ആലപ്പുഴ ∙ വോട്ടു തേടിയിറങ്ങിയ 2 സ്ഥാനാർഥികൾക്കും അങ്കണവാടിയിലേക്കു പോകാനിറങ്ങിയ നാലുവയസ്സുകാരനുമുൾപ്പെടെ രണ്ടിടങ്ങളിലായി 11 പേർക്കു തെരുവുനായയുടെ കടിയേറ്റു. ഒരു സ്ത്രീയുടെ വിരലിന്റെ ഭാഗം നായ കടിച്ചെടുത്തു. മണ്ണഞ്ചേരി റോഡ്മുക്കിലും പരിസരത്തുമായി 10 പേരെയും ചേർത്തല ചക്കരക്കുളം മാമ്പല ഭാഗത്ത് ഒരാളെയുമാണു നായ കടിച്ചത്.
റോഡ്മുക്കിൽ നാട്ടുകാരെ ആക്രമിച്ച തെരുവുനായയെ പിന്നീടു ചത്തനിലയിൽ കണ്ടെത്തി. ഈ നായ മണ്ണഞ്ചേരി പഞ്ചായത്ത് 10ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സുധർമയുടെ കാലിൽ കടിച്ചു.മാമ്പല ഭാഗത്ത് ആക്രമണം നടത്തിയ നായ ചേർത്തല നഗരസഭ ചക്കരക്കുളം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഹരിതയെ കടിച്ചു.
കഴുത്തിൽ പരുക്കേറ്റ ഹരിതയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
സോപ്പുപൊടി വിൽക്കാൻ വീടുകൾ കയറുന്നതിനിടെ റോഡ്മുക്ക് കന്നികോണിൽ ബീമയ്ക്കു (65) നേരെ നായ പാഞ്ഞടുത്തു. കല്ലെടുക്കാൻ കുനിയുന്നതിനിടെ ചെറുവിരലിന്റെ അഗ്രം നായ കടിച്ചെടുത്തു.
നാലു വിരലുകളിലും കടിയേറ്റിട്ടുണ്ട്. ബീമയെ ജനറൽ ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.റോഡ്മുക്കിനു സമീപമാണ് അങ്കണവാടി വിദ്യാർഥി അഞ്ജൽ അനീഷ് (4) നായയുടെ ആക്രമണത്തിനിരയായത്.
കുട്ടിയുടെ കയ്യിൽ കടിച്ചു വലിച്ചിഴയ്ക്കുകയായിരുന്നു. മാതാവും ബന്ധുക്കളും ഓടിയെത്തിയാണു രക്ഷപ്പെടുത്തിയത്.
കാലായ്ക്കൽ ശ്രീരാമകൃഷ്ണ ക്ഷേത്രത്തിനു സമീപം രാവിലെ ആറരയ്ക്കു പത്രവിതരണത്തിനിടെ വടക്കനാര്യാട് പുലിക്കാട്ടിൽ അതുൽ കൃഷ്ണയ്ക്കാണ് (18) ആദ്യം തെരുവുനായയുടെ കടിയേറ്റത്.
ഏഴുമണിയോടെ കടയിലേക്കു നടന്നുപോയ തിരുമല വാർഡ് ചിറയിൽ മോബിൻ വർഗീസിനെ (33) പിന്നിലൂടെയെത്തിയ നായ മുട്ടിനു താഴെ കടിച്ചു. മകളുടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് നഫ്യാനവെളിയിൽ അബ്ദുൽ നാസർ (63) ആക്രമണം നേരിട്ടത്. മുണ്ട് കടിച്ചുകീറിയാണു കാലിൽ കടിച്ചത്.
വീടുപണി നടക്കുന്ന സ്ഥലത്തു നിൽക്കുമ്പോൾ കാളാത്ത് സ്വദേശി സതീശിനെയും (57) പിന്നിൽ നിന്നെത്തി നായ കടിക്കുകയായിരുന്നു.
കാലിൽ രണ്ടിടത്തു കടിയേറ്റു. റോഡ്മുക്ക് വാലയിൽ ഗീത (56), കാട്ടുവേലിക്കകത്ത് ബിന്ദു എന്നിവർക്കും കടിയേറ്റു. എല്ലാവരെയും ജനറൽ ആശുപത്രിയിലെത്തിച്ചു പ്രതിരോധ കുത്തിവയ്പെടുത്തു.ഈ ഭാഗത്തു തെരുവുനായശല്യം രൂക്ഷമാണെന്നു വ്യാപക പരാതിയുണ്ട്.
തെരുവുനായ്ക്കളുടെ കൂട്ടം ഇരുചക്രവാഹന യാത്രക്കാരെയും വഴിയാത്രക്കാരെയും ആക്രമിച്ച സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

