തിരുവനന്തപുരം∙ ‘‘സര്, കൈക്കൂലി കൊടുത്തു മടുത്തു. ഇനി പിടിച്ചുനില്ക്കാന് വയ്യ.
ഇയാള്‍ക്കും കൂടെയുള്ളവര്‍ക്കും പണം കൊടുത്തില്ലെങ്കില്‍ എങ്ങനെയെങ്കിലും ഞങ്ങളെ കുടുക്കും. അങ്ങനെ വന്നാല്‍ ആത്മഹത്യയല്ലാതെ ഞങ്ങള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗമില്ല.
ഞാന്‍ വിളിച്ചത് സര് ആരോടും പറയരുത്’’ – എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവിന്റെ മൊബൈലിലേക്കു വന്ന ഈ ഫോണ്‍ കോളില്‍നിന്നാണ് ഓപ്പറേഷന് ബിജാപുര്‍ തുടങ്ങിയതും ഡപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെ കുടുങ്ങിയതും. ഫോണ്‍ ചെയ്ത ആളെ തിരിച്ചു ബന്ധപ്പെട്ടു ധൈര്യം നല്കി കമ്മിഷണറും ടീമും വിശദമായ പരാതി വാട്സാപ്പില്‍ വാങ്ങി.
സമാനമായി എക്സൈസ് മന്ത്രി എം.ലിജുവിനും പരാതികള്‍ കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വ തെളിവുകളും ശേഖരിച്ചു പഴുതടച്ചുള്ള റെയ്ഡിലേക്കു കാര്യങ്ങള്‍ നീങ്ങിയത്.
കോട്ടയം എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എസ്.അശോക് കുമാറിനെതിരെയാണ് എക്സൈസ് മേധാവിയുടെ മൊബൈലിലേക്ക് കോട്ടയത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ തെളിവുകളും സൂചനകളും നിരത്തി സങ്കടഹര്‍ജി നല്‍കിയത്. പരാതി പരിഹരിക്കേണ്ടയാള്‍ പ്രതിയാവുമ്പോള്‍ കരുതലോടെ നീങ്ങണമെന്ന ബോധ്യത്തിലായിരുന്നു എക്സൈസ് കമ്മിഷണര്‍.
സാംബശിവ റാവു ചുമതലയേറ്റതിനു പിന്നാലെ അശോക് കുമാറിനെതിരെ ചില പരാതികള്‍ ലഭിച്ചിരുന്നെങ്കിലും തെളിവുകള്‍ സഹിതം ഇത്രയും കൃത്യതയോടെ ആദ്യമായാണു വിവരം ലഭിച്ചത്. കരിങ്കട
ജോസി എന്ന ആളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതെന്നും വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണു പരാതി പിന്തുടര്ന്നു നേരിട്ടു പരിശോധിക്കാന്‍ എക്സൈസ് കമ്മിഷണര്‍ തീരുമാനിച്ചത്.
പരമ്പരാഗത പരിശോധനാ, ആശയവിനിമയ രീതികള്‍ സ്വീകരിച്ചാല്‍ കുറ്റാരോപിതര്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ തീര്‍ത്തും രഹസ്യ സ്വഭാവത്തോടെയായിരുന്നു ഓപ്പറേഷന് ബിജാപുര്‍ നടപടികള്‍. അതീവ രഹസ്യനീക്കത്തിന്റെ ഭാഗമായി ആരെയും അറിയിക്കാതെയായിരുന്നു കമ്മിഷണറുടെ കോട്ടയത്തേക്കുള്ള യാത്ര.
കൊല്ലം വരെ പോയി വരാമെന്നായിരുന്നു തിരുവോണപ്പിറ്റേന്ന് ഡ്രൈവറോടും ഗണ്‍മാനോടും എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു പറഞ്ഞത്. വണ്ടി കൊല്ലത്തേക്കു പുറപ്പെട്ടു.
കൊല്ലത്ത് പേരിനൊരു പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം വണ്ടി നേരെ കോട്ടയത്തേക്ക്. എക്സൈസ് കമ്മിഷണര്‍ കോട്ടയത്ത് എത്തിയ വിവരം രഹസ്യമായി സൂക്ഷിച്ചു.
