ഒറ്റപ്പെടുത്തലും ഉപരോധങ്ങളുമേറ്റ് തളർന്നിട്ടും യുദ്ധപ്പിടിവാശി കൈവിടാത്ത റഷ്യയ്ക്കെതിരെ കൂടുതൽ കടുത്ത നടപടിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത റഷ്യയുമായി ഇനിയും വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കും കടുത്ത ഉപരോധം പ്രഖ്യാപിക്കാനുള്ള ബിൽ തന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ തയാറാക്കുന്നതായി ട്രംപ് പറഞ്ഞു.
500% വരെ തീരുവ ചുമത്താനുള്ള ബില്ലാണ് തയാറാകുന്നതെന്നതാണ് സൂചന.
ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തും. അതോടെ, ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കും ഉപരോധം വരും.
ഇത്തരത്തിലൊരു ബിൽ വരുന്നുണ്ടെന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘‘അതെ, ബിൽ വേണമെന്ന് ഞാൻ പറഞ്ഞിരുന്നു.
ഏത് രാജ്യമായാലും റഷ്യയ്ക്കൊപ്പം വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ ഗുരുതരമായ ഉപരോധം നേരിടേണ്ടിവരും. ഇറാനെയും ഉൾപ്പെടുത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്’’, ട്രംപ് വ്യക്തമാക്കി.
റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ ട്രംപ് 25% പിഴച്ചുങ്കം ഉൾപ്പെടെ മൊത്തം 50% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു.
പിന്നാലെ, റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണ കയറ്റുമതി കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് ഉപരോധവും ഏർപ്പെടുത്തി. ട്രംപിന്റെ ഇരു നടപടികളും റഷ്യയെ സാമ്പത്തികമായി ഉലച്ചിട്ടുണ്ട്.
ഇന്ത്യ ഏറക്കുറെ റഷ്യൻ കമ്പനികളുമായി പുതിയ കരാറിൽ ഏർപ്പെടുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.
യുക്രെയ്നെതിരായ യുദ്ധം നിർത്താനോ സമാധാന ചർച്ചകളിലേക്ക് കടക്കാനോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. ഉപരോധം ഉൾപ്പെടെയുള്ള തിരിച്ചടിമൂലം റഷ്യൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതും.
ജിഡിപി വളർച്ച ഇടിഞ്ഞു. എണ്ണക്കമ്പനികളുടെയും സർക്കാരിന്റെയും വരുമാനം കൂപ്പുകുത്തി.
പല കമ്പനികളും പാപ്പരത്തത്തിന്റെ വക്കിലായി. പണപ്പെരുപ്പവും പലിശഭാരവും കൂടിയത് ജനങ്ങളെയും കമ്പനികളെയും വലയ്ക്കുന്നു.
ഇതിനിടെ, സർക്കാരിന്റെ ഖജനാവ് പിടിച്ചുനിർത്താനായി പലവിധ നികുതികളും പുട്ടിൻ ഭരണകൂടം കൂട്ടുന്നതും തിരിച്ചടിയാണ്.
ഓഹരികൾക്ക് ജപ്പാൻ ജ്വരം! എഐ പേടി!
റഷ്യയ്ക്കും റഷ്യയുടെ വ്യാപാര പങ്കാളികൾക്കുമെതിരെ ട്രംപ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത് പല രാജ്യങ്ങളെയും സമ്മർദത്തിലാക്കും.
ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഇത് ആശങ്കയാണ്. ഇന്ത്യ, ചൈന, തുർക്കി, ചില യൂറോപ്യൻ രാഷ്ട്രങ്ങൾ തുടങ്ങിയവ ഇപ്പോഴും റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്നുണ്ട്.
അതു ക്രൂഡ് ഓയിലിൽ മാത്രം ഒതുങ്ങുന്നുമില്ല.
