അടിമാലി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാത 85ൽ അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ലക്ഷം വീട് നഗർ ഭാഗത്ത് തടസ്സപ്പെട്ട ഗതാഗതം ഒറ്റ വരിയായി പുനഃസ്ഥാപിക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനം. കഴിഞ്ഞ 25നു രാത്രി 10 മണിയോടെ ഇവിടെ ഉണ്ടായ മണ്ണിടിച്ചിലിൽ ലക്ഷം വീട് നഗറിലെ 8 വീടുകൾ പൂർണമായി തകരുകയും പാത മണ്ണിനടിയിലാകുകയുമായിരുന്നു.
വീട് തകർന്ന് നെടുമ്പിള്ളിക്കുടി ബിജു മരിച്ചു. ബിജുവിന്റെ ഭാര്യ സന്ധ്യ സാരമായ പരുക്കുകളോടെ ഇപ്പോഴും രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 14 ദിവസമായി തടസ്സപ്പെട്ട
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് യോഗത്തിൽ തീരുമാനമായത്. ഇതുപ്രകാരം ഒറ്റ വരിയായി വാഹനങ്ങൾ കടത്തിവിടാനാവശ്യമായ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ ദേശീയപാതാ അതോറിറ്റി, ജില്ലാ പൊലീസ് മേധാവി, ജില്ലാ ആർടിഒ എന്നിവർ ഏർപ്പെടുത്തണം.
ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭാരം കൂടിയ വലിയ വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവ ഇതുവഴി കടത്തിവിടാൻ പാടില്ല.
ഗതാഗതം പുനഃസ്ഥാപിക്കുന്ന സമയം മുതൽ ഈ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യതയുണ്ടാകുകയോ, റോഡിലെ വിള്ളലുകൾ വലുതാകുകയോ ചെയ്യുന്നുണ്ടോ എന്ന് ദേശീയപാതാ അതോറിറ്റി നിരീക്ഷിക്കണം. അത്തരം സാഹചര്യമുണ്ടായാൽ ഉടൻ തന്നെ ഗതാഗതം നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണം. ഏതാനും ദിവസം ഒറ്റ വരിയായുള്ള ഗതാഗതം തുടരും.
പിന്നീട് അപകട സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കലക്ടറുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഭാരവാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മണ്ണ് പൂർണമായി നീക്കാത്തതിൽ ആശങ്ക
അടിമാലി ∙ ലക്ഷം വീട് നഗറിന് സമീപം ദേശീയപാതയിലുണ്ടായ മലയിടിച്ചിലിൽ റോഡിലേക്ക് പതിച്ച മണ്ണ് പൂർണമായും നീക്കം ചെയ്യാൻ, ദുരന്തം അരങ്ങേറി 14 ദിവസങ്ങൾ പിന്നിടുമ്പോഴും ദേശീയപാതാ അധികൃതർക്ക് കഴിയാത്തതിൽ വ്യാപക പ്രതിഷേധം.
ഒരു വാഹനത്തിന് കടന്നു പോകാൻ കഴിയും വിധമാണ് ഇവിടെയിപ്പോൾ മണ്ണ് നീക്കം ചെയ്തിരിക്കുന്നത്. കട്ടിങ് സൈഡിൽ ഇടിഞ്ഞിരിക്കുന്ന മണ്ണ് ഏതു നിമിഷവും ദേശീയപാതയിലേക്ക് പതിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇതിനു സമീപത്തു താമസിക്കുന്ന ദേവസിയുടെ കൃഷിയിടത്തിൽ ഉണ്ടായിട്ടുള്ള വിള്ളൽ ഗൗരവമുള്ളതാണെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനു പരിഹാരം കാണാൻ കൂട്ടാക്കിയിട്ടില്ല.
ഇപ്പോൾ മണ്ണ് നീക്കം ചെയ്ത ഭാഗത്ത് കട്ടിങ് സൈഡിൽ ഉറവ ഉള്ളതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇവിടെ ഇടിഞ്ഞു കിടക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അതേസമയം, കട്ടിങ് സൈഡിൽ 120 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് ദേശീയപാതാ അധികൃതരുടെ വിശദീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

