കൽപാത്തിയിൽ ഭക്തിയുടെ തേരോട്ടം തുടങ്ങി. ദേവദേവകൾക്കൊപ്പം കൽപാത്തിയും ഭക്തരും പ്രദക്ഷിണം തുടങ്ങി.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും ഗണപതിയും വള്ളി–ദൈവാനസമേത സുബ്രഹ്മണ്യസ്വാമിയും രഥത്തിലേറി പ്രദക്ഷിണം തുടങ്ങിയ കൽപാത്തിയിൽ ഇന്നു പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി കൂടി പ്രദക്ഷിണ വഴികളിലേക്കിറങ്ങും. നാളെ പഴയ കൽപാത്തി ലക്ഷ്മിനാരായണപെരുമാളും, ചാത്തപുരം പ്രസന്ന മഹാഗണപതിയും കൂടി പ്രദക്ഷിണ വഴികളിലേക്കിറങ്ങുന്നതോടെ കൽപാത്തി ദേവഭൂമിയായി രഥസംഗമത്തിലേക്കു പ്രയാണം തുടങ്ങും. ആ സുകൃത സംഗമ ദർശനത്തിലേക്കു കണ്ണുംനട്ടു കാത്തിരിക്കുകയാണു കൽപാത്തിയും ഭക്തരും, ഒപ്പം രഥോത്സവം കാണാനെത്തുന്നവരും.
കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ശിവൻതേരും ഗണപതിത്തേരും സുബ്രഹ്മണ്യസ്വാമിയുടെ തേരും ആദ്യദിനത്തെ പ്രദക്ഷിണം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ അച്ചൻപടിയിലെത്തി നിലയുറപ്പിച്ചു.ഇന്നു രണ്ടാം തേരുത്സവ ദിനത്തിൽ പുതിയ കൽപാത്തിയിൽ രഥാരോഹണമാണ്.
പുലർച്ചെ 5.30നു യാഗശാല പൂജയോടെ രഥാരോഹണ ദിനത്തിലെ ചടങ്ങുകൾ ആരംഭിക്കും. 6.30നു രുദ്രാഭിഷേകം, 8ന് ഉപനിഷത്ത് പാരായണം ചടങ്ങുകൾക്കു ശേഷം ഗണപതിയെ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.
ശിവക്ഷേത്രത്തിൽ തൊഴുതു വലംവച്ച ശേഷം മന്ദക്കര ഗണപതിയെ തിരിച്ചെഴുന്നള്ളിച്ചു പുതിയ കൽപാത്തി ഗ്രാമത്തിലെത്തുന്നതോടെ രഥാരോഹണ മുഹൂർത്തമായി. 10.50നും 11.45നും ഇടയ്ക്കാണു രഥാരോഹണം. ഗ്രാമത്തെയും ഗ്രാമക്കാരെയും ഭക്തരെയും സാക്ഷിയാക്കി രഥാരോഹണം നടത്തി ആരതി ഉഴിയുന്നതോടെ മന്ദക്കര ഗണപതിയും ഭക്തരുടെ സാരഥ്യത്തിൽ അഗ്രഹാര പ്രദക്ഷിണത്തിനിറങ്ങുകയായി.
ഭഗവാനെ ഗ്രാമത്തിലൂടെ ഭക്തരുടെ അടുത്തേക്ക് എത്തിക്കാനുള്ള ആവേശത്തിൽ നൂറുകണക്കിനു പേരാണു തേരു വലിക്കാനെത്തുക.
ഭക്തരുടെ സാരഥ്യത്തിൽ ഭഗവാൻ ഗ്രാമപ്രദക്ഷിണം തുടങ്ങുന്നതോടെ രണ്ടാംദിന രഥോത്സവത്തിനു തുടക്കമാകും. ഗ്രാമത്തിലൂടെ കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയ ശേഷം രാവിലത്തെ പ്രദക്ഷിണം അവസാനിക്കും. അപ്പോഴേക്കും രഥോത്സവ സദ്യയാകും. ഭഗവാന്റെ പ്രസാദമായ സദ്യയ്ക്കും ഭക്തരുടെ നീണ്ട
നിരയുണ്ടാകും. വൈകിട്ട് 5ന് രഥപ്രയാണം പുനരാരംഭിച്ച് തേരുമുട്ടിക്കു സമീപം എത്തി നിലയുറപ്പിക്കും.
ശിവക്ഷേത്ര തേരുകൾ അച്ചൻപടിയിൽ നിന്ന് പ്രദക്ഷിണം പുനരാരംഭിക്കും
കഴിഞ്ഞദിവസം രാത്രി അച്ചൻപടിയിൽ എത്തി നിലയുറപ്പിച്ച ശിവക്ഷേത്രത്തിലെ വിശിലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെയും ഗണപതിയുടെയും വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയുടെയും തേരുകൾ ഇവിടെ നിന്നു പ്രദക്ഷിണം പുനരാരംഭിച്ച് കൽച്ചട്ടിത്തെരുവ് ചാത്തപുരം ഗ്രാമം വഴി പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിനു സമീപത്തെത്തി നിലയുറപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

