കഴിഞ്ഞ 43 ദിവസം അടഞ്ഞുകിടന്ന അമേരിക്കൻ ‘ഭരണക്കട’ വീണ്ടും തുറക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന സർക്കാരിന്റെ ഭരണസ്തംഭനത്തിന് വഴിവച്ച ‘ഷട്ട്ഡൗൺ’ അവസാനിപ്പിക്കാനുള്ള ബിൽ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സും പാസാക്കി.
ബില്ലിൽ ട്രംപ് ഉടൻ ഒപ്പുവയ്ക്കുന്നതോടെ സർക്കാർ സംവിധാനങ്ങൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങും. ഷട്ട്ഡൗൺ മൂലം ജോലിപോയ പതിനായിരക്കണക്കിന് പേരെ തിരിച്ചെടുക്കാനും ഹെൽത്ത്കെയർ ഇൻഷുറൻസ് എടുത്ത ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് നികുതി സബ്സിഡി കൊടുക്കാനുമുള്ള വ്യവസ്ഥയോടെയാണ് ബിൽ പാസായത്.
ഡെമോക്രാറ്റുകളുടെ ഈ ആവശ്യങ്ങളെ ട്രംപ് ഭരണകൂടം എതിർത്തതായിരുന്നു കഴിഞ്ഞ ഒക്ടോബർ ഒന്നുമുതൽ ഷട്ട്ഡൗണിന് വഴിവച്ചത്.
അവശ്യസർവീസുകൾ ഒഴികെയുള്ള സർക്കാർ സംവിധാനങ്ങളെല്ലാം ഇതോടെ പൂർണമായി സ്തംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേർക്ക് ഭക്ഷ്യ സബ്സിഡി (സ്നാപ് പ്രോഗ്രാം) മുടങ്ങി.
വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ സൂചകങ്ങളായ നിരവധി റിപ്പോർട്ടുകൾ ട്രംപ് ഭരണകൂടം പുറത്തുവിടാതെ പിടിച്ചുവച്ചതും സമ്പദ്വ്യവസ്ഥയെ ഉലച്ചു.
2026ന്റെ തുടക്കംവരെ സർക്കാരിന് പ്രവർത്തിക്കാനുള്ള ഫണ്ടിങ് ബിൽ ആണ് പാസായത്. ഇനി പ്രതിസന്ധി ഉണ്ടായാൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരെ പിരിച്ചുവിടുന്നതും സബ്സിഡികൾ തടയുന്നതും പോലുള്ള നടപടികൾ പാടില്ലെന്നും തീരുമാനമായിട്ടുണ്ട്.
റെക്കോർഡ് തകർത്ത് ഡൗ
ഷട്ട്ഡൗൺ അവസാനിക്കുന്നതിന്റെ ആവേശത്തിൽ യുഎസ് ഓഹരി സൂചികയായ ഡൗ ജോൺസ് ഇന്നലെ റെക്കോർഡ് തകർത്ത് മുന്നേറി.
0.68% ഉയർന്ന് 48,254ൽ ആണ് വ്യാപാരം പൂർത്തിയാക്കിയത്. ചരിത്രത്തിലാദ്യമായാണ് സൂചിക 48,000 പോയിന്റ് ഭേദിച്ചതും.
എസ് ആൻഡ് പി500 സൂചിക 0.06% നേട്ടമുണ്ടാക്കിയപ്പോൾ നാസ്ഡാക് പക്ഷേ 0.26% നഷ്ടം കുറിച്ചു. ടെക് കമ്പനികളുടെ ഓഹരികളിലുണ്ടായ വിൽപനസമ്മർദമാണ് നാസ്ഡാക്കിന് തിരിച്ചടിയായത്.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികളും നഷ്ടത്തിലാണുള്ളത്. ഡൗ 0.1%, എസ് ആൻഡ് പി 0.2%, നാസ്ഡാക് 0.3% എന്നിങ്ങനെ താഴ്ന്നു.
