കാക്കനാട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം നാളെ തുടങ്ങും. ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലെ 2,220 വാർഡുകളിലേക്കുള്ള സ്ഥാനാർഥികളുടെ പത്രിക സ്വീകരിക്കാൻ 232 കേന്ദ്രങ്ങൾ സജ്ജമാക്കി. കൊച്ചി കോർപറേഷന് ആറും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികൾക്ക് നാലു വീതവും കേന്ദ്രങ്ങളാണ് പത്രികാ സമർപ്പണത്തിന് സജ്ജമാക്കിയിട്ടുള്ളത്.
ശേഷിക്കുന്ന 107 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പത്രിക സ്വീകരിക്കാൻ 2 വീതം കേന്ദ്രങ്ങളുണ്ട്. വരണാധികാരികളുടെയും ഉപ വരണാധികാരികളുടെയും ഓഫിസുകളിലാണ് പത്രിക സ്വീകരിക്കുന്നത്.
നാളെ 10ന് തിരഞ്ഞടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. 11 മുതൽ പത്രിക സമർപ്പിച്ചു തുടങ്ങും. പ്രവൃത്തി ദിവസങ്ങളിൽ 11 മുതൽ 3 വരെയാണ് പത്രികാ സമർപ്പണം.
അവസാന തീയതി 21.
തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ള 21 വയസ്സു തികഞ്ഞവർക്ക് ആ തദ്ദേശ സ്ഥാപനത്തിലെ ഏതു വാർഡിലേക്കും പത്രിക സമർപ്പിക്കാം. നാമനിർദേശം ചെയ്യുന്നയാൾ ആ വാർഡിലെ വോട്ടറായിരിക്കണം. പട്ടിക വിഭാഗ സംവരണ വാർഡിൽ മത്സരിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപന ജീവനക്കാർക്കു മത്സരിക്കാൻ അർഹതയില്ല. അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും കുടുംബശ്രീ സിഡിഎസ് അധ്യക്ഷർക്കും സ്ഥാനാർഥികളാകാൻ തടസ്സമില്ല.
സാക്ഷരത പ്രേരക്മാർ പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ പാടുള്ളു.
സർക്കാരിനു 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സർവീസ് സഹകരണ സംഘം ജീവനക്കാർക്ക് മത്സരിക്കാം. സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർ കരാർ കാലാവധി അവസാനിക്കുന്നതു വരെ മത്സരിക്കാൻ പാടില്ല.
സർക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഏതെങ്കിലും പണം അടയ്ക്കുന്നതിൽ കുടിശികയുണ്ടെങ്കിൽ സ്ഥാനാർഥിയാകാൻ അർഹതയില്ല. ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും നൽകാനുള്ള കുടിശിക ഇതിൽ ഉൾപ്പെടില്ല.
3 മാസത്തിൽ കൂടുതൽ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ ശിക്ഷ കാലായളവിലും ശിക്ഷാ കാലാവധി കഴിഞ്ഞു 6 വർഷം വരെയും അയോഗ്യരാണ്. ഒരാൾ ഒരു വാർഡിലേക്കു മാത്രമേ പത്രിക നൽകാവു.
ത്രിതല പഞ്ചായത്തുകളിലാണെങ്കിൽ ഒന്നിലധികം തലങ്ങളിലേക്കു മത്സരിക്കാം.
സ്ഥാനാർഥി മത്സരിക്കാൻ കെട്ടി വയ്ക്കേണ്ട തുക
∙ഗ്രാമ പഞ്ചായത്ത് 2,000 രൂപ.
∙ബ്ലോക്ക് പഞ്ചായത്ത്–മുനിസിപ്പാലിറ്റി 4,000 രൂപ.
∙ജില്ലാ പഞ്ചായത്ത്–കോർപറേഷൻ 5,000 രൂപ.
∙പട്ടിക വിഭാഗക്കാർ 50 ശതമാനം തുക അടച്ചാൽ മതി.
