രാജകുമാരി∙ ശാന്തൻപാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് തുടങ്ങിയിട്ട് 7വർഷമായിട്ടും ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ . തിരക്കിട്ട് 2018ലാണ് ജില്ലയിലെ മൂന്നാമത്തെ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് ശാന്തൻപാറയിൽ അനുവദിച്ചത്. പരിമിത സൗകര്യങ്ങൾ മാത്രമുള്ള പൂപ്പാറയിലെ പഞ്ചായത്ത് എൽപി സ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. റവന്യു വകുപ്പ് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം വിട്ടു നൽകിയിട്ട് വർഷങ്ങളായി.
നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ ആദ്യം 7 കോടി രൂപ അനുവദിച്ചെങ്കിലും 3 വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനാൽ ഭരണാനുമതി നഷ്ടമായി.
പിന്നീട് ബജറ്റിൽ കോളജ് വികസനത്തിനായി പ്രഖ്യാപിച്ച 20 കോടി രൂപയും ഇടുക്കി പാക്കേജിൽ പ്രഖ്യാപിച്ച 10 കോടി രൂപയും എവിടെയെന്ന് ആർക്കുമറിയില്ല. 2020–21ൽ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഉൗരാളുങ്കൽ സാെസൈറ്റിയെ ഏൽപിച്ചു.
10 ലക്ഷം രൂപ ഫീസ് ഇൗടാക്കി മാസ്റ്റർ പ്ലാൻ തയാറാക്കി.
എന്നാൽ 105 കോടി രൂപ ചെലവ് വരുന്ന ഇൗ പ്ലാൻ അനുസരിച്ച് കെട്ടിടങ്ങൾ നിർമിക്കാനുള്ള സ്ഥലസൗകര്യം കോളജിന് അനുവദിച്ച ഭൂമിയിൽ ഇല്ലെന്ന് പാെതുമരാമത്ത് വിഭാഗം കണ്ടെത്തി. തുടർന്ന് പാെതുമരാമത്ത്(കെട്ടിടം) വിഭാഗം തന്നെ 40 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി.
ഇത് ധനവകുപ്പിന്റെ അനുമതിക്കായി കാത്തു കിടക്കുകയാണ്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയൂ.
കോളജ് അടച്ചു പൂട്ടേണ്ടി വരും
∙എംകോം, ബികോം, ബിഎ ഇംഗ്ലിഷ്, ബിഎസ്സി കണക്ക് എന്നീ കോഴ്സുകളാണ് നിലവിൽ കോളജിലുള്ളത്.
പിജി, യുജി കോഴ്സുകളിലായി 340 സീറ്റുകളുണ്ടെങ്കിലും പഠനം നടത്തുന്നത് 75 വിദ്യാർഥികൾ മാത്രം. കോളജ് കെട്ടിടം നിർമിച്ച് പുതുതലമുറ കോഴ്സുകൾ ആരംഭിക്കുകയും ഹോസ്റ്റൽ സൗകര്യമുൾപ്പെടെ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോളജിനെ അടച്ചു പൂട്ടലിൽ നിന്ന് രക്ഷപെടുത്താനാവൂ.
കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് എന്നതിലേതെങ്കിലും കോഴ്സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും കോളജീയറ്റ് ഡയറക്ടറേറ്റിലും അപേക്ഷ നൽകിയിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയാൽ തോട്ടം മേഖലയിൽ നിന്നുൾപ്പെടെ കൂടുതൽ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

