ദില്ലിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ രംഗത്ത്. സമിതിയിലെ ചിലർ നിഷ്പക്ഷരല്ല എന്ന ഹർജിക്കാരുടെ നിലപാടിനോടാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിരിക്കുന്നത്.
അടുത്ത മാസം അഞ്ചിന് സിജെപി ദില്ലിയിൽ പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിന് അനുമതി നൽകണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ദില്ലിയിലെ പാർലമെന്റ് മാർച്ചിനിടെ നടന്ന പൊലീസ് ബലപ്രയോഗം, വനിതകൾക്കെതിരെ ലൈംഗിക അതിക്രമം നടന്നു എന്ന പരാതി, പൊലീസിനെതിരായ അക്രമം എന്നിവയൊക്കെ സമഗ്രമായി പരിശോധിക്കാനാണ് സുപ്രീം കോടതി അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപീകരിച്ചത്. എന്നാൽ, ഈ സമിതിയിലുള്ള ചിലരെ വിശ്വാസമില്ലെന്ന് ഇന്ന് ഹർജിക്കാരിൽ ചിലർ കോടതിയിൽ പരാമർശിക്കുകയുണ്ടായി.
ഈ വിഷയം അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചിട്ടുണ്ട്. എല്ലാത്തിനോടും ചിലർക്ക് അവിശ്വാസമാണെന്നും ഹർജിക്കാരുടെ ഈ ആവശ്യം പരിഗണിക്കരുതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു.
സമിതിയിലെ ജഡ്ജിമാരടക്കം നിഷ്പക്ഷരല്ലെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, സിജെപി അടുത്ത മാസം അഞ്ചിന് നടത്താൻ നിശ്ചയിച്ച മാർച്ചിന് പൊലീസ് അനുമതി നൽകാൻ സാധ്യത വളരെ കുറവാണ്.
ബ്രിക്സ് ഉച്ചകോടി അടക്കം ദില്ലിയിൽ നടക്കാൻ ഇരിക്കെ ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നത് തടയും എന്ന കർശന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ ഉള്ളത്. ഇന്ത്യ ഗേറ്റിനു പകരം രാംലീല മൈതാനിയിൽ പരിപാടി നടത്താൻ നിർദേശം നൽകിയേക്കുമെന്നും വിവരമുണ്ട്.
സിജെപിയുമായി വീണ്ടും ചർച്ച നടത്തണമോ എന്ന കാര്യം കേന്ദ്ര സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് മാർച്ച് സമയത്ത് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച പറ്റി എന്ന വിലയിരുത്തൽ ദില്ലി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ അറിയിച്ചു.
രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നത് കൂടുതൽ ശക്തമാക്കാനുള്ള കർശന നിർദേശം കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ഇതിനായി 10 കാര്യങ്ങൾ അടങ്ങിയ ഒരു പ്രത്യേക പട്ടികയും ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിട്ടുണ്ട്.
സമരത്തിന് എത്തുന്നവർ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, ഇവർ എവിടെയാണ് താമസിക്കുന്നത്, ഇവക്കുള്ള പണം ആര് നൽകുന്നു, ഇവരുടെ പശ്ചാത്തലം എന്താണ് തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി അന്വേഷിക്കണം എന്നാണ് കമ്മീഷണറുടെ പ്രധാന നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

