നെടുമങ്ങാട് (തിരുവനന്തപുരം) ∙ സ്ഥാനാർഥിത്വം നിഷേധിക്കപ്പെടുമെന്ന ആശങ്കയിലും ആർഎസ്എസിന്റെ ചില പ്രാദേശിക നേതാക്കൾ മോശമായി ചിത്രീകരിച്ചതിന്റെ മനോവിഷമത്തിലും മഹിളാമോർച്ച നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മഹിളാമോർച്ച നോർത്ത് ജില്ലാ സെക്രട്ടറി പനങ്ങോട്ടേല മഹാലക്ഷ്മി നഗർ കൃഷ്ണാമൃതത്തിൽ ഐ.ശാലിനി സനിൽ (36) ആണ് കൈഞരമ്പ് മുറിച്ചനിലയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഞായർ പുലർച്ചെ മൂന്നരയോടെ വീടിനുള്ളിൽ അവശനിലയിൽ ശാലിനിയെ ഭർത്താവ് ആർ.എസ്.സനിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു.
കയ്യിൽ 4 തുന്നലുണ്ട്. ചികിത്സയ്ക്കു ശേഷം രാവിലെ 9ന് ആശുപത്രി വിട്ടു.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പനങ്ങോട്ടേല വാർഡിൽ ശാലിനിയാണ് സ്ഥാനാർഥിയെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചതിനെ തുടർന്ന് പോസ്റ്റർ അടിക്കാൻ തുടങ്ങിയെന്ന് സനിൽ പറഞ്ഞു.
ശനിയാഴ്ച കരുപ്പൂര് കോട്ടപ്പുറത്തെ ചില ആർഎസ്എസ് നേതാക്കൾ വാർഡിലെ സ്ഥാനാർഥിയായി മറ്റൊരാളുടെ പേര് പ്രഖ്യാപിച്ചെന്ന് സനിൽ ആരോപിച്ചു. നേതാക്കളായ പി.സുധീർ, എസ്.ആർ.രജികുമാർ, ജെ.ആർ.പത്മകുമാർ, കല്ലയം വിജയകുമാർ തുടങ്ങിയവർ ശാലിനിയെ സന്ദർശിച്ചു. പരാതി നൽകിയിട്ടില്ലെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും ശാലിനി പറഞ്ഞു.
2015 ൽ കൊല്ലംകാവ് വാർഡിലും 2020 ൽ പുലിപ്പാറ വാർഡിലും ബിജെപി സ്ഥാനാർഥിയായിരുന്നു ശാലിനി.
ചില നേതാക്കൾ മോശമായി സംസാരിച്ചു
‘എന്റെ സ്ഥാനാർഥിത്വം പാർട്ടി തീരുമാനിച്ചിരുന്നു. ഇതിനിടെ ആർഎസ്എസ് കരുപ്പൂര് ശാഖയിലെ ചില നേതാക്കൾ വ്യക്തിവൈരാഗ്യം തീർക്കാൻ മോശമായി സംസാരിച്ചു.സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന തരത്തിൽ പാർട്ടിയെ സമ്മർദം ചെലുത്തി.
വ്യക്തിപരമായി അധിക്ഷേപിച്ചതോടെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായി. അതിന്റെ വിഷമത്തിലാണ് ഇതു ചെയ്തത്.
സീറ്റ് കിട്ടരുത്, കിട്ടിയാലും ജയിക്കരുത് എന്നാണ് അവരുടെ ഉദ്ദേശ്യം.’
ഐ.ശാലിനി സനിൽ
പേര് പ്രഖ്യാപനം മാറ്റിവച്ചത് തർക്കംമൂലം
‘പനങ്ങോട്ടേലയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് 3 പേരുടെ പട്ടികയിൽ ആദ്യത്തെയാൾ ശാലിനിയാണ്. വ്യാഴാഴ്ച സ്ഥാനാർഥിയായി ശാലിനിയുടെ പേര് പ്രഖ്യാപിക്കാനിരിക്കെയാണ് തർക്കംമൂലം മാറ്റിവച്ചത്.
ജില്ലാ നേതൃത്വവുമായി ഇടപെട്ട് പ്രശ്നം പരിഹരിക്കും’ നെട്ടയിൽ സുനിലാൽ, ബിജെപി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

