അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ സ്തംഭനത്തിന് (ഷട്ട്ഡൗൺ) ഔദ്യോഗികമായി തിരശ്ശീല വീണു. എന്നാൽ, ഈ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ച ആഘാതം പ്രതീക്ഷിച്ചതിലും വലുതാണ്.
ഷട്ട്ഡൗൺ കാലയളവിലെ സാമ്പത്തിക സർവേകൾ വൈകിയതും നിർണായകമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലാത്തതും യഥാർത്ഥ നഷ്ടം എത്രയാണെന്ന് കണക്കാക്കുന്നത് ദുഷ്കരമാക്കുന്നു. ആറാഴ്ച നീണ്ട
സ്തംഭനം സർക്കാർ പ്രവർത്തനങ്ങളെ നിശ്ചലമാക്കുകയും ലക്ഷക്കണക്കിന് ജീവനക്കാരെ ശമ്പളമില്ലാത്തവരാക്കുകയും ചെയ്തു. പൊതുസേവനങ്ങൾ തടസ്സപ്പെട്ടത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്മ സംബന്ധിച്ച ലേബർ ഡിപ്പാർട്ട്മെന്റിന്റെ സർവേ മുടങ്ങിയതോടെ, തൊഴിൽ വിപണിയുടെ യഥാർത്ഥ ചിത്രം മനസ്സിലാക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആഴ്ചയില് 1,500 കോടി ഡോളര് നഷ്ടം കോൺഗ്രഷണൽ ബജറ്റ് ഓഫീസിന്റെ (സി.ബി.ഒ) കണക്കുകൾ പ്രകാരം, ആറാഴ്ചത്തെ ഷട്ട്ഡൗൺ രാജ്യത്തിന്റെ നാലാം പാദത്തിലെ ജി.ഡി.പി വളർച്ചയിൽ 1.5 ശതമാനത്തിന്റെ കുറവുണ്ടാക്കിയേക്കാം.
ഇത് ഓരോ ആഴ്ചയിലും ഏകദേശം 1,500 കോടി ഡോളറിന്റെ ഉത്പാദന നഷ്ടത്തിന് തുല്യമാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് മാത്രമല്ല ഈ സാമ്പത്തിക ആഘാതത്തിന് കാരണം.
സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസം, റെസ്റ്റോറന്റുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും കച്ചവടക്കുറവ്, വിമാന സർവീസുകൾ റദ്ദാക്കിയത് തുടങ്ങി നിരവധി ഘടകങ്ങൾ ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി. സാധാരണക്കാരെ ബാധിച്ചതെങ്ങനെ? ഷട്ട്ഡൗൺ കാലയളവിൽ ശമ്പളം മുടങ്ങിയ എട്ടുലക്ഷത്തോളം സർക്കാർ ജീവനക്കാർ ദൈനംദിന ചെലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി.
കുറഞ്ഞ വരുമാനക്കാരായ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP) പോലുള്ള സഹായങ്ങൾ വൈകിയത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ഇക്കാലയളവിൽ രാജ്യത്തെ ഫുഡ് ബാങ്കുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
പെൻസിൽവാനിയയിലെ അലെഗെനി കൗണ്ടിയിലെ നോർത്ത് ഹിൽസ് കമ്മ്യൂണിറ്റി ഔട്ട്റീച്ചിൽ സഹായം തേടിയെത്തിയവരുടെ എണ്ണത്തിൽ 50% വർധന രേഖപ്പെടുത്തി. ഇവരിൽ ഭൂരിഭാഗവും SNAP ആനുകൂല്യങ്ങൾ മുടങ്ങിയവരായിരുന്നു.
വാഷിംഗ്ടൺ ഡി.സി. കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഫൗണ്ടിംഗ് ഫാർമേഴ്സ് റെസ്റ്റോറന്റ് ഗ്രൂപ്പിന്’ മാത്രം മുൻവർഷത്തെ അപേക്ഷിച്ച് 15% കച്ചവടം കുറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വരുമ്പോൾ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നത് സ്വാഭാവികമാണെന്നും, പിന്നീട് ഈ നഷ്ടം നികത്താനാവില്ലെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ജീവനക്കാർക്ക് കുടിശ്ശിക ശമ്പളം ലഭിച്ചുതുടങ്ങുകയും അവർ വീണ്ടും പണം ചെലവഴിക്കുകയും ചെയ്യുന്നതോടെ സാമ്പത്തിക രംഗത്തുണ്ടായ നഷ്ടങ്ങളിൽ ഭൂരിഭാഗവും തിരിച്ചുപിടിക്കാനാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
എന്നാൽ, സേവന മേഖലയിലെ നഷ്ടങ്ങൾ അങ്ങനെയല്ല. റെസ്റ്റോറന്റുകൾക്ക് നഷ്ടമായ കച്ചവടം, റദ്ദാക്കപ്പെട്ട
യാത്രകൾ, മുടങ്ങിയ മറ്റ് ബിസിനസ് ഇടപാടുകൾ എന്നിവയൊന്നും വീണ്ടെടുക്കാൻ സാധിക്കില്ല. ഷട്ട്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ 20 ശതമാനത്തോളം സ്ഥിരമായ നഷ്ടമായിരിക്കുമെന്ന് ഇ.വൈ-പാർഥെനോൺ ചീഫ് ഇക്കണോമിസ്റ്റ് ഗ്രിഗറി ഡാക്കോ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