ഇതിനിടെ, ആഗോള ഓഹരികളിൽ ‘ജപ്പാൻ’ ജ്വരവും എഐ പേടിയും പിടിമുറുക്കുകയാണ്. ജപ്പാന്റെ ജിഡിപി വളർച്ച ജൂലൈ-സെപ്റ്റംബർ പാദത്തിൽ നെഗറ്റീവ് 0.4 ശതമാനമാണെന്ന റിപ്പോർട്ട് പുറത്തുവന്നു.
നിരീക്ഷകർ പ്രവചിച്ച നെഗറ്റീവ് 0.6 ശതമാനത്തേക്കാൾ കുറവാണിതെന്ന ആശ്വാസമുണ്ട്. വാർഷികാടിസ്ഥാനത്തിലെ വളർച്ചനിരക്ക് നെഗറ്റീവ് 1.8 ശതമാനമാണ്.
ഇതും നിരീക്ഷകരുടെ പ്രവചനമായ നെഗറ്റീവ് 2.5 ശതമാനത്തേക്കാൾ കുറവ്.
ജപ്പാന്റെ ഉൽപന്ന കയറ്റുമതി 1.2% ഇടിഞ്ഞു. മുൻപാദത്തിൽ കുറിച്ചത് 2.3% വളർച്ചയായിരുന്നു.
ജപ്പാനുമേലുള്ള ഇറക്കുമതി തീരുവ ട്രംപ് 25ൽ നിന്ന് 15 ശതമാനമായി കുറച്ചിരുന്നു. ഇത് ഓഗസ്റ്റ് 7ന് പ്രാബല്യത്തിലും വന്നു.
തീരുവ കുറഞ്ഞതിന്റെ നേട്ടം വരുംമാസങ്ങളിൽ പ്രകടമാകുമെന്നാണ് കരുതുന്നത്. ജപ്പാന്റെ വളർച്ചാക്കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ, ജാപ്പനീസ് നിക്കേയ് ഓഹരി സൂചിക 0.63%, ടോപിക്സ് സൂചിക 0.44% എന്നിങ്ങനെ താഴ്ന്നു.
തായ്വാനെ ചൊല്ലി ചൈന-ജപ്പാൻ പോര് മുറുകുന്നതും ജപ്പാനിലേക്കുള്ള യാത്രയ്ക്ക് ചൈന മുന്നറിയിപ്പ് നൽകിയതും ടൂറിസവുമായി ബന്ധപ്പെട്ട ഓഹരികൾക്കും തിരിച്ചടിയായി.
ഹോങ്കോങ് സൂചിക 0.51% താഴ്ന്നപ്പോൾ ചൈനയിൽ ഷാങ്ഹായ് 0.66% നഷ്ടത്തിലായി.
ദക്ഷിണ കൊറിയയുടെ കോസ്പി 1.78% നേട്ടത്തിലാണ്. ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചികയും 0.26% താഴ്ന്നു.
യുഎസ് ഓഹരികളെ പ്രധാനമായും ഉലയ്ക്കുന്നത് ‘എഐ’ പേടിയാണ്. പല വമ്പൻ ടെക് കമ്പനികളും എഐ (നിർമിത ബുദ്ധി) അധിഷ്ഠിത പദ്ധതികളുടെ വികസനത്തിന് ബില്യൻ കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്.
ഇതിൽനിന്നുള്ള നേട്ടം കിട്ടുമോയെന്ന ആശങ്ക ഉയരുന്നത് ഓഹരികളെ വിൽപനസമ്മർദത്തിലേക്ക് തള്ളുന്നു.
യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി മാഞ്ഞെങ്കിലും അതുവരുത്തിവച്ച ആഘാതം മാഞ്ഞിട്ടില്ല. മാത്രമല്ല, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കത്തിൽനിന്ന് പിൻവലിയുന്നതും തിരിച്ചടിയാണ്.
ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 58 പോയിന്റ് (-0.1%) താഴ്ന്നു. എസ് ആൻഡ് പി, നാസ്ഡാക് എന്നിവ കാര്യമായ മാറ്റം രേഖപ്പെടുത്തിയില്ല.
