ശബരിമല ∙ തിരക്കു നിയന്ത്രണം പാളിയതോടെ തീർഥാടകരെ പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ തടഞ്ഞു. നിലയ്ക്കൽ മുതൽ എരുമേലി വരെ വാഹനനിരയായി.
പത്തനംതിട്ട ഭാഗത്തുകൂടിയുള്ള വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്.സന്നിധാനത്തെ തിരക്കു നിയന്ത്രിക്കാൻ പുലർച്ചെ മുതൽ പമ്പയിൽ തീർഥാടകരെ തടഞ്ഞു നിർത്തി.
രാവിലെ 8 ആയപ്പോഴേക്കും പമ്പാ മണപ്പുറം തീർഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര അപ്പാച്ചിമേട് വരെ എത്തിയതോടെ നിലയ്ക്കലും വാഹനങ്ങൾ തടഞ്ഞു.
നിലയ്ക്കൽനിന്നു പമ്പയിലേക്ക് തീർഥാടകർ എത്താതിരിക്കാൻ കെഎസ്ആർടിസി സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകി.തുടർന്നു പമ്പയിൽ നിന്നുള്ള തീർഥാടകരെ നിലയ്ക്കൽ ഇറക്കിയ ശേഷം ആരെയും കയറ്റാതെയാണു ബസുകൾ തിരിച്ചുവന്നത്.
വൈകിട്ട് 4.30 വരെ നിലയ്ക്കൽ നിന്നുള്ള തീർഥാടകരെ പമ്പയിലേക്ക് പോകാൻ അനുവദിച്ചില്ല. അതിനുശേഷം നിലയ്ക്കൽനിന്നു തീർഥാടകരെ കയറ്റി പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ പോകാൻ അനുവദിച്ചു.
സ്വകാര്യ വാഹനങ്ങൾ കർശനമായി നിയന്ത്രിച്ചു.നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞതോടെ എരുമേലി– നിലയ്ക്കൽ റൂട്ടിൽ ഗതാഗതം നിയന്ത്രിച്ചു. നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ വനത്തിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.എരുമേലിയിൽ പേട്ടതുള്ളി ആയിരക്കണക്കിനു തീർഥാടകർ സന്നിധാനത്തേക്കു നീങ്ങിയതോടെ ഇവരുടെ വാഹനങ്ങൾ പലയിടത്തും പൊലീസ് തടഞ്ഞു.
ഇലവുങ്കൽ മുതൽ എരുമേലി വരെയും റോഡിന്റെ ഒരുവശം വാഹനങ്ങളായിരുന്നു.
ഇതിനിടെ ഉച്ചയ്ക്ക് 2.20ന് കണമല പാലത്തിനു സമീപം മിനി ബസ് മറിഞ്ഞു. ഇതോടെ കണമല ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
ബസ് നീക്കിയെങ്കിലും ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും നിയന്ത്രണം കാരണം പമ്പയിലേക്ക് ഒരു വാഹനത്തിനും പോകാൻ കഴിഞ്ഞില്ല. നാലര മണിക്കൂറിലേറെ തീർഥാടകരുടെ വണ്ടികൾ വഴിയിൽ കിടന്നു.തീർഥാടകരെ ആദ്യമായിട്ടാണ് അപ്പാച്ചിമേട് ഭാഗത്ത് തടഞ്ഞുനിർത്തുന്നത്.
കുത്തനെ ചരിവുള്ള പ്രദേശമായതിനാൽ അപകട സാധ്യത ഏറെയാണ്.
അതിനാൽ അവിടെ തടഞ്ഞു നിർത്താറില്ല. ഇന്നലെ അപ്പാച്ചിമേട്ടിലും തീർഥാടകരെ തടഞ്ഞുനിർത്തി.
ഇത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ എഡിജിപി എസ്.ശ്രീജിത്തിനോട് ആവശ്യപ്പെട്ടു.
ദർശനം നടത്താൻ കഴിയാതെ തീർഥാടകർ
ശബരിമല ∙ സന്നിധാനത്തെ തിക്കിലും തിരക്കിലും പതിനെട്ടാംപടി കയറാനും ദർശനം നടത്താനും കഴിയാതെ നിരവധി തീർഥാടകർ മലയിറങ്ങി. കുട്ടികളുമായി എത്തിയവർ തിക്കിലും തിരക്കിലും ശ്വാസംമുട്ടി നിലവിളിച്ചു.മരക്കൂട്ടം മുതൽ സന്നിധാനം വരെ തീർഥാടകരെ ചെറിയ സംഘങ്ങളാക്കിയാണു ക്യു നിർത്തിയിരുന്നത്.
എന്നാൽ, പൊലീസിന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് ബാരിക്കേഡിനു പുറത്തുകൂടി അയ്യപ്പന്മാർ നീങ്ങിയതോടെ പൊലീസ് കാഴ്ചക്കാരായി. ഇതോടെ അപകടം ഉണ്ടാകുമെന്നു ഭയന്ന് ദർശനത്തിനായി പോകാതെ നിരവധി പേർ അപ്പാച്ചിമേട്, ശരംകുത്തി, നീലിമല ഭാഗങ്ങളിൽനിന്നു മലയിറങ്ങി.
കുറച്ചുപേർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി മാല ഊരി നാട്ടിലേക്ക് തിരിച്ചുപോയി.
ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം കാത്തുനിന്നശേഷം നാട്ടിലേക്ക് മടങ്ങിയത്.പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കുംതിരക്കും കൂട്ടി. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ എണ്ണത്തിലും കുറവുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