ഏഷ്യയിലും ലാഭക്കാറ്റ്
യുഎസിൽ നിന്ന് വീശുന്ന ഉണർവിന്റെ കാറ്റ് ഏഷ്യൻ വിപണികളിലും പൊതുവേ നേട്ടം വിതറി.
ജാപ്പനീസ് നിക്കേയ് 0.27%, ചൈനയിൽ ഷാങ്ഹായ് 0.19% എന്നിങ്ങനെ ഉയർന്നു. നാഷനൽ കോളജ് എൻട്രൻസ് പരീക്ഷകളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ ഓഹരി വിപണി വൈകിയാണ് ഇന്ന് പ്രവർത്തനം ആരംഭിക്കുക.
ഹോങ്കോങ്, ഓസ്ട്രേലിയൻ സൂചികകൾ നേരിയ നഷ്ടത്തിലാണുള്ളത്. യൂറോപ്പിൽ ഡാക്സ് 1.22%, എഫ്ടിഎസ്ഇ 0.12% എന്നിങ്ങനെയും ഉയർന്നു.
കുതിപ്പ് തുടരാൻ ഇന്ത്യ
വിദേശ ഓഹരി വിപണികളുടെ മികച്ച പ്രകടനം ഇന്ത്യയ്ക്കും നേട്ടമാകുമെന്നാണ് പ്രതീക്ഷ.
ഇന്നലെ സെൻസെക്സ് 595 പോയിന്റ് (+0.71%) ഉയർന്ന് 84,466ലും നിഫ്റ്റി 180 പോയിന്റ് (+0.70%) മുന്നേറി 25,875ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടവുമാണ് സൂചികകൾ കുറിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാര ഡീലിനുള്ള സാധ്യതകൾ, കോർപ്പറേറ്റ് കമ്പനികളുടെ പൊതുവേ മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലം എന്നിവയും വിപണിക്ക് കരുത്തായി. ഇന്നു രാവിലെ പക്ഷേ, ഗിഫ്റ്റ് നിഫ്റ്റി നേരിയ നഷ്ടത്തിലാണുള്ളത്.
എങ്കിലും സെൻസെക്സും നിഫ്റ്റിയും നേട്ടത്തിന്റെ പാതയിൽതന്നെ തുടരുമെന്നാണ് പ്രതീക്ഷകൾ.
ഉത്തേജകമാകാൻ പ്രോത്സാഹന പദ്ധതി
കയറ്റുമതി പ്രോത്സാഹനത്തിനായി 25,060 കോടി രൂപയുടെ എക്സ്പോർട് പ്രമോഷൻ മിഷനും (ഇപിഎം) 20,000 കോടിയുടെ ക്രെഡിറ്റ് ഗ്യാരന്റി സ്കീമും കേന്ദ്രസർക്കാർ ഇന്നലെ പ്രഖ്യാപിച്ചത് വിപണിക്ക് ഉണർവ് പകരും. ട്രംപിന്റെ താരിഫ് ആഘാതമേറ്റ വസ്ത്രം, ലെതർ, ജെം ആൻഡ് ജ്വല്ലറി, എൻജിനിയറിങ് ഉൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് പ്രോത്സാഹന പദ്ധതി.
കയറ്റുമതി ഓർഡറുകൾ നിലനിർത്തുക, തൊഴിൽ സംരക്ഷണം, കയറ്റുമതി വൈവിധ്യവൽക്കരണം എന്നിവയാണ് കേന്ദ്ര ലക്ഷ്യങ്ങൾ. എംഎസ്എംഇകൾ ഉൾപ്പെടെ അർഹരായ കയറ്റുമതിക്കാർക്ക് 100% ക്രെഡിറ്റ് ഗ്യാരന്റിയോടെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഫോർ എക്സ്പോർട്ടേഴ്സ് (സിജിഎസ്ഇ).
പണപ്പെരുപ്പത്തിൽ ആശ്വാസം
രാജ്യത്തിന്റെ പണപ്പെരുപ്പക്കണക്ക് ഇന്നലെ പുറത്തുവന്നു.
0.25% എന്ന റെക്കോർഡ് താഴ്ചയിലാണ് കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പമുള്ളത്. ഭക്ഷ്യവിലപ്പെരുപ്പം നെഗറ്റീവ് 5.18 ശതമാനത്തിലേക്കും കുറഞ്ഞു.
