കുളത്തൂപ്പുഴ∙ ബാലക ശ്രീധർമശാസ്താ ക്ഷേത്ര കവാടമായ അമ്പലക്കടവിലെ പുതിയ പാലം പണി നടക്കുന്നതിനു സമീപം പഴയ പാലത്തിനു താഴെ കല്ലടയാറ്റിൽ മണ്ണും ചെളിയും അടിഞ്ഞ് നികന്നതോടെ കടവിലെ തിരുമക്കൾ എന്ന മത്സ്യക്കൂട്ടത്തിന്റെ നിലനിൽപ് ഭീഷണിയിൽ. കടവ് നികന്നതോടെ ഭൂരിഭാഗം മത്സ്യക്കൂട്ടങ്ങളും ആഴമുള്ള ഭാഗത്തേക്കു ഉൾവലിഞ്ഞു.
മണ്ണും ചെളിയും കാരണം ഒട്ടേറെ മത്സ്യങ്ങൾക്ക് ജീവഹാനി നേരിട്ടെന്നും പരാതിയുണ്ട്. മണ്ണും ചെളിയും നീക്കികടവിൽ ആഴം കൂട്ടി മത്സ്യക്കൂട്ടത്തിനു സംരക്ഷണം ഒരുക്കണമെന്ന ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡും പാലം പണിയുടെ കരാർ എടുത്തവരും അവഗണിക്കുകയാണെന്നാണ് ആക്ഷേപം .
ദേവസ്വം ബോർഡ് കമ്മിഷണർ, ശബരിമല സ്പെഷൽ കമ്മിഷണർ, പത്തനംതിട്ട
ഡപ്യൂട്ടി കമ്മിഷണർ എന്നിവരുടെ സംഘം ക്ഷേത്രത്തിൽ സീസണുമായി ബന്ധപ്പെട്ട സൗകര്യത്തിൽ വിലയിരുത്തിയിരുന്നു. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെ മത്സ്യങ്ങൾക്ക് വഴിപാടു നടത്താനും കടവിൽ കുളിക്കാനുമുള്ള തീർഥാടകരുടെ സൗകര്യം തടസ്സപ്പെട്ടതു പരിഹരിക്കാൻ ഇപ്പോഴും നടപടിയില്ല.
6 മാസം മുൻപ് തുടങ്ങിയ പുതിയ പാലം നിർമാണം മഴ വില്ലനായതോടെ ഇഴയുകയാണ്. പാലത്തിന്റെ തൂണുകൾ നിർമിക്കാനായി കല്ലടയാറ്റിൽ മണ്ണിട്ട് ഉയർത്തിയിരുന്നു.
കുളിക്കടവ് പണിയുമായി ബന്ധപ്പെട്ട് നികത്തിയ മണ്ണും ഒഴുക്കിൽ വന്ന മണ്ണും ചെളിയും മണലും പഴയ പാലത്തിനു താഴെ അടിഞ്ഞു തുരുത്തു രൂപപ്പെട്ടതാണു പ്രതിസന്ധിയായത്.പാലത്തിന്റെ തൂണുകൾ പണിയാനായി മണ്ണിട്ട് ഉയർത്തിയ ഭാഗം മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി .
തൂണുകൾ പണിയാനായി തയാറാക്കിയ കമ്പികളും തകർന്നു. ഇവിടെ ഒരുവശത്തു കൂടിയാണു വെള്ളമൊഴുക്ക്. ഒരുഭാഗത്തെ പണി പൂർത്തിയാക്കിയ ശേഷം മറുഭാഗത്തെ പണികൾക്കായി തടയണ പണിയാൻ മണ്ണ് നീക്കുമെന്നും അപ്പോൾ ഒഴുക്കിന്റെ ഗതി മാറ്റുമെന്നാണ് അധികൃതരുടെ മറുപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

