കൊല്ലം ∙ പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ എത്രയും പെട്ടെന്നു നീക്കണമെന്നും ഷെൽറ്റർ ഹോമുകളിൽ പാർപ്പിക്കണമെന്നും തെരുവുനായ് പ്രശ്നത്തിൽ സുപ്രീം കോടതി വ്യക്തമാക്കുമ്പോഴും ജില്ലയിൽ ഇനിയും ഒരൊറ്റ ഷെൽറ്റർ ഹോമുമില്ല. നാൾക്കുനാൾ തെരുവുനായ് പ്രശ്നം രൂക്ഷമാകുമ്പോഴും മറുപടിയോ നടപടികളോ ഇല്ലാതെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിയോട്ടുമലയിൽ എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്ററിനോടൊപ്പം ഒരു ഷെൽറ്റർ ഹോമിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട് എന്നതാണ് ഏക ആശ്വാസം.
ഒരേസമയം 9 നായ്ക്കളെ വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധിക്കുന്ന ഇവിടെ സർജറി കഴിഞ്ഞുള്ള 25 നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഉണ്ടാവുക. വളരെ പരിമിതമാണെങ്കിലും ഒരു മാസത്തിനുള്ളിൽ ഈ എബിസി സെന്ററും ഷെൽറ്റർ ഹോമും പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതല്ലാതെ മറ്റൊരു ഷെൽറ്റർ ഹോമും നിലവിൽ ജില്ലയിൽ പ്രവർത്തിക്കുകയോ നിർമാണം ആരംഭിക്കുകയോ ചെയ്തിട്ടില്ല. ജില്ലയിൽ കൊട്ടിയത്ത് സ്വകാര്യ ഷെൽറ്റർ സംവിധാനമുണ്ട്.
സ്ഥലം കണ്ടെത്തുന്നതിനെ ചൊല്ലിയുണ്ടാവുന്ന തർക്കങ്ങളും നടപടിക്രമങ്ങളുമാണ് ഷെൽറ്റർ ഹോമുകൾ സ്ഥാപിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളാണ് വിഷയത്തിൽ മുൻകൈ എടുക്കേണ്ടത്. കൊല്ലം കോർപറേഷനിലോ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ നഗരസഭകളിലോ ഇതുവരെ ഷെൽറ്റർ ഹോമുകൾ നിർമിച്ചിട്ടില്ല.
പഞ്ചായത്ത് തലങ്ങളിൽ ഇത് സംബന്ധിച്ചുള്ള ആലോചനകൾ പോലും കുറവാണ്.
ജില്ലയിൽ കൊല്ലം കോർപറേഷന്റെ കീഴിൽ അഞ്ചാലുംമൂട്ടിലും പുന്തലത്താഴത്തും പ്രവർത്തിക്കുന്ന 2 എബിസി സെന്ററുകളാണ് നിലവിലുള്ളത്. എന്നാൽ ഇവിടെ പോലും 10 തെരുവുനായ്ക്കളെ വരെ മാത്രമേ ഒരു ദിവസം വന്ധീകരിക്കാൻ സാധിക്കുകയുള്ളൂ.
പുന്തലത്താഴത്തെ എബിസി സെന്ററിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം മാത്രമാണ് ആരംഭിച്ചത്. എബിസി സെന്ററിൽ നിന്ന് വന്ധ്യംകരിക്കുന്ന തെരുവുനായ്ക്കളെ പുറത്തേക്ക് തന്നെ വിടുകയാണ് നിലവിൽ ചെയ്യുന്നത്.
പരുക്കേറ്റതോ രോഗങ്ങൾ പിടിപെട്ടതോ ആയ തെരുവുനായ്ക്കൾ വഴിയോരങ്ങളിൽ കിടന്നു ചാകുകയാണ് പതിവ്.
ജില്ലയിൽ എഴുപതിനായിരത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. പ്രധാനമായി രാത്രികളിൽ ഇറങ്ങി നടക്കാനോ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാനോ സാധിക്കാത്ത വിധം മിക്ക ഇടങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
എബിസി സെന്ററുകളും ഷെൽറ്റർ ഹോമുകളും ഒരുക്കി ഇവയെ എത്രയും പെട്ടെന്നു കൃത്യമായി നിയന്ത്രിക്കാൻ സാധിക്കണമെന്നാണ് ആവശ്യമുയരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