കഴിഞ്ഞവാരം നാസ്ഡാക് കോംപസിറ്റ് 0.5% താഴ്ന്നിരുന്നു. ടെക് ഭീമന്മാരായ ആൽഫബെറ്റ്, ആമസോൺ, മെറ്റ, ബ്രോഡ്കോം എന്നിവയുടെ ഓഹരികൾ നേരിട്ട
തളർച്ചയാണ് തിരിച്ചടിയായത്. എൻവിഡിയ ബുധനാഴ്ച പ്രവർത്തനഫലം പുറത്തുവിടുമെന്നതും ഓഹരിവിപണിയെ സമ്മർദത്തിലാക്കും.
മൈൻഡ് ചെയ്യാതെ ഉയരാൻ ഇന്ത്യ
ഇന്ത്യൻ വിപണിയുടെ പ്രധാന ഉറ്റുനോട്ടം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ പുരോഗതിയിലേക്കാണ്.
കരാർ വൈകാതെ യാഥാർഥ്യമായേക്കുമെന്ന് ട്രംപും ഇന്ത്യൻ പ്രതിനിധികളും സൂചിപ്പിച്ചിരുന്നു. ബിഹാറിൽ എൻഡിഎയുടെ വിജയവും കേന്ദ്രത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 51 പോയിന്റ് ഉയർന്നത് സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടങ്ങുമെന്ന പ്രതീക്ഷയും നൽകുന്നു.
∙ ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് 50ൽ നിന്ന് 15-20 ശതമാനത്തിലേക്ക് കുറച്ചേക്കും. ഇന്ത്യ യുഎസിൽ നിന്ന് ചോളം, സോയാബീൻ എന്നിവ വാങ്ങാൻ തയാറായേക്കും.
∙ തീരുവ 12-15 ശതമാനത്തിലേക്ക് താഴ്ത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
യുഎസിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ, എൽപിജി എന്നിവയും ഇന്ത്യ ഇറക്കുമതി ചെയ്തേക്കും.
∙ യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയത് ഡോളറിനും യുഎസ് ട്രഷറി ബോണ്ടിനും കരുത്താവുന്നുണ്ട്. രൂപ കഴിഞ്ഞവാരം ഡോളറിനെതിരെ 4 പൈസ താഴ്ന്ന് 88.66ലായിരുന്നു വ്യാപാരം പൂർത്തിയാക്കിയത്.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 4,968 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു.
എഫ്ഐഐ വിറ്റൊഴിയൽ മനോഭാവം കൈവിടാത്തത് ആശങ്കയാണ്.
ശ്രദ്ധയിൽ ഇവർ
∙ കർണാടക ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാഘവേന്ദ്ര എസ്. ഭട്ടിനെ നിയമിച്ചു.
∙ മാരുതി സുസുക്കി 39,506 ഗ്രാൻഡ് വിറ്റാര യൂണിറ്റുകൾ തിരികെവിളിച്ചു.
ഫ്യുവൽ ലെവൽ ഇൻഡിക്കേറ്ററുകൾ സംബന്ധിച്ച പ്രശ്നം പരിഹരിക്കാനാണെന്നാണ് സൂചന.
∙ മാക്സ് ഹെൽത്ത്കെയർ കഴിഞ്ഞപാദത്തിൽ 74.3% ലാഭവളർച്ച നേടി; വരുമാനം 25% ഉയർന്നു.
സ്വർണവും എണ്ണയും
സ്വർണവില ഇന്നു രാവിലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 16 ഡോളർ ഉയർന്ന് 4,090 ഡോളറിലാണുള്ളത്. കേരളത്തിൽ ഇന്ന് ചെറിയ വില വ്യത്യാസത്തിനാകും സാധ്യത.
ക്രൂഡ് ഓയിൽ വിലയും നഷ്ടമാണ് കുറിച്ചത്. ഡബ്ല്യുടിഐ വില 0.92% താഴ്ന്ന് 59.54 ഡോളറിൽ നിൽക്കുന്നു.
ബ്രെന്റ് വില 0.85% താഴ്ന്ന് 63.84 ഡോളറിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