ഔദ്യോഗിക ഇടങ്ങളിലൊന്നും താമസിക്കാതെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയായിരുന്നു വിവരശേഖരണം. വിവരം നല്‍കിയവരോടു താമസ സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു.
ഫോണിലൂടെ നല്കിയ സൂചനകളും തെളിവുകളും സംബന്ധിച്ച് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അശോക് കുമാറിന് ഉള്‍പ്പെടെ സ്ഥിരമായി പണവും, പാരിതോഷികങ്ങളും വസ്ത്രം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ഇടനിലക്കാര്‍ വഴി ഒഴുകുന്നതിന്റെ കൃത്യമായ തെളിവ് എക്സൈസ് കമ്മിഷണര്‍ ശേഖരിച്ചു.
ഓണം പോലുള്ള അവസരങ്ങളില്‍ പ്രത്യേക വിഭവസമാഹരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. തുടര്‍ന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ബാറുകളില്‍ നേരിട്ടെത്തി മാസപ്പടി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.
ഓഗസ്റ്റ് 28 ന് ഓണാവധി ഒഴിവാക്കി എക്സൈസ് വിജിലന്‍സ് എസ്.പി. ബി.കൃഷ്ണകുമാര്‍ രാത്രി കോട്ടയത്തെത്തി സംഘത്തിനൊപ്പം ചേര്‍ന്നു.
തുടര്‍ന്ന് കമ്മിഷണര്‍ തൃക്കൊടിത്താനത്തുള്ള ബാറിലെത്തി പാര്ട്ണരുടെയും മാനേജരുടെയും മൊഴിയെടുത്തു. അതിനിടെ ബാറുടമകളെ കൊണ്ടു പതിവുപോലെ വാട്സാപ് കോളിലൂടെ അശോക് കുമാറിനെ വിളിപ്പിച്ചു.
ഓണമല്ലേ ആഘോഷത്തിനു ചെലവേറുമെന്നും ഈമാസം കുറച്ചു കനപ്പെട്ട രീതിയില്‍ സഹായം കിട്ടണമെന്നുമായിരുന്നു മറുപുറത്തുനിന്നുള്ള ആവശ്യം.
ആര്‍ക്കാണു പണം കൈമാറേണ്ടതെന്നും കൃത്യമായി അറിയിച്ചിരുന്നു. ഇതിനിടെ എക്സൈസ് കമ്മിഷണറും വിജിലന്‍സ് ഓഫിസറും ഇടനിലക്കാരനായ കരിങ്കട
ജോസിയുടെ വീട്ടിലെത്തി. ഡപ്യൂട്ടി കമ്മിഷണറുമായുള്ള എല്ലാ ഇടപാടുകളുടെയും ആശയവിനിമയങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചതോടെ സംഘം അശോക് കുമാറിനെ നേരില്‍ കാണാന്‍ തീരുമാനിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് എക്സൈസ് കമ്മിഷണറും വിജിലന്‍സ് എസ്പിയും നേരിട്ട് അശോക് കുമാറിന്റെ ചങ്ങനാശേരിയിലെ വീട്ടിലെത്തിയത്. താങ്കളോടൊരു കാര്യം അന്വേഷിക്കാനുണ്ടെന്നു പറഞ്ഞ് തുടക്കം.
പിന്നീട് അതിവേഗം തെളിവുകള്‍ നിരത്തിയുള്ള വിവരശേഖരണം. താങ്കള്‍ മാസപ്പടി വാങ്ങുന്നതായും ബാറുടമകള്‍ക്കു വഴിവിട്ടു സഹായം ചെയ്യുന്നതായും ചില പരാതികള്‍ കിട്ടിയിട്ടുണ്ടല്ലോ എന്ന എക്സൈസ് കമ്മിഷണറുടെ ചോദ്യത്തിന് അസൂയാലുക്കളും ശത്രുക്കളും പലതും പറയുമെന്നും താന്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെന്നും മറുപടി.
