കോഴിക്കോട് ∙ താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. കോഴിക്കോട് എംപി എം.കെ.രാഘവൻ, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് എന്നിവരെ കൂടി ഉൾപ്പെടുത്തി വീണ്ടും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ ചർച്ച നടത്തും.
പൊലീസിന്റെ ഭാഗത്തു നിന്ന് സമരക്കാർ നേരിടുന്ന വലിയ രീതിയിലുള്ള പീഡനം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഇത് തുടരുകയാണെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുമെന്നും കൊടുവള്ളി എംഎൽഎ എം.കെ മുനീർ യോഗത്തിൽ വ്യക്തമാക്കി.
പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം യുഡിഎഫ് ശക്തമായി ഉന്നയിച്ചപ്പോൾ ചില മാർഗ നിർദേശങ്ങൾ അംഗീകരിച്ചാൽ മാത്രമേ പ്ലാന്റ് തുറക്കാവൂ എന്ന നിലപാട് എൽഡിഎഫും എൻഡിഎയും കൈക്കൊണ്ടു. തിങ്കളാഴ്ച രാവിലെ 11.30 ന് യോഗം ചേരാൻ തീരുമാനിച്ചെങ്കിലും ബിജെപി പ്രതിനിധി മാത്രം എത്തിയതിനാൽ ചൊവ്വാഴ്ചയിലേക്ക് യോഗം മാറ്റുകയായിരുന്നു.
വിഷയം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി സമരക്കാരെ പ്രതിനിധീകരിച്ചു യോഗത്തിൽ പങ്കെടുക്കാനുള്ളവരെ നിശ്ചയിച്ചു നൽകാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ആവശ്യപ്പെട്ടു.
പ്ലാന്റിൽ മാലിന്യം സംഭരിച്ചു വയ്ക്കുന്നത് കർശനമായും ഒഴിവാക്കുക, പൂർണമായും ശീതീകരിച്ച വാഹനങ്ങളിൽ മാത്രം മാലിന്യം കൊണ്ടുവരിക, ദുർഗന്ധം അനുഭവപ്പെടുന്നത് കുറയ്ക്കാൻ പെർഫ്യൂം സംവിധാനം ഉറപ്പുവരുത്തുക, യഥാർഥ കുറ്റവാളികളെ കണ്ടെത്തി, നിരപരാധികളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങി ആവശ്യങ്ങളാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ മുന്നോട്ടു വച്ചത്.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കാൻ വ്യാഴാഴ്ച ചേർന്ന ഡിസ്ട്രിക്ട് ലവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി(ഡിഎൽഎഫ്എംസി) യോഗം തീരുമാനിച്ചിരുന്നു. ദുർഗന്ധം കുറയ്ക്കുന്നതിനായി വൈകിട്ട് ആറു മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനും പഴകിയ അറവു മാലിന്യങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂർണമായി നിർത്താനും പുതിയ മാലിന്യങ്ങൾ മാത്രം സംസ്കരിക്കുന്നു എന്ന് ഉറപ്പുവരുത്തുമെന്നും യോഗം തീരുമാനിച്ചിരുന്നു.
പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ അധികൃതർക്ക് കൈമാറണമെന്നും മലിനജല സംസ്കരണ പ്ലാന്റായ ഇടിപിയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കൽ എൻഐടിയിൽ പരിശോധന നടത്തുമെന്നും എടുത്ത തീരുമാനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നു യോഗത്തിൽ ജില്ല കലക്ടർ അറിയിച്ചു.
ദുർഗന്ധം പരമാവധി കുറയ്ക്കുന്നതിന് തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (എൻഐഐഎസ്ടി) സഹായത്തോടെ പഠനം നടത്താനും നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികൾ തുടങ്ങി സർക്കാർ ഏജൻസികൾ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും ജില്ല കലക്ടർ യോഗത്തെ അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എം.കെ.
മുനീർ എംഎൽഎ, എഡിഎം സി. മുഹമ്മദ് റഫീഖ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.ടി.
രാകേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ വി.വി.റമീന തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

