ന എം.കെ.രാജേഷ് കോൺഗ്രസ് പാർട്ടി വിട്ടു. ബിഡിജെഎസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി 15ാം വാർഡായ പെരുമ്പിലാവിൽ നിന്നു മത്സരിക്കാൻ ഇദ്ദേഹം പത്രിക സമർപ്പിച്ചു.
2015ൽ കടവല്ലൂർ വടക്കുമുറിയിൽ നിന്നും 2020ൽ വട്ടമാവിൽ നിന്നും കോൺഗ്രസ് സീറ്റിൽ മത്സരിച്ചു ജയിച്ചിരുന്നു. ഇത്തവണ സീറ്റ് നിഷേധിച്ചതാണ് കോൺഗ്രസ് വിടാൻ കാരണമെന്നു രാജേഷ് പറയുന്നു.
3–ബിജെപി വിട്ട് സ്വതന്ത്രനാവുന്നു
ഗുരുവായൂർ ∙ ബിജെപി തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയംഗവും മുൻ നഗരസഭ കൗൺസിലറുമായ കെ.കെ.സുമേഷ്കുമാർ ബിജെപി വിട്ടു.
സ്വതന്ത്ര സ്ഥാനാർഥിയായി നഗരസഭയിലെ 34–ാം വാർഡിൽ (ഹൈസ്കൂൾ) നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചു. സ്ഥാനാർഥി നിർണയത്തിൽ ബിജെപി നേതൃത്വം സ്വാർഥതാൽപര്യങ്ങൾക്കും സാമുദായിക സമ്മർദ്ദങ്ങൾക്കും വഴങ്ങിയതായി സുമേഷ്കുമാർ ആരോപിച്ചു. കെ.കരുണാകരൻ രൂപീകരിച്ച ഡിഐസി പാർട്ടിയിലൂടെ നഗരസഭ കൗൺസിലറായ സുമേഷ്കുമാർ ഡിഐസി കോൺഗ്രസിൽ ലയിച്ചപ്പോൾ കേരള കോൺഗ്രസിൽ (ബി) ചേർന്നു ജില്ലാ പ്രസിഡന്റ് ആയിരുന്നു.
അവിടെ നിന്നു രാജിവച്ചാണ് 14 കൊല്ലം മുൻപ് ബിജെപി അംഗമായത്.
4– ലീഗിൽ നിന്നു സ്വതന്ത്രനാകുന്നു
പാവറട്ടി ∙ പഞ്ചായത്തിൽ മുസ്ലിം ലീഗ് നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ച് ലീഗ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി രംഗത്ത്. മുസ്ലീം ലീഗ് പഞ്ചായത്ത് കൗൺസിലറും പോഷക സംഘടനകളായ എസ്ടിയു ജില്ലാ ട്രഷറർ, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്ന മുഹമ്മദ് സിംലയാണ് ലീഗിൽ നിന്ന്സ്വതന്ത്രനായി പത്രിക നൽകിയത്.
പതിനാലാം വാർഡിലേക്കാണ് നാമനിർദേശ പത്രിക നൽകിയത്. പാർട്ടി നേതാക്കളുടെ രാഷ്ട്രീയ കച്ചവടത്തിനെതിരെയും ഏകാധിപത്യ പ്രവണതയ്ക്കെതിരെയും പ്രതിഷേധിച്ചാണ് നടപടിയെന്ന് മുഹമ്മദ് സിംല പറഞ്ഞു.
5– സിപിഎം നേതാവ് കോൺഗ്രസിൽ
പാവറട്ടി ∙ പാവറട്ടിയിൽ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു.
സിപിഎം പെരിങ്ങാട് ബ്രാഞ്ച് കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി അംഗവും കേരള കർഷക സംഘം മുൻ പ്രസിഡന്റുമായ റിട്ട.അധ്യാപകൻ കെ.പി.ജോസഫാണ് കോൺഗ്രസിലെത്തിയത്. വർഗീയ ശക്തികൾക്ക് കീഴ്പ്പെടുന്ന സിപിഎമ്മിന്റെ നയവ്യതിയാനത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ ചേരുന്നതെന്ന് കെ.പി.ജോസഫ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
തൃശൂരിലും സ്ഥാനാർഥി വിനുവിന് വോട്ടില്ല!
