കട്ടപ്പന ∙ സത്രം എയർസ്ട്രിപ്പിന്റെ നിർദിഷ്ട ഭൂമിയുൾപ്പെടുത്തി സർക്കാർ റിസർവ് വനത്തിന്റെ കരട് വിജ്ഞാപനമിറക്കിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതൃത്വം.
2017 സെപ്റ്റംബർ 17നാണ് വള്ളക്കടവ് റിസർവിന്റെ കരട് വിജ്ഞാപനം ഇറക്കിയത്. മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 182ലെ 262 ഏക്കർ ഭൂമിയാണ് റിസർവിൽ ഉൾപ്പെടുന്നത്.
ഈ വിജ്ഞാപനമിറങ്ങുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഈ വില്ലേജിലെ ഇതേ സർവേ നമ്പറിലെ ഭൂമിയിൽ സത്രം എയർസ്ട്രിപ് നിർമാണത്തിന് സർക്കാർ ഭരണാനുമതി നൽകുന്നത്. 10 കോടി രൂപയുടെ രണ്ടാം ഘട്ട വികസനത്തിനു 2017 ജൂലൈ 3ന് അനുമതി നൽകി.
തുടർന്ന് 2 മാസം കഴിഞ്ഞ് സെപ്റ്റംബർ 17ന് എയർസ്ട്രിപ്പിന് അനുവദിച്ച സർവേ നമ്പറിലെ ഭൂമി ഉൾപ്പെടെ റിസർവ് വനമാക്കി മാറ്റാൻ സർക്കാർ വിജ്ഞാപനമിറക്കി.
എയർസ്ട്രിപ്പിന്റെയും ട്രെയ്നിങ് സെന്ററിന്റെയും നിർമാണം പൂർത്തിയാക്കാൻ 15 ഏക്കർ ഭൂമി കൂടി എൻസിസി ആവശ്യപ്പെട്ടെങ്കിലും റിസർവ് വനത്തിലാണെന്നതിന്റെ പേരിൽ ഭൂമി വിട്ടുനൽകുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുകയാണ്. മഞ്ചുമല വില്ലേജിലെ റവന്യു ഭൂമിയിൽ വ്യാപകമായി കയ്യേറ്റം നടക്കുന്നുവെന്നും ഇതു തടയാനാണ് ഈ ഭൂമി റിസർവ് വനമാക്കിയതെന്നുമാണ് കരട് വിജ്ഞാപനത്തിൽ പറയുന്നത്.
വള്ളക്കടവിലെ പുതിയ സംരക്ഷിത വനത്തിന്റെ പേരിലാണ് വനംവകുപ്പ് സത്രത്തിലെ പ്രവൃത്തി തടഞ്ഞിരുന്നത്. എന്നാൽ പെരിയാർ ടൈഗർ റിസർവിന്റെ പ്രശ്നം കാരണമാണ് എയർസ്ട്രിപ്പിന്റെ പ്രവൃത്തി തടസ്സപ്പെട്ടതെന്നാണ് ഇതുവരെ പ്രചരിച്ചിരുന്നത്.
ജില്ലയിലെ വനവിസ്തൃതി വർധിപ്പിച്ചു മലയോര ജനതയെ വഞ്ചിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നീക്കം വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായി ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. കരട് വിജ്ഞാപനങ്ങൾ റദ്ദ് ചെയ്ത് ഈ ഭൂമി റവന്യു ഭൂമിയായി നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ തോമസ് മൈക്കിൾ, റോബിൻ കാരക്കാട്ട്, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യങ്ങൾ
∙ വള്ളക്കടവ് റിസർവ് വനത്തിന്റെ വിജ്ഞാപനം മൂലം ഉണ്ടായിട്ടുള്ള വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
∙ എയർസ്ട്രിപ്പിന്റെ നിർമാണത്തിന്റെ തടസ്സം നീക്കാനും ട്രെയ്നിങ് സെന്ററിന് ആവശ്യമായ ഭൂമി വിട്ടുനൽകാനും നടപടി സ്വീകരിക്കണം.
∙ വള്ളക്കടവ് റിസർവ് ഫോറസ്റ്റ് സെറ്റിൽമെന്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി എൻസിസി ബറ്റാലിയനും എയർസ്ട്രിപ്പിനും ആവശ്യമായ ഭൂമിയും പട്ടയ ഭൂമിയും ഈ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫിസറായ ഇടുക്കി ആർഡിഒ സ്വീകരിക്കണം.
∙ വള്ളക്കടവ് റിസർവിന്റെ കരട് വിജ്ഞാപനം റദ്ദ് ചെയ്ത് ഈ ഭൂമി റവന്യു ഭൂമിയായി നിലനിർത്താൻ ആവശ്യമായ നടപടിയും സ്വീകരിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

