കൊച്ചി∙ വിശുദ്ധ ജീവിതത്തിന്റെ വാടാത്ത സൗരഭം അൾത്താര വണക്കത്തിനു യോഗ്യമെന്നു പെനാങ് ആർച്ച് ബിഷപ് കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപിക്കുമ്പോൾ വല്ലാർപാടം ബസിലിക്കയിൽ പള്ളിമണികൾ മുഴങ്ങി. നൂറ്റാണ്ടു കഴിഞ്ഞിട്ടും ഉറവുവറ്റാത്ത അനുഗ്രഹത്തിന്റെയും കൃതജ്ഞതയുടെയും രൂപമായി മദർ ഏലീശ്വായുടെ തിരുസ്വരൂപം ഇനി വിശ്വാസികളുടെ വണക്കത്തിനു യോഗ്യം.
മദർ ഏലീശ്വായുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ജീവിതം അനേകർക്കു പ്രചോദനമാകുമെന്നു കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. ഗർഭാവസ്ഥയിൽ ശാരീരിക വൈകല്യമുണ്ടായിരുന്ന കുട്ടിക്ക് മാതാപിതാക്കൾ മദർ ഏലീശ്വായുടെ മധ്യസ്ഥതയിൽ നടത്തിയ പ്രാർഥനയുടെ ഫലമായി വൈകല്യം മാറിക്കിട്ടിയതാണു മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ ഇടയായ അദ്ഭുതമെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു അത്ഭുതം കൂടി വൈകാതെ സംഭവിക്കാൻ പ്രാർഥിക്കാൻ വിശ്വാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു.വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ തയാറാക്കിയ അൾത്താരയിൽ നടന്ന ശുശ്രൂഷകൾക്കിടെ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തി.
വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേലി സന്ദേശം നൽകി.
കുർബാനയ്ക്കു ശേഷം ഏലീശ്വായുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു.
കെആർഎൽസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സുവനീർ പ്രകാശനം നിർവഹിച്ചു.
കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം സിടിസി സന്യാസിനി സഭാ സുപ്പീരിയർ ജനറൽ ഷഹീലയ്ക്കു ആദ്യ കോപ്പി നൽകി ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രകാശനം ചെയ്തു.
ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകൾ സമാപിച്ചു.
തുടർന്ന് ഏലീശ്വാ ചരിതം ഗാനശിൽപത്തിന്റെ അവതരണമുണ്ടായിരുന്നു.
തിരുക്കർമങ്ങൾക്കു മുന്നോടിയായി വരാപ്പുഴ അതിരൂപത കെഎൽസിഎ, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തിൽ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ നിന്ന് ആരംഭിച്ച മദർ ഏലീശ്വായുടെ ഛായാ ചിത്രപ്രയാണവും, വരാപ്പുഴ സെന്റ് ജോസഫ് കോൺവന്റിലെ മദർ ഏലീശ്വായുടെ സ്മൃതി മന്ദിരത്തിൽ നിന്ന് ആരംഭിച്ച ലോഗോ പ്രയാണവും, ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണവും വല്ലാർപാടം ബസിലിക്കയുടെ മുഖ്യകവാടത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ, വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സിടിസി സുപ്പീരിയർ ജനറൽ മദർ ഷാഹില എന്നിവർ ചേർന്നു സ്വീകരിച്ചു.
സാക്ഷ്യം വഹിക്കാൻ ജനസാഗരം
വല്ലാർപാടം∙ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട
പദവി പ്രഖ്യാപനത്തിനു വല്ലാർപാടം ബസിലിക്കയിലേക്കു ജീവിതത്തിന്റെ നാനാതുറകളിൽ നിന്നു പതിനായിരങ്ങൾ ഒഴുകിയെത്തി. വിശാലമായ റോസരി പാർക്കിലെ പന്തൽ നിറഞ്ഞു കവിഞ്ഞ വിശ്വാസികൾ സമീപത്തെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലും നിരന്നു.
നൂറിലധികം ഗായകർ ഏഴു ഭാഷകളിൽ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായി.
സിടിസി സന്യാസിനികളും ഓസിഡി വൈദികരും ബ്രദേഴ്സും ഉൾപ്പെടെയുള്ള സംഘം മലയാളത്തിനു പുറമേ ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ, ജർമൻ ഭാഷകളിലാണ് ഗാനങ്ങൾ ആലപിച്ചത്. ഡോ.പ്രിമൂസ് പെരിഞ്ചേരി, സിന്ധു പീറ്റർ മുള്ളൂർ എന്നിവർ രചിച്ച ഏലീശ്വാമ്മയെക്കുറിച്ചുള്ള ഗാനങ്ങളുമുണ്ടായിരുന്നു. എൽഡ്രിജ് ഐസക്, സിസ്റ്റർ മിൽഡ എന്നിവർ ഈണം നൽകി.
സംഗീതജ്ഞൻ റെക്സ് ഐസക് നേതൃത്വം നൽകി. കെ.എസ്.വിത്സൺ ഓർക്കസ്ട്ര നയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