തൃശൂർ ∙ കോർപറേഷൻ നെടുപുഴ ഡിവിഷനിലെ എൻഡിഎയുടെ ബിഡിജെഎസ് സ്ഥാനാർഥി വിനു സുരേഷിന് വോട്ടില്ല! പത്രിക സമർപ്പിക്കാൻ ഇന്നലെ രാവിലെ വോട്ടർപട്ടികയുടെ കോപ്പി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് പേരില്ലെന്ന് കണ്ടെത്തിയത്.
എന്നാൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും അടക്കമുള്ള 7 പേരുകൾ ലിസ്റ്റിൽ അടുത്തടുത്തായി ഉണ്ട്. തന്റെ പേരു മാത്രമാണ് വെട്ടിനീക്കിയതെന്നും നേരത്തേ, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്നുവെന്നും വിനു പറഞ്ഞു. ഫ്ലെക്സും നോട്ടിസും തയാറാക്കലും വീടുകൾ കയറിയുള്ള ആദ്യഘട്ട പ്രചാരണവും കഴിഞ്ഞിരുന്നു.
എറിയാട് സിപിഐയിൽ തർക്കം രൂക്ഷം
കൊടുങ്ങല്ലൂർ ∙ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സിപിഐ എറിയാട് ലോക്കൽ സെക്രട്ടറി ഷാഹിദ് അബ്ദുല്ല രാജിവച്ചു.
കമ്മിറ്റി അംഗം എം.എം.നിസാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ സിപിഐ മത്സരിക്കുന്ന നാലു ഡിവിഷനുകളിൽ അത്താണി ഡിവിഷനിലെ സ്ഥാനാർഥിയെ നിശ്ചയിച്ചതിലെ തർക്കമാണ് രാജിയിൽ കലാശിച്ചത്. പ്രവർത്തകരുടെ വികാരം മാനിക്കാതെ അത്താണി ഡിവിഷനിൽ സ്ഥാനാർഥിയെ മണ്ഡലം കമ്മിറ്റി അടിച്ചേൽപിച്ചതാണെന്നു ഷാഹിദ് അബ്ദുല്ല പറഞ്ഞു. ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് സെക്രട്ടറി ഇറങ്ങി പോയിരുന്നു. യുവകലാസാഹിതി ഭാരവാഹി കൂടിയായ നിസാറിനെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് പുറത്താക്കിയത്. കൂളിമുട്ടം ഡിവിഷനിലെ സ്ഥാനാർഥി നിർണയത്തിലും മതിലകം ലോക്കൽ കമ്മിറ്റിയിൽ ഭിന്നത രൂക്ഷമായിരുന്നു.
യുഡിഎഫ് സ്ഥാനാർഥിയുടെ ഓഫിസ് തകർത്തു
തൃശൂർ ∙ കോർപറേഷൻ യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തകർത്തു.
ഇന്നലെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോർപറേഷൻ 23–ാം ഡിവിഷൻ മിഷൻ ക്വാർട്ടേഴ്സ് സ്ഥാനാർഥി ബൈജു വർഗീസിന്റെ ഓഫിസ് തകർത്തിരിക്കുന്നത്. ചില്ലുവാതിലും അകത്തെ മേശ, കസേര, ഫാൻ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ചുമരിലും മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടിയിട്ടുണ്ട്.
മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ക്യാമറകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബൈജു വർഗീസ് പരാതി നൽകി.
പൊലീസ് പരിശോധന നടത്തി. സംഭവത്തിൽ രാഷ്ട്രീയമുണ്ടോ എന്നു വ്യക്തമല്ലെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ബൈജു വർഗീസ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