ജിഎസ്ടി നിരക്കുകളിലെ ഇളവും കാർഷിക ഉൽപാദനവും വിതരണവും മെച്ചപ്പെട്ടതുമാണ് പണപ്പെരുപ്പം കുത്തനെ കുറയാനിടയാക്കിയത്.
ശ്രദ്ധയിൽ ഇന്ന് ഇവർ
ഹീറോ മോട്ടോകോർപ്പ്, ഐഷർ മോട്ടോഴ്സ്, എൽജി ഇലക്ട്രോണിക്സ്, എൻഎസ്ഡിഎൽ, വോൾട്ടാസ്, അപ്പോളോ ടയേഴ്സ്, മുത്തൂറ്റ് ഫിനാൻസ്, ജൂബിലന്റ് ഫുഡ് വർക്സ്, സംവർധന മദേഴ്സൺ, ന്യൂ ഇന്ത്യ അഷുറൻസ്, ഓർക്ല, ടിറ്റഗഡ് റെയിൽ, ജിഎംആർ എയർപോർട്സ് തുടങ്ങിയ പ്രമുഖരുടെ പ്രവർത്തനഫലം ഇന്ന് പുറത്തുവരും.
∙ ടാറ്റാ സ്റ്റീൽ ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടു. ലാഭം 319.5 ശതമാനമാണ് കുതിച്ചുയർന്നത്.
വരുമാന വളർച്ച 8.9%.
∙ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ലാഭം 43%, വരുമാനം 2.2% എന്നിങ്ങനെ കുറഞ്ഞു.
∙ ഐആർസിടിസിയുടെ ലാഭം 11.1%, വരുമാനം 7.7% ഉയർന്നു.
∙ 24,930 കോടി രൂപയുടെ മെഗാ അവകാശ ഓഹരി വിൽപനയ്ക്ക് (റൈറ്റ്സ് ഇഷ്യൂ) ഒരുങ്ങുന്ന അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്നലെ 6 ശതമാനത്തിലധികം മുന്നേറി. ഓഹരിക്ക് 1,800 രൂപ നിരക്കിലാണ് അവകാശ ഓഹരിവിൽപന.
നിലവിലെ വിലയായ 2,517 രൂപയേക്കാൾ 24% കുറവാണിത്.
സ്വർണത്തിൽ മുന്നേറ്റം, പിന്നെ തിരിച്ചിറക്കം, എണ്ണയ്ക്ക് വീഴ്ച
യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി അവസാനിക്കുന്നതിന് മുൻപായി സ്വർണത്തിന് ഇന്നലെ വൻ ഡിമാൻഡുണ്ടായി. വില ഒരുഘട്ടത്തിൽ ഔൺസിന് 4,200 ഡോളറിന് മുകളിലേക്കും കുതിച്ചു.
4,210 വരെ ഉയർന്ന വില ഇപ്പോഴുള്ളത് നേട്ടം 76 ഡോളറിലേക്ക് നിജപ്പെടുത്തി 4,186 ഡോളറിൽ. കേരളത്തിൽ ഇന്നും വില കൂടും.
∙ 2026ൽ കാര്യമായ ഡിമാൻഡ് വർധന ഉണ്ടാവില്ലെന്ന ഒപെക് പ്ലസ്, ഇന്റർനാഷനൽ എനർജി ഏജൻസി എന്നിവയുടെ വിലയിരുത്തൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവിന് വഴിവച്ചു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.46% താഴ്ന്ന് 58.22 ഡോളറിലെത്തി. ബ്രെന്റ് വില 0.40% നഷ്ടവുമായി 62.46 ഡോളറിലും.
∙ ഡോളർ ആഗോളതലത്തിൽ കരുത്താർജിച്ച പശ്ചാത്തലത്തിൽ രൂപ ഇന്നലെ നഷ്ടത്തിലേക്കുവീണു.
12 പൈസ താഴ്ന്ന് 88.62ൽ ആണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 1,750 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

