റെക്കോർഡുകൾ തകർത്ത് മുന്നേറുന്നതിനിടെ ആഗോള ഓഹരി വിപണികളിൽ കനത്ത ഇടിവിനുവഴിവച്ച് ‘നിർമിത ബുദ്ധിയുടെ’ (എഐ) വില്ലത്തരം! എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികളിലുണ്ടായ കനത്ത വിറ്റൊഴിയൽ സമ്മർദം ഓഹരി വിപണികളെയാകെ ഉലച്ചു.
ഇതിനിടെ ‘അവധി’ കിട്ടിയത് ഇന്ത്യൻ വിപണിക്ക് ആശ്വാസവുമാണ്.
ടെക് മേഖലയിലെ കമ്പനികൾ കഴിഞ്ഞ ഏതാനും നാളുകളായി എഐ പദ്ധതികളുടെ വികസനത്തിന് വൻതോതിൽ പണമൊഴുക്കിയിരുന്നു. പിന്നാലെ ഇവയുടെ ഓഹരിവില കത്തിക്കയറുകയും ചെയ്തു.
ഇതോടെ, വില അധികരിച്ചുവെന്ന (ഓവർ വാല്യൂവേഷൻ) പേടി നിക്ഷേപകരിൽ നിറഞ്ഞതാണ് വിറ്റൊഴിയൽ മനോഭാവത്തിന് വഴിതുറന്നതും ഓഹരികളെ വീഴ്ചയിലേക്ക് നയിച്ചതും.
യുഎസിൽ ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് 2.04% ഇടിഞ്ഞു. ഡൗ ജോൺസ് 0.53%, എസ് ആൻഡ് പി 500 സൂചിക 1.17% എന്നിങ്ങനെയും നഷ്ടത്തിലായി.
ഫ്യൂച്ചേഴ്സ് വിപണിയിൽ നാസ്ഡാക് 0.4%, എസ് ആൻഡ് പി500 1.2%, ഡൗ ജോൺസ് 0.1% താഴ്ന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് സൂചിക ഇടിഞ്ഞത് 4.02 ശതമാനം.
കഴിഞ്ഞദിവസങ്ങളിൽ റെക്കോർഡ് മുന്നേറ്റവുമായി 50,000 പോയിന്റ് എന്ന നാഴികക്കല്ല് ഭേദിച്ച സൂചികയാണ് വൻ തകർച്ചയിലേക്ക് വീണത്.
എഐ കമ്പനികളെ വലിയതോതിൽ പിന്തുണയ്ക്കുന്ന സോഫ്റ്റ് ബാങ്കിന്റെ ഓഹരികൾ 13% ഇടിഞ്ഞതും ആശങ്കകൂട്ടി. അഡ്വാന്റസ്റ്റ് 8%, റെനസസ് ഇലക്ട്രോണിക്സ് 5.48%, തായ്വാൻ ചിപ് നിർമാതാക്കളായ ടിഎസ്എംസി 2%, ആലിബാബ 3%, ടെൻസെന്റ് 2%, പാലന്റീയർ 8%, എഎംഡി 4%, ഓറക്കിൾ 4%, എൻവിഡിയ 3.96%, ആമസോൺ 1.84% എന്നിങ്ങനെയാണ് എഐയ്ക്ക് വലിയ ശ്രദ്ധകൊടുക്കുന്ന കമ്പനികളുടെ ഓഹരികൾ ആഗോളതലത്തിൽ നേരിട്ട
നഷ്ടം.
ദക്ഷിണ കൊറിയൻ ഓഹരി സൂചികയായ കോസ്പി 5.97% തകർച്ചയിലായി. ഹോങ്കോങ്ങിന്റെ ഹാങ്സെങ് 1.36%, ചൈനയിൽ ഷാങ്ഹായ് 0.56%, യൂറോപ്പിൽ ഡാക്സ് 0.76%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.64% എന്നിങ്ങനെയും താഴ്ന്ന് വ്യാപാരം ചെയ്തു.
ഇതിനിടെ യുഎസ് ധനകാര്യ/നിക്ഷേപ സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി എന്നിവ ആശങ്കവിതയ്ക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയതും തിരിച്ചടിയായി.
