അങ്കമാലി ∙ പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി, കല്ലാല എസ്റ്റേറ്റുകളിൽ കാട്ടാനകളുടെ ശല്യം രൂക്ഷം. മരങ്ങൾ മറിച്ചിട്ട് കാട്ടാനകൾ ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്.
അതിരപ്പിള്ളി എസ്റ്റേറ്റ് ഒന്നാം ബ്ലോക്കിൽ വഞ്ചിക്കടവിൽ കാട്ടാനക്കൂട്ടത്തിന്റെ സ്ഥിരസാന്നിധ്യമുണ്ട്. കാട്ടാനകൾ തമ്മിൽ കൊമ്പുകോർക്കുമ്പോഴുള്ള ചിന്നംവിളികളും മറ്റും ഭീതി ഉയർത്തുന്നുണ്ട്.
ഈ ഭാഗത്ത് റോഡിൽ കാട്ടാനകൾ ഗതാഗതതടസ്സം ഉണ്ടാക്കുന്നുണ്ട്.പത്തോളം കാട്ടാനകളുടെ കൂട്ടമാണ് വഞ്ചിക്കടവ് ഭാഗത്തുള്ളത്. കുറച്ചുദിവസം മുൻപ് കാട്ടാനക്കൂട്ടം റോഡിലിറങ്ങി ഗതാഗതതടസ്സമുണ്ടാക്കി. 18–ാം ബ്ലോക്കിൽ റോഡിലേക്കു മരം മറിച്ചിട്ടു കാട്ടാനക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തി.
പുലർച്ചെ പ്ലാന്റേഷനിലേക്കു വരുന്ന കെഎസ്ആർടിസി ബസിന്റെ സർവീസ് പലപ്പോഴും തടസ്സപ്പെടാറുണ്ട്.
കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാരും പ്ലാന്റേഷൻ തൊഴിലാളികളും ചേർന്നു മരം നീക്കിയശേഷമാണ് പലപ്പോഴും യാത്ര തുടരാനാകുക. 13–ാം ബ്ലോക്കിൽ എണ്ണപ്പനത്തോട്ടത്തിൽ കാട്ടാനക്കൂട്ടം എണ്ണപ്പനകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
പൂർത്തിയാകാതെ സോളാർ ഫെൻസിങ്
സോളാർ ഫെൻസിങ് നിർമാണ ജോലികൾ പൂർത്തിയായാൽ പലയിടങ്ങളിലെയും കാട്ടാന ശല്യത്തിനു പരിഹാരമാകും.
പലയിടങ്ങളിലും മരം മുറിച്ചുമാറ്റിയാണു ഫെൻസിങ് നിർമിക്കേണ്ടത്. അങ്കമാലി നിയോജകമണ്ഡലത്തിലെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയുന്നതിനായാണ് സൗരോർജവേലി സ്ഥാപിക്കുന്നത്.
അങ്കമാലി നിയോജകമണ്ഡലത്തിൽ വാഴച്ചാൽ ഡിവിഷനു കീഴിൽ 60 കിലോമീറ്റർ പ്രദേശത്തും മലയാറ്റൂർ ഡിവിഷനു കീഴിൽ 30 കിലോമീറ്റർ പ്രദേശത്തും ചാലക്കുടി ഡിവിഷനു കീഴിൽ 18 കിലോമീറ്റർ പ്രദേശത്തുമാണ് വേലി സ്ഥാപിക്കുന്നത്.
പദ്ധതി പൂർത്തിയായാൽ പ്ലാന്റേഷൻ കോർപറേഷൻ പ്രദേശത്തെയും മലയാറ്റൂർ, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിലെയും രൂക്ഷമായ വന്യജീവി ആക്രമണത്തിന് ഒരു പരിധിവരെ പരിഹാരമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

