തൃശൂർ ∙ ക്ഷേത്രകലകളുടെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കാനാകണമെന്നും റീലുകളുടെ കാലത്തും ഏറെ സമയത്തെ ശ്രദ്ധ ആവശ്യമുള്ള കലകൾ പിന്തള്ളപ്പെട്ടുപോകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ബെംഗളൂരു ആത്മാലയ അക്കാദമിയുടെ സമർപ്പണം വാർഷിക അവാർഡ് വിതരണം ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു.
ദേവിക ആൻഡ് ചാക്യാർ രാജൻ അവാർഡ് പതിയിൽ നാരായണ ചാക്യാരും കോകിലം ആൻഡ് ശങ്കരി അവാർഡ് വാദ്യകലാകാരൻ കുഞ്ഞാരുവും ആത്മാലയ വഗീയകര അവാർഡ് പി.എസ്.കൃഷ്ണമൂർത്തിയും ഏറ്റുവാങ്ങി.
ചാക്യാർക്കൂത്ത് കലാകാരൻ ആയിരുന്ന കെ.കെ.രാജനും പത്നി ദേവിക രാജനും ചേർന്നു രൂപം നൽകിയ കലാസംഘടനയാണു പിന്നീട് മകൾ പത്മജ ആത്മാലയ എന്ന പേരിൽ ഏറ്റെടുത്തത്.
കുട്ടൻകുളങ്ങര ക്ഷേത്രത്തിൽ ചാക്യാർ വരാതിരുന്നപ്പോൾ പെട്ടെന്ന് കൂത്ത് അവതരിപ്പിക്കാനുള്ള നിയോഗം ഏറ്റെടുത്താണ് ഇരുപതാമത്തെ വയസ്സിൽ അച്ഛൻ ചാക്യാർ ആയതെന്ന് അദ്ദേഹത്തിന്റെ മകനും മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജുമായ ജസ്റ്റിസ് ശ്രീറാം പറഞ്ഞു.
ഇംഗ്ലിഷിലും ഹിന്ദിയിലുമൊക്കെ അദ്ദേഹം ചാക്യാർക്കൂത്ത് അവതരിപ്പിച്ചിരുന്നത് സവിശേഷമായി കാണേണ്ട കാര്യമാണെന്ന് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
തൃശൂരിൽ നിന്ന് ജോലി ആവശ്യാർഥം മുംബൈയിലേക്ക് താമസം മാറ്റിയ ശേഷം അവിടെയും രാജൻ ചാക്യാർക്കൂത്ത് വേദികളിൽ സജീവമാവുകയായിരുന്നു.
നൃത്തസന്ധ്യയിൽ പത്മജ സുരേഷും ശിഷ്യരും അവതരിപ്പിച്ച ഭരതനാട്യം, സരിത മിശ്രയുടെ ഒഡീസി, സ്വപ്ന രാജേന്ദ്രകുമാറിന്റെ മോഹിനിയാട്ടം എന്നിവ നടന്നു. കേരള സംഗീത നാടക അക്കാദമിയുമായി ചേർന്നാണ് ആത്മാലയ പരിപാടി സംഘടിപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