ഓഹരികൾ ആഗോളതലത്തിൽ കഴിഞ്ഞ ഏതാനും നാളുകളായി റെക്കോർഡ് തകർത്തുമുന്നേറിയത് വലിയൊരു ഇടിവിന് വഴിവയ്ക്കുമെന്നാണ് ഇവയുടെ പ്രവചനം. യുഎസ്, ജപ്പാൻ, കൊറിയ ഓഹരികൾ സർവകാല ഉയരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.
യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവുവന്നതിന് പിന്നാലെ ചൈനീസ് ഓഹരികളും മുന്നേറി.
അതുകൊണ്ടുതന്നെ, പല ഓഹരികളുടെയും വില അധികരിച്ചു (ഓവർ വാല്യൂഡ്). ഇത് വലിയൊരു തിരുത്തലിന് (ഇടിവ്) വഴിയൊരുക്കുമെന്നാണ് പ്രവചനം.
എന്നിരുന്നാലും, ഏഷ്യൻ വിപണികൾ തിരിച്ചുകയറുമെന്നും ഹോങ്കോങ്, ചൈന, ജപ്പാൻ, ഇന്ത്യ വിപണികൾ വരുംനാളുകളിലും തിളങ്ങുമെന്നും മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്ക് പറഞ്ഞു. താരിഫ്, വ്യാപാരയുദ്ധങ്ങൾ ശമിക്കുന്നതാണ് പ്രധാന കരുത്താവുകയെന്നും ടെഡ് വ്യക്തമാക്കി.
ട്രംപിന് വീണ്ടും തിരിച്ചടി; സെനറ്റിൽ തോറ്റു!
സുപ്രീം കോടതിയിലും..?
യുഎസിൽ ഭരണസ്തംഭനം (ഗവൺമെന്റ് ഷട്ട്ഡൗൺ) ഒഴിവാക്കാനുള്ള ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. ഇതോടെ, യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ എന്ന മോശം പ്രതിച്ഛായയിലേക്ക് ട്രംപ് നയിക്കുന്ന സർക്കാരിന്റെ സ്തംഭനം നീങ്ങുകയാണ്.
ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ തൊഴിലില്ലായ്മക്കണക്ക് ഉൾപ്പെടെയുള്ള പല റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കാതെ ഗവൺമെന്റ് പൂഴ്ത്തിവയ്ക്കുന്നതും സാമ്പത്തികമേഖലയെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ച ഫെഡറൽ റിസർവ്, ഡിസംബറിലെ യോഗത്തിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന സൂചന നൽകിക്കഴിഞ്ഞു. പണപ്പെരുപ്പം കൂടുന്നതിന് പുറമേ സർക്കാർ പല റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കാത്തതാണ് ഈ നീക്കത്തിന് പിന്നിൽ.
പലിശനിരക്ക് ഇനി സമീപഭാവിയിലെങ്ങും കുറയില്ലെന്ന വിലയിരുത്തൽ ശക്തമായതോടെ ഡോളറും ട്രഷറി യീൽഡും കരുത്താർജിച്ചു തുടങ്ങി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിലെത്തി.
10-വർഷ ട്രഷറി യീൽഡ് 4.05 ശതമാനത്തിൽ തുടരുന്നു.
ട്രംപ് ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ കടുത്തവാശിയോടെ പ്രഖ്യാപിച്ച പകരംതീരുവയുടെ ഭാവി ഇന്നറിയാമെന്നതും ആഗോളതലത്തിൽ ആകാംക്ഷയും ആശങ്കയും വിതയ്ക്കുന്നുണ്ട്. ട്രംപിന് ഇങ്ങനെ ഏകപക്ഷീയമായി പകരംതീരുവ പ്രഖ്യാപിക്കാൻ അധികാരമില്ലെന്നും അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നും രണ്ട് കോടതികൾ വിധിച്ചിരുന്നു.
ഇതിനെതിരെ ട്രംപ് നൽകിയ അപ്പീലിന്മേൽ യുഎസ് സുപ്രീം കോടതി ഇന്നാണ് വിധിപറയുന്നത്.
