ചാലക്കുടി ∙ മേലൂർ കുന്നപ്പിള്ളി ആലയ്ക്കപ്പിള്ളിയിൽ മദ്യപാനത്തിനിടെ അയൽവാസികൾ തമ്മിലുണ്ടായ കശപിശയും തർക്കവും കൊലപാതകത്തിൽ കലാശിച്ചു. മംഗലത്ത് സുധാകരനാ(60)ണു മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു സുധാകരന്റെ സുഹൃത്തും അയൽവാസിയുമായ കേവീട്ടിൽ ശോഭനനെ (62) കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലയ്ക്കപ്പിള്ളിയിൽ പാണേലി രാജന്റെ വീട്ടുവരാന്തയിലാണ് മൂന്നോടെ സുധാകരനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. രാജന്റെ മകൻ രാജേഷ് ഉടൻ ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിച്ചു.പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിൽ ആഴത്തിൽ കുത്തേറ്റതായി കണ്ടെത്തി.
സുധാകരൻ മരിച്ച നിലയിലായിരുന്നു.
അയൽവാസികളായ സുധാകരനും ശോഭനനും രാജനും രാവിലെ മുതൽ ഒരുമിച്ചുണ്ടായിരുന്നു. മദ്യവും ഇറച്ചിയും വാങ്ങി രാജന്റെ വീട്ടിലെത്തി ഇറച്ചി പാകം ചെയ്തു മൂന്നു പേരും ഒരുമിച്ചു മദ്യപിക്കുകയായിരുന്നു.
ഇതിനിടയിൽ മദ്യലഹരിയിലായ രാജൻ വീടിനകത്തു പോയി കിടന്നുറങ്ങി. അതിനു ശേഷമാണു കൊലപാതകം നടന്നതെന്നാണു സൂചന.ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണു നാടിനെ നടുക്കിയ കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു.
തെറിവിളിയും ബഹളവും നാട്ടുകാർ കേട്ടിരുന്നെങ്കിലും സുഹൃത്തുക്കളായ ഇരുവരും തമ്മിൽ മദ്യലഹരിയിൽ ഇതെല്ലാം പതിവായതിനാൽ അയൽവാസികൾ കാര്യമാക്കിയില്ല.
ചാലക്കുടി ഡിവൈഎസ്പി വി.കെ.രാജു, അതിരപ്പിള്ളി എസ്എച്ച്ഒ മനേഷ് കെ.പൗലോസ്, എസ്ഐമാരായ മുഹമ്മദ് മുഹ്സിൻ, സി.പി.ഷിബു, എൻ.എസ്.റെജിമോൻ, കെ.എ.ജോയ്, എഎസ്ഐ നാഗേഷ്, സി.ടി.സിജോ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം രാത്രി എട്ടോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടം ഇന്നു നടത്തും.
അതിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നതും തെളിവെടുപ്പു നടത്തുന്നതും.
കൊലപാതകം നടന്നതറിഞ്ഞു വൻ ജനക്കൂട്ടം സ്ഥലത്തു തടിച്ചു കൂടി. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ പി.ആർ.ബിബിൻരാജ്, സൗമ്യ മോഹൻദാസ് എന്നിവർ സ്ഥലത്തെത്തി. സുധാകരൻ തൊഴിലുറപ്പു തൊഴിലാളിയാണ്.
സംസ്കാരം ഇന്നു 3നു കുന്നപ്പിള്ളിയിലെ മേലൂർ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ഷീല.
മക്കൾ: സലിത, നിമ്മി, ശ്രീഹരി. മരുമക്കൾ: അജു, ബിനീഷ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

