ആലപ്പുഴ ∙ ദേശീയപാത 66ൽ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിനു മുകളിൽ വീണു ഡ്രൈവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കലക്ടർ 17ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നിർമാണമേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പാക്കാനാണ് അടിയന്തരയോഗം.
ജില്ലയിലെ ദേശീയപാത വികസനത്തിന്റെ ചുമതലയുള്ള രണ്ടു പ്രോജക്ട് ഡയറക്ടർമാരും ഇതിൽ പങ്കെടുക്കും. കൊച്ചി മെട്രോയ്ക്കു സമാനമായി റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള, രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്.
ദേശീയപാത നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും ഈ ഭാഗത്ത് അപകടസ്ഥിതിയും ഗതാഗതക്കുരുക്കും തുടരുന്നതു വലിയ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇക്കാര്യവും ചർച്ച ചെയ്യും. മുൻപും പലതവണ യോഗങ്ങൾ വിളിച്ചു നിർദേശങ്ങൾ നൽകുകയും കലക്ടർ ഉൾപ്പെടെ സ്ഥലപരിശോധന നടത്തുകയും ചെയ്തിട്ടും സുരക്ഷ ഉറപ്പാക്കാതിരുന്നതു വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
എരമല്ലൂർ ജംക്ഷനു സമീപം 13ന് പുലർച്ചെ 2.30ന് ഉണ്ടായ അപകടത്തിൽ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സി.ആർ.രാജേഷാണു (47) മരിച്ചത്.
അപകടത്തെക്കുറിച്ചു പഠിക്കാൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്നലെ സ്ഥലത്തെത്തി. ദേശീയപാത വിദഗ്ധസമിതി അംഗങ്ങളായ എ.കെ.ശ്രീവാസ്തവ, അലോക് മാത്തൂർ, എൻഎച്ച്എഐ അംഗം വെങ്കിട്ടരമണ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
ഗർഡറുകളും അവ ഉറപ്പിച്ച രീതിയും കോൺക്രീറ്റ് അവശിഷ്ടങ്ങളും സംഘം പരിശോധിച്ചു. ഉയരപ്പാത കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.
അപകടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് ഇവർ സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരമാണു വിദഗ്ധ സംഘത്തിന്റെ സന്ദർശനം.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി മന്ത്രി ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു മന്ത്രി അദ്ദേഹത്തിന് ഉറപ്പു നൽകിയിരുന്നു.
എൻഎച്ച്എഐ അംഗം വെങ്കിട്ടരമണ കെ.സിയെ സന്ദർശിക്കുകയും ചെയ്തിരുന്നു.
അപകടത്തെ തുടർന്നു നിർത്തിവച്ച നിർമാണ ജോലികൾ പുനരാരംഭിച്ചു. ഉയരപ്പാത ഉൾപ്പെടെ ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയും അപകടമുണ്ടാക്കുന്ന തരത്തിൽ റോഡിൽ നിരന്നു കിടന്ന മണ്ണും മറ്റും നീക്കുകയും ചെയ്തിട്ടുണ്ട്.
മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട് റോഡ് സുരക്ഷാ സമിതി ചർച്ച ചെയ്യും
ആലപ്പുഴ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തെ അപകടാവസ്ഥയെക്കുറിച്ചു മോട്ടർ വാഹന വകുപ്പ് മേയിൽ സമർപ്പിച്ച റിപ്പോർട്ട് റോഡ് സുരക്ഷാ സമിതി ചേർന്നു വീണ്ടും ചർച്ച ചെയ്യും.
റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി മേയിലാണു റിപ്പോർട്ട് കരാർ കമ്പനിക്കു സമർപ്പിച്ചത്. അതിലെ നിർദേശങ്ങൾ പാലിക്കണമെന്നു ജില്ലാ ഭരണകൂടവും കരാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും അതു പാലിക്കാതിരുന്നതാണ് ഒരു ജീവൻ നഷ്ടപ്പെടുന്ന അപകടത്തിലേക്കു വഴിതെളിച്ചത്.
കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും കരാർ കമ്പനിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണു റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്യുന്നത്. ഇതിലൂടെ നിയമപരിരക്ഷ നേടിയെടുക്കാനാണു മോട്ടർ വാഹന വകുപ്പിന്റെ ശ്രമം.
നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നു കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഉത്തരവിട്ടേക്കും. ഇതോടെ കരാർ കമ്പനിക്കു സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കേണ്ടി വരുമെന്ന് ആർടിഒ ജി.എസ്.സജി പ്രസാദ് പറഞ്ഞു.
മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട് അവഗണിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്നു മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