അങ്ങനെയല്ലല്ലോ കാര്യങ്ങളെന്ന് എക്സൈസ് കമ്മിഷണറുടെ മറുചോദ്യം. തന്റെ കൈയില്‍ എല്ലാ തെളിവുകളും ഉണ്ട് താങ്കള്‍ക്കു പറയാനുള്ളത് പറയാമെന്ന് സാംബശിവ റാവു പറഞ്ഞു.
തുടര്‍ന്ന് വിശദമായി മൊഴി രേഖപ്പെടുത്തി. ജില്ലാ ഉദ്യോഗസ്ഥന് മുതല്‍ എക്സൈസ് ബീറ്റ് ഓഫിസര്‍ വരെ മാസപ്പടി വാങ്ങുന്നതിന്റെ രേഖകള്‍ സഹിതായിരുന്നു ചോദ്യം ചെയ്യല്‍.
ആദ്യം എല്ലാം നിഷേധിച്ച ഡപ്യൂട്ടി കമ്മിഷണര്‍ പിന്നീട് വാക്കാന് കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പുലര്‍ച്ചെ 5.30 ന് സംഘം സിവില്‍ എക്സൈസ് ഓഫിസര്‍ എ.എസ്.വൈശാഖിന്റെ കൊല്ലത്തെ വീട്ടിലെത്തി.
എന്നാല്‍ വൈശാഖ് അവിടെ ഉണ്ടായിരുന്നില്ല. വൈശാഖിനോടു പിറ്റേന്ന് എക്സൈസ് കമ്മിഷണറേറ്റില്‍ എത്താന്‍ നിര്‍ദേശിച്ച് കമ്മിഷണര്‍ മടങ്ങി.
കൈക്കൂലി നല്കല് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്മിഷണര്‍ക്കു മുന്നില്‍ തെളിഞ്ഞത്. ബാറുകളുടെ മാനേജര്‍മാരും ഫ്രണ്ട് ഓഫിസ് സ്റ്റാഫുകളുമാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കുന്നതെന്നാണ് ബാര്‍ ഉടമകള്‍ അറിയിച്ചത്.
ആര്‍ക്കൊക്കെയാണു പണം കൈമാറേണ്ടത് എന്നതിന്റെ പട്ടിക ബാറുടമകള്‍ക്കു കൈമാറിയിട്ടുണ്ട്. പ്രധാനമായും വര്‍ഷത്തില്‍ മൂന്നു തവണയാണു പണം വാങ്ങുന്നത്.
ബാര്‍ ലൈസന്‍സ് പുതുക്കല്‍, ഓണം, ക്രിസ്മസ് എന്നീ സമയങ്ങളിലാണു മാസപ്പടി നല്‍കേണ്ടിവരുന്നത്. ഓണക്കാലത്ത് ഡപ്യൂട്ടി കമ്മിഷണര്‍ എത്തി പണം കരിങ്കട
ജോസിക്ക നല്കാന് ആവശ്യപ്പെട്ടിരുന്നു. 15,000 രൂപയാണ് ഇത്തവണ നല്‍കിയത്.
വൈശാഖ് നിരന്തരം ബന്ധപ്പെട്ട് ഓണം കലക്ഷനെക്കുറിച്ചും മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. നാലു കവറുകളിലാക്കി 26,000 രൂപ ഇയാള്‍ക്കു നല്‍കിയെന്നും ബാര്‍ ഉടമകള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് ഓഗസ്റ്റ് 24 ന് ‘സ്ക്വാഡ്’ ആണെന്നു വ്യക്തമാക്കി എത്തിയ ഉദ്യോഗസ്ഥന് 16,000 രൂപയും രണ്ടു കുപ്പി മദ്യവും നല്‍കിയെന്നും ബാര്‍ ഉടമ കമ്മിഷണറെ അറിയിച്ചു. ഡപ്യൂട്ടി കമ്മിഷറുമായി ബന്ധപ്പെട്ട് കരിങ്കട
ജോസി വഴി 55,000 രൂപയാണ് ബാറുടമകളില്‍നിന്നു ശേഖരിച്ചത്. കരിങ്കട
ജോസിയില്നിന്നു തെളിവെടുക്കുന്നതിനിടെ ഡപ്യൂട്ടി കമ്മിഷണര്‍ വാട്സാപ്പില്‍ വിളിച്ച് എക്സൈസ് കമ്മിഷണര്‍ ബാറുകളില്‍ പരിശോധന നടത്തുന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അന്വേഷണ സംഘം റെക്കോഡ് ചെയ്യുകയും ചെയ്തു.
