രാജകുമാരി ∙ അധികൃതരുടെ വാഗ്ദാനങ്ങൾ ജലരേഖയോ? ഡിജിറ്റൽ സർവേ പൂർത്തിയായ സ്ഥലങ്ങളിലെ സർവേ സ്കെച്ച് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളിൽ പട്ടയമില്ലാത്ത കൈവശഭൂമി സംബന്ധിച്ച് കൈവശക്കാരന്റെ പേര് രേഖപ്പെടുത്തുന്നില്ല. 2023ൽ വാത്തിക്കുടി വില്ലേജിൽ ഡിജിറ്റൽ റീസർവേ നടത്തിയപ്പോൾ കൈവശ ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു.
രേഖകളില്ലാതെ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ റെക്കോർഡുകളിൽ സർക്കാരിന്റെ പേര് രേഖപ്പെടുത്തണമെന്നായിരുന്നു സർവേ ഡയറക്ടർ നൽകിയ നിർദേശം.
കൈവശം വച്ചിരിക്കുന്നയാളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതില്ലെന്നും കത്തിൽ നിർദേശിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ എൽഡിഎഫ് സംഘം റവന്യു വകുപ്പ് മന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചു.
ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആർക്കും ഭൂമി നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്ന തരത്തിൽ ജില്ലയിലെ എല്ലാ വില്ലേജുകളിലും കൈവശക്കാരന്റെ പേര് രേഖപ്പെടുത്തുന്നതിന് തീരുമാനമായെന്നായിരുന്നു മന്ത്രി അറിയിച്ചത്. എന്നാൽ ഇപ്പോൾ സർവേ പൂർത്തിയായ വില്ലേജുകളിൽ ഉൾപ്പെടെ പട്ടയമില്ലാത്ത കൈവശ ഭൂമിയുമായി ബന്ധപ്പെട്ട് റിമാർക്സ് കോളത്തിൽ കൈവശക്കാരന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല.
ജില്ലയിൽ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് റീസർവേ രേഖകളിൽ കൈവശക്കാരന്റെ പേര് രേഖപ്പെടുത്താത്തത് എന്നാണ് വിവരം. എന്നാൽ മറ്റു ജില്ലകളിൽ ഇൗ പ്രശ്നമില്ല.
ഉടമസ്ഥതാ രേഖയില്ലാതെ ദീർഘകാലമായി പ്രമാണപ്രകാരമുള്ള ഭൂമിയോടാെപ്പം ചേർന്ന് കൈവശക്കാരൻ അനുഭവിച്ചു വരുന്ന ഭൂമികൂടി ക്രമീകരിച്ചു നൽകുന്നതിനുള്ള ബിൽ 2 മാസം മുൻപ് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഇതുവരെ ഡിജിറ്റൽ സർവേ നടത്തിയ 60 ലക്ഷം ലാൻഡ് പാഴ്സലുകളിൽ 50 ശതമാനത്തിൽ അധികം ഭൂമിയിൽ അധിക ഭൂമി കണ്ടെത്തിയിട്ടുണ്ട്.
ഇത് ദീർഘകാലമായി പ്രമാണപ്രകാരമുള്ള ഭൂമിയോടാെപ്പം കൈവശക്കാരൻ അനുഭവിച്ചു വരുന്നതാണ്. എന്നാൽ ഇത്തരം അധിക ഭൂമിക്ക് ഉടമസ്ഥതാരേഖ അല്ലെങ്കിൽ ‘ടൈറ്റിൽ’ ഇല്ല എന്നതായിരുന്നു പ്രധാന പ്രശ്നം.
സെറ്റിൽമെന്റ് ആക്ട് പ്രാബല്യത്തിലാകുന്നതോടെ ഇൗ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് റവന്യു വകുപ്പ് അധികൃതരുടെ വാദം.
എന്നാൽ പട്ടയമില്ലാത്ത അധിക ഭൂമി സർക്കാർ തരിശ്, അല്ലെങ്കിൽ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി ഡിജിറ്റൽ സർവേ രേഖകൾ തയാറാക്കുമ്പോൾ കൈവശക്കാരന് ഇൗ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയുണ്ട്. ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് റവന്യു വകുപ്പ് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്നത്.
പക്ഷേ ഭൂപ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ ജില്ലയിലെ സാധാരണക്കാരുടെ ആശങ്കകൾക്ക് അവസാനമില്ല.
സർവേ ഇതുവരെ
ജില്ലയിൽ ഇതുവരെ 1,33,565 ഹെക്ടർ ഭൂമി ഇതുവരെ സർവേ ചെയ്തു. 13 വില്ലേജുകളിൽ നടപടികൾ പൂർത്തിയാക്കി ആക്ട് 9(2) പ്രകാരം വിജ്ഞാപനം പുറത്തിറക്കി.
പരാതികൾ പരിഹരിച്ച് ആക്ട് 13 പ്രകാരം അന്തിമ വിജ്ഞാപനമിറങ്ങുന്നതോടെ നടപടികൾ പൂർത്തിയാകും. ജില്ലയിൽ ആദ്യമായി ചതുരംഗപ്പാറ വില്ലേജിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കി, അന്തിമ വിജ്ഞാപനമിറക്കുകയും രേഖകൾ റവന്യു ഭരണ വിഭാഗത്തിനു കൈമാറുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

