ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയായ ഇടമലക്കുടിയിൽ റോഡ് സൗകര്യമില്ലാത്തതിനെ തുടർന്ന് രോഗിയെ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്നു. ഗുരുതരമായ പനി ബാധിച്ച് അവശനിലയിലായ മാലയപ്പൻ (75) എന്ന വയോധികനെയാണ് കൂടലാർക്കുടിയിൽ നിന്ന് നാല് കിലോമീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് പുറംലോകത്തെത്തിച്ചത്.
കൂടലാർക്കുടി മുതൽ ആനക്കുളം വരെ സഞ്ചാരയോഗ്യമായ റോഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് വനംവകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് പ്രധാന പരാതി. കാലം എത്ര കഴിഞ്ഞാലും ഇടമലക്കുടിയിലെ ഈ ദുരിതക്കാഴ്ചയ്ക്ക് മാത്രം മാറ്റമില്ല.
ഇക്കുറിയും കൂടലാർക്കുടിയിൽ നിന്ന് അവശനിലയിലായ രോഗിയെ തുണികൊണ്ടുള്ള മഞ്ചലിൽ കിടത്തിയാണ് ചുമന്ന് കൊണ്ടുപോയത്. യാത്രാസൗകര്യങ്ങൾ തീർത്തും പരിമിതമായ ഒരു ഊരാണ് കൂടലാർക്കുടി.
ഇവിടുത്തെ താമസക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ആനക്കുളം വഴി മാങ്കുളത്തെത്തി, അവിടെ നിന്ന് അടിമാലിയിലെ ആശുപത്രികളിലെത്തേണ്ട അവസ്ഥയാണ്.
ഇതിനായി നാല് കിലോമീറ്ററിലേറെ ദൂരം കാട്ടിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കണം. പ്രദേശത്തുകൂടി ഒരു റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം പ്രതിഷേധങ്ങളും നിവേദനങ്ങളും നൽകിയിട്ടും വനത്തിലൂടെയുള്ള പാതയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
നിലവിൽ ഇടമലക്കുടിയിലേക്കുള്ള പ്രധാന പാത രാജമല – പെട്ടിമുടി വഴി ഇഡലിപ്പാറക്കുടിയിലേക്കാണ്. എന്നാൽ കൂടലാർക്കുടിക്കും സമീപത്തെ മറ്റ് ഊരുകളിലെയും താമസക്കാർക്ക് ഇഡലിപ്പാറക്കുടിയിലെത്താൻ പത്ത് കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു.
ആശുപത്രി യാത്രകൾക്കായി ഇത്രയും ദൂരം വളഞ്ഞു സഞ്ചരിക്കുന്നതിന് പകരം കാട്ടിലൂടെയുള്ള പരമ്പരാഗത മാർഗ്ഗമാണ് ഇവർ ഇപ്പോഴും ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പനിബാധിച്ച് അവശനിലയിലായ ഒരു കുട്ടിയെ രാത്രിയിൽ കാട്ടിലൂടെ ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ഈ പ്രദേശത്ത് റോഡ് നിർമ്മിക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വനംവകുപ്പ് അന്തിമാനുമതി നിഷേധിക്കുകയായിരുന്നു. ദുരിതയാത്രയ്ക്ക് ശാശ്വത പരിഹാരമായി തങ്ങൾക്ക് സഞ്ചാരയോഗ്യമായ ഒരു വഴി അനുവദിക്കണമെന്നാണ് കൂടലാർക്കുടിയിലെ ജനങ്ങളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

