ചെങ്ങന്നൂർ ∙ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി ഡിപ്പോയിൽ താൽക്കാലിക കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. 7 മാസം മുൻപു പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയെങ്കിലും താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ അധികൃതർക്കു കഴിഞ്ഞിരുന്നില്ല.
എംഎൽഎ ഫണ്ടിൽ നിന്ന്അനുവദിച്ച 4.40 ലക്ഷം രൂപ ചെലവഴിച്ചാണ് 14 മീറ്റർ നീളത്തിൽ കേന്ദ്രം നിർമിക്കുന്നത്. താൽക്കാലികമായി ഇൻഫർമേഷൻ സെന്ററും ഒരുക്കും. കാത്തിരിപ്പ് കേന്ദ്രം ഇല്ലാതിരുന്നതിനാൽ മഴയും വെയിലുമേറ്റാണ് യാത്രക്കാർ ബസ് കാത്തു നിന്നിരുന്നത്.
യാത്രക്കാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കഴിഞ്ഞ 13നു മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ശബരിമല തീർഥാടനം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ ഡിപ്പോയിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം.
യാർഡിലെ കുഴികൾ നികത്തി നിരപ്പാക്കിയില്ലെങ്കിൽ യാത്രക്കാർ വീണ് അപകടങ്ങൾ സംഭവിക്കാനുംം സാധ്യതയുണ്ട്. 11.5 കോടി രൂപ ചെലവിലാണ് 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡിപ്പോയിൽ കെട്ടിടസമുച്ചയം നിർമിക്കുന്നത്. ഇതിനായി പൈലിങ് നടത്തിയിരുന്നു.
താൽക്കാലിക ശുചിമുറികളും വേണം
ഡിപ്പോയിലെ പഴയ ശുചിമുറി സമുച്ചയം പൊളിച്ചു നീക്കിയതിനാൽ യാത്രക്കാർക്കു പ്രാഥമികകൃത്യങ്ങൾക്കു സൗകര്യമില്ലാത്ത സ്ഥിതിയാണ്.
ഇതേത്തുടർന്ന് ഗാരിജിനു പിന്നിൽ ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറികൾ താൽക്കാലികമായി തുറന്നു നൽകിയിരിക്കുകയാണ്. മണ്ഡലകാലത്ത് എണ്ണമറ്റ തീർഥാടകർ എത്തുന്ന ഡിപ്പോയിൽ ഇതു മതിയാകില്ല എന്നതിനാൽ ഇ–ടോയ്ലറ്റുകളോ ഉപയോഗം കഴിഞ്ഞാൽ നീക്കം ചെയ്യാവുന്ന താൽക്കാലിക ശുചിമുറികളോ സ്ഥാപിക്കണം എന്നു യാത്രക്കാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