സുപ്രീം കോടതിയിലും തോറ്റാൽ ഭൂരിഭാഗം പകരംതീരുവകളും ഇല്ലാതാകും. നിലവിൽ 50% ഇറക്കുമതി തീരുവയുള്ള ഇന്ത്യയ്ക്കത് വൻ ആശ്വാസവുമാകും.
മറിച്ച്, തീരുവകൾ സുപ്രീം കോടതി ശരിവച്ചാൽ ട്രംപ് കൂടുതൽ കരുത്തനാകും. ഇന്ത്യയ്ക്കത് വൻ ക്ഷീണവുമാകും.
ഇന്ത്യ-യുഎസ് വ്യാപാരച്ചർച്ചകൾ ഇനിയും സമവായത്തിന്റെ പാതയിലേക്ക് എത്തിയിട്ടുമില്ല.
ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം
ആഗോളതലത്തിൽ ഓഹരി വിപണികൾ നഷ്ടക്കാറ്റിൽ ഉലയുന്നതിനിടെ ഇന്ത്യൻ വിപണികൾക്ക് ആശ്വാസമായി ഇന്ന് അവധിയാണ്. ഗുരു നാനക് ജയന്തി പ്രമാണിച്ച് സെൻസെക്സും നിഫ്റ്റിയും ഇന്ന് അടഞ്ഞുകിടക്കും.
ഇന്നലെ നിഫ്റ്റി 0.64% താഴ്ന്ന് 25,597ലും സെൻസെക്സ് 0.62% നഷ്ടവുമായി 83,459ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ എസ്ബിഐയുടെ സെപ്റ്റംബർപാദ പ്രവർത്തനഫലം ഇന്നലെ പുറത്തുവന്നു. ലാഭം 10% ഉയർന്ന് 20,160 കോടി രൂപയാണ്.
പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയാണ് എസ്ബിഐയുടെ ഈ മികച്ച പ്രകടനം. ലാഭം 17% ഇടിഞ്ഞ് 17,000 കോടി നിലവാരത്തിലാകുമെന്നായിരുന്നു ബ്രോക്കറേജുകളുടെ പ്രവചനം.
∙ അദാനി എന്റർപ്രൈസസിന്റെ ലാഭം 84% ഉയർന്ന് 3,199 കോടി രൂപയിലെത്തി.
∙ സുസ്ലോൺ എനർജിയുടെ ലാഭക്കുതിപ്പ് 538 ശതമാനമാണ്.
മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ലാഭം. പ്രവർത്തന വരുമാനം 85 ശതമാനവും ഉയർന്നു.
സ്വർണം ഇടിയുന്നു, എണ്ണവിലയും താഴേക്ക്
ഡോളറും ബോണ്ട് യീൽഡും കുതിക്കുന്നത് സ്വർണ നിക്ഷേപങ്ങളുടെ ശോഭ കെടുത്തുകയാണ്.
വിൽപനസമ്മർദം കനത്തതോടെ വില താഴേക്കുനീങ്ങുന്നു. യുഎസിൽ അടുത്തെങ്ങും ഇനി പലിശനിരക്ക് കുറയില്ലെന്ന വിലയിരുത്തലാണ് സ്വർണക്കുതിപ്പിന് തടയിട്ടത്.
രാജ്യാന്തരവില ഔൺസിന് 55 ഡോളർ താഴ്ന്ന് 3,947 ഡോളറിലാണ് ഇന്നു രാവിലെയുള്ളത്. അതേസമയം 3,930 വരെ താഴ്ന്നശേഷം വില തിരിച്ചുകയറുകയുമായിരുന്നു.
രാജ്യാന്തര വെള്ളിവില ഔൺസിന് 1.77% ഇടിവോടെ 47.44 ഡോളറിലുമെത്തി.
പ്രതിദിനം 1.37 ലക്ഷം ബാരൽ വീതം ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം 2026ന്റെ തുടക്കംമുതൽ ഉപേക്ഷിക്കാനുള്ള ഒപെക് പ്ലസിന്റെ നീക്കത്തിനും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ് സൃഷ്ടിക്കാനായില്ല. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.68% നഷ്ടവുമായി 60.15 ഡോളറിലാണുള്ളത്.
ബ്രെന്റ് വില 0.59% താഴ്ന്ന് 64.06 ഡോളറിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