∙മൂന്നു സെറ്റ് വരെ പത്രിക നൽകാമെങ്കിലും ജാമ്യ സംഖ്യ ഒരു െസറ്റിനൊപ്പം മതി.
നാമനിർദേശ പത്രിക ഇവിടെ സമർപ്പിക്കാം
കാക്കനാട്∙ ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മത്സരിക്കുന്നവർക്ക് പത്രിക സമർപ്പിക്കാനുള്ള കേന്ദ്രങ്ങൾ ഇനി പറയുന്നു.
∙ജില്ലാ പഞ്ചായത്ത്: കലക്ടറേറ്റ്.
∙കൊച്ചി കോർപറേഷൻ: 1 മുതൽ 26 വരെ ഡിവിഷനുകൾ ഫോർട്ട്കൊച്ചി സബ് കലക്ടറുടെ കാര്യാലയം, 27–51 ജിസിഡിഎ ഓഫിസ്, 52–76 ജില്ലാ പ്ലാനിങ് ഓഫിസ്.
മുനിസിപ്പാലിറ്റികൾ
∙തൃക്കാക്കര: 1 മുതൽ 24 വരെ വാർഡുകൾ സ്ഥലമെടുപ്പ് ഡപ്യൂട്ടി കലക്ടറുടെ ഓഫിസ്, 25–48 ജില്ലാ എംപ്ലോയ്മെന്റ് ഓഫിസ്.
∙കളമശേരി: 1മുതൽ 23 വരെ വാർഡുകൾ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടറേറ്റ്, 24–46 മൈനർ ഇറിഗേഷൻ ഓഫിസ്.
∙തൃപ്പൂണിത്തുറ: 1 മുതൽ 27 വരെ വാർഡുകൾ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫിസ്, 28–53 ജില്ലാ വ്യവസായ കേന്ദ്രം.
∙മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസ്.
∙കോതമംഗലം: കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫിസ്.
∙പെരുമ്പാവൂർ: വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റ്.
∙ആലുവ: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫിസ്.
∙പറവൂർ: ജില്ലാ സപ്ലൈ ഓഫിസ്.
∙അങ്കമാലി: ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടറേറ്റ്.
∙ഏലൂർ: ലീഗൽ മെട്രോളജി ഡപ്യൂട്ടി ഡയറക്ടറേറ്റ്.
∙മരട്: ജില്ലാ പട്ടികജാതി വികസന ഓഫിസ്.
∙പിറവം: മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്.
∙കൂത്താട്ടുകുളം: പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ്.
ബ്ലോക്ക് പഞ്ചായത്തുകൾ
∙പറവൂർ ബ്ലോക്ക് പഞ്ചായത്ത്: ഭൂപരിഷ്കരണ ഡപ്യൂട്ടി കലക്ടറുടെ കാര്യാലയം.
∙ആലങ്ങാട്: ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറേറ്റ്.
∙അങ്കമാലി: ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസ്.
∙കൂവപ്പടി: ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ്.
∙വാഴക്കുളം: ജില്ലാ വനിത ശിശുക്ഷേമ ഓഫിസ്.
∙ഇടപ്പള്ളി: എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫിസ്.
∙വൈപ്പിൻ: ജില്ലാ ലേബർ ഓഫിസ്.
∙പള്ളുരുത്തി: റവന്യു റിക്കവറി ഡപ്യൂട്ടി കലക്ടറുടെ കാര്യാലയം.
∙മുളന്തുരുത്തി: ജില്ലാ റജിസ്ട്രാർ ഓഫിസ്. ∙വടവുകോട്: പൊതുമരാമത്ത് റോഡ്സ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം. ∙കോതമംഗലം: ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ്. ∙പാമ്പാക്കുട: പൊതുമരാമത്ത് മൂവാറ്റുപുഴ റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം. ∙പാറക്കടവ്: സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസ്. ∙മൂവാറ്റുപുഴ: ആർഡിഒ ഓഫിസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

