കൊച്ചി ∙ മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്ര പഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ. എസ്.സോമനാഥ്.
സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്ര ഗവേഷണ ദൗത്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 4–ാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സമുദ്ര നിരീക്ഷണങ്ങൾക്കായി നിരവധി ഉപഗ്രഹങ്ങൾ പരിഗണനയിലുണ്ട്.
കടൽ ആവാസ വ്യവസ്ഥയെയും ജീവജാലങ്ങളെയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയത് പോലെ, സമുദ്ര ഗവേഷണത്തിൽ രാജ്യത്തിന്റെ വൈദഗ്ധ്യം ഏകീകരിക്കുന്നതിന് ഒരു സംയോജിത പ്ലാറ്റ്ഫോം ആവശ്യമാണ്’ – അദ്ദേഹം പറഞ്ഞു.
‘ഹൈപ്പർ സ്പെക്ട്രൽ സെൻസറുകളും ഡേറ്റ സംയോജനവും വേണം.
നിലവിൽ സമുദ്ര നിരീക്ഷണത്തിന് ഹൈപ്പർ സ്പെക്ട്രൽ സെൻസറുകളുടെ കുറവുണ്ട്. ഇത് ഭാവിയിലെ സമുദ്ര നിരീക്ഷണത്തിനും മാപ്പിങ്ങിനും നിർണായകമാണ്.
തത്സമയ വിവരശേഖരണവും നിരീക്ഷണ പരിധിയും മെച്ചപ്പെടുത്തുന്നതിനായി ബോയികളുടെയും ആളില്ലാ വ്യോമ വാഹനങ്ങളുടെയും വിന്യാസം വർധിപ്പിക്കേണ്ടതുണ്ട്. സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് ഡേറ്റ ശേഖരിക്കാൻ കഴിവുള്ള ആഴക്കടൽ സെൻസറുകൾ രാജ്യത്തിന് ആവശ്യമാണ്.
നിർമിത ബുദ്ധി സമുദ്ര ഡേറ്റ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് വിശകലനം, പ്രവചന മാതൃകകൾ എന്നിവയ്ക്കായി ഉപയോഗിക്കാം’ – അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിംപോസിയം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.
ജെ.കെ.ജെന അധ്യക്ഷത വഹിച്ചു.
മാരിടൈം സഹകരണം ഇന്ത്യയുടെ പ്രധാന മുൻഗണന: കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി
മാരിടൈം സഹകരണം ഇന്ത്യയുടെ പ്രധാന മുൻഗണന വിഷയമാണെന്ന്് കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി സി.എസ്.ആർ റാം പറഞ്ഞു. സമുദ്ര സുരക്ഷ, വ്യാപാരം, നീല സമ്പദ്വ്യവസ്ഥയുടെ വികസനം എന്നിവയ്ക്ക് ഇത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
‘ബംഗാൾ ഉൾക്കടൽ രാജ്യങ്ങൾ ഗവേഷണ സഹകരണം അനിവാര്യം’
ബംഗാൾ ഉൾക്കടൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തമ്മിൽ ഗവേഷണ സഹകരണം അനിവാര്യമാണെന്ന് ബിംസ്ടെക് ഇന്ത്യ മറൈൻ റിസർച് നെറ്റ് വർക്കിന്റെ (ബിംറെൻ) ആദ്യ പങ്കാളിത്ത സംഗമം അഭിപ്രായപ്പെട്ടു.
മീകോസ് 4നോട് അനുബന്ധിച്ച് നടത്തിയ സംഗമത്തിലാണ് നിർദേശം. പൊതുവായ വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനും മേഖലയുടെ സുസ്ഥിര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം അത്യാവശ്യമാണെന്ന് സംഗമം വിലയിരുത്തി.
വിദേശകാര്യ മന്ത്രാലയത്തിന്റെയും ബേ ഓഫ് ബംഗാൾ പ്രോഗ്രാം-ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷന്റെയും സംയുക്ത സംരംഭമാണ് ബിംറെൻ. ഇന്ത്യയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
ബിംസ്ടെക് അംഗരാജ്യങ്ങളിലെ ശാസ്ത്രജ്ഞർ, നയതന്ത്ര വിദഗ്ധർ, സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും, അറിവ് കൈമാറ്റം ചെയ്യാനും, പൊതുവായ പ്രശ്നങ്ങൾക്ക് സംയുക്തമായി പരിഹാരം കാണാനും സഹായിക്കുന്ന സവിശേഷ വേദിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എസ്.ആർ. റാം പറഞ്ഞു.
ഡോ ജി.ഗോപകുമാറിന് ഡോ എസ്.ജോൺസ് സ്മാരക പുരസ്കാരം
നാലു പതിറ്റാണ്ടിലേറെയായി ഫിഷറീസ് സമുദ്രകൃഷി (മാരികൾച്ചർ) മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ ജി.ഗോപകുമാറിന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാലാമത് ഡോ.
എസ്.ജോൺസ് സ്മാരക പുരസ്കാരം സമ്മാനിച്ചു. സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ.
ഗോപകുമാർ. മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത് അദ്ദേഹമാണ്.
ഇതോടെയാണ് കൂടു മത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഇത് നിർണായകമായെന്ന് പുരസ്കാര സമിതി വിലയിരുത്തി.
ഡോ. പി.കൃഷ്ണൻ, ഡോ.
ചെർദ്സാക് വിരാപട്, ഡോ. ബിജയ് കുമാർ ബെഹ്റ, ദൊഡ്ഡ വെങ്കട
സ്വാമി, ഡോ. എ.ഗോപാലകൃഷ്ണൻ, ഡോ.
ഗ്രിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
കൗതുകമായി മീകോസ് സീഫുഡ് മേളയിലെ ‘നീരാളി’ രുചിക്കൂട്ട്
മത്സ്യപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മീകോസ് സീഫുഡ് മേളയിലെ നീരാളി വിഭവങ്ങൾ. നാലാമത് ആഗോള മറൈൻ സിംപോസയമായ മീകോസിനോടനുബന്ധിച്ച് നടത്തുന്ന സീഫുഡ് മേളയിലാണ് നീരാളി മോമൊ, നീരാളി റോസ്റ്റ് തുടങ്ങി വൈവിധ്യമായ വിഭവങ്ങളുള്ളത്.
നീരാളി മാത്രമല്ല, കല്ലുമ്മക്കായ, ചെമ്മീൻ, കൂന്തൽ, മത്സ്യവിഭവങ്ങളും മേളയിലുണ്ട്. മത്സ്യം ചേർത്ത് നിർമിച്ച വിവിധയിനം പലഹാരങ്ങൾ, സാഗര സദ്യ, കല്ലുമ്മക്കായ നിറച്ചത് തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സമയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