കോട്ടയം എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ മാസപ്പടി സ്വീകരിക്കല്‍ കൈയോടെ പിടികൂടിയതിനു പിന്നാലെ 24 മണിക്കൂറിനുള്ളിലാണ് സസ്പെന്‍ഷനില്‍ തീരുമാനമെടുത്തത്. മറ്റ് ഇടപെടലുകള്‍ ഒഴിവാക്കാന്‍ എക്സൈസ് കമ്മിഷണര്‍ നേരിട്ട് എക്സൈസ് മന്ത്രിയോടു കാര്യത്തിന്റെ ഗൗരവം അറിയിച്ചു.
പിന്നാലെ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെയാണ് കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ നിരത്തിയുള്ള സ്ഥിരീകരണ ദിവസം തന്നെ എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കെതിരായ അച്ചടക്ക നടപടിയും വന്നത്.
കൂട്ടത്തില്‍ ആറ് ഉദ്യോഗസ്ഥരും നടപടിക്കു വിധേയരായി. എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട
സംഭവം അല്ലെന്നാണ് കമ്മിഷണര്‍ക്കു വ്യക്തമായിരിക്കുന്നത്. പല ജില്ലകളിലും സമാനമായ തരത്തില്‍ വന്‍ അഴിമതിയാണു നടക്കുന്നത്.
ഓപ്പറേഷന് ബിജാപുര്‍ അടുത്തത് ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചു നടക്കുമെന്നാണു വിവരം. ഗുരുതര ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ എക്സൈസ് മേധാവിക്കു ലഭിച്ചിട്ടുണ്ട്.
കോട്ടയം ഡിസിയെ പൂട്ടിയ പോലെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് നീക്കം. പണം നല്കി സന്തോഷിപ്പിച്ചാല്‍ എല്ലാ സഹായങ്ങളും നല്കുന്നതു പോലെ പണം നല്കാത്തവരെ നിരന്തരം ഉപദ്രവിക്കുന്നതാണു കൈക്കൂലി സംഘത്തിന്റെ പതിവ്.
മറ്റുള്ളവര്‍ക്കു കൂടി ഇതു പാഠമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എതിര്‍ക്കാന്‍ നില്ക്കുന്നവരുടെ ബാറുകളില്‍ നിരന്തര പരിശോധന നടപടിയെന്നു മുന്നറിയിപ്പ് ആദ്യം നല്‍കും.
ഈ പ്രതിസന്ധി മറികടക്കാന്‍ പല ബാറുടമകളും പിന്നീട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു വഴങ്ങുന്ന സാഹചര്യമാണുള്ളത്. അല്ലാത്തവര്‍ക്കു കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും.
എക്സൈസ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലും ചെറുതും വലുതുമായ ആഘോഷങ്ങളുടെ ചെലവ് തുക പൂര്‍ണമായും വഹിക്കുന്നത് ബാറുടമകളാണെന്നാണു റിപ്പോര്‍ട്ട്. വിശേഷ നാളുകളില്‍ വസ്ത്രവും വിലകൂടിയ മദ്യവും അവശ്യസാധനങ്ങളും സമ്മാനമായി നല്‍കണം.
പലപ്പോഴും സഹായം ഉദ്യോഗസ്ഥരുടെ ബന്ധുക്കളിലേക്കു വരെ നീണ്ടതിന് ബാങ്ക് ഇടപാടുകളുടെ തെളിവുകളും ബാര്‍ ഉടമകള്‍ നിരത്തിയിട്ടുണ്ട്. മേലുദ്യോഗസ്ഥന് വാങ്ങുമ്പോള്‍ പിന്നെ ഞങ്ങളെന്തിനു വാങ്ങാതിരിക്കണമെന്ന ചിന്തയില്‍ കീഴുദ്യോഗസ്ഥരും പതിവായി കൈമടക്ക് വാങ്ങുന്നത് സര്‍വീസിന്റെ ഭാഗമാക്കിയെന്നാണ് ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

