പാലക്കാട് ∙ നഗരസഭാ തിരഞ്ഞെടുപ്പു സ്ഥാനാർഥിനിർണയത്തിൽ ബിജെപിയിലും കോൺഗ്രസിലും അസാധാരണ പ്രതിസന്ധി. അന്തിമ തീരുമാനം ആയില്ല.
ഒരു വിഭാഗത്തെ ഉപയോഗിച്ചു ബിജെപിയിലെ മറ്റൊരു വിഭാഗം നഗരസഭാ ഭരണനേതൃത്വം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നെന്ന ആരോപണം പാർട്ടിയിൽ കടുത്ത പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ട്.
ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മത്സര സന്നദ്ധത അറിയിച്ചതും സജീവ ചർച്ചയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഇതെല്ലാം കൂട്ടി വായിച്ചുള്ള പ്രതിസന്ധിയാണ് ബിജെപിയിൽ കടുക്കുന്നത്. മുതിർന്ന ബിജെപി നേതാവ് എൻ.ശിവരാജന് ഇത്തവണ സീറ്റില്ലെന്ന വിധത്തിലാണു ചർച്ചകൾ.
അദ്ദേഹത്തിന്റെ പ്രായവും ചൂണ്ടിക്കാട്ടുന്നു.
നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. നേതൃത്വം നിർദേശിച്ചാൽ മാത്രമേ മറിച്ചൊരു തീരുമാനത്തിനു സാധ്യതയുള്ളൂ.
ഉപാധ്യക്ഷനും ബിജെപി സംസ്ഥാന ട്രഷററുമായ ഇ.കൃഷ്ണദാസ് മത്സരിക്കുന്നതിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടു നിർണായകമാകും. അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ ആർഎസ്എസിന്റെ നിലപാടും പ്രധാന ഘടകമാണ്. ഇതു സംബന്ധിച്ച് ആർഎസ്എസ് പ്രാഥമിക യോഗവും നടത്തിയിട്ടുണ്ട്.
കോൺഗ്രസിൽ ഒരാളുടെ പേരുയർന്ന വാർഡുകളിൽ പോലും നേതാക്കൾ ഇടപെട്ട് കൂടുതൽ പേരെ തിരുകിക്കയറ്റിയുള്ള രാഷ്ട്രീയ പകപോക്കലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
നേതാക്കളുടെ വ്യക്തിവിരോധവും പട്ടികയിൽ പ്രകടമെന്നു പ്രവർത്തകർ തന്നെ പറയുന്നു. 43ൽ 10ൽ താഴെ സീറ്റുകളിലാണ് ധാരണയായിട്ടുള്ളത്.
ജയസാധ്യത ഉള്ള വാർഡുകളിൽ സ്ഥാനാർഥികളാകാൻ നീണ്ട നിരയാണ്.
ചിലർക്കു സീറ്റു കൊടുത്താൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുമെന്നു വരെ ചിലർ ഭീഷണി മുഴക്കിയിരുന്നു.
തർക്കം പരിധി വിട്ടതോടെ സ്ഥാനാർഥിപ്പട്ടികയിൽ അന്തിമ തീരുമാനം കെപിസിസി നേതാക്കളടക്കം ഉൾപ്പെട്ട കോർ കമ്മിറ്റിക്കു വിട്ടു. 15നു രാവിലെ ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഇത്തവണ നഗരസഭാ ഭരണം പിടിക്കുമെന്നു നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാർഥിപ്പട്ടികയിൽ തന്നെ പോരു തുടരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

