കോഴിക്കോട്∙ ഓർമയുണ്ടോ ആ ഉത്സവകാലം? ഓർമകളിൽ ഇന്നും പൊൻതാരകങ്ങളായി അക്ഷരങ്ങളും സ്വരങ്ങളും പെയ്തിറങ്ങിയ ആ ദിനരാത്രങ്ങൾ? കണ്ടും കേട്ടും മിണ്ടിയും കടൽപോലെ പെരുകിയ മനോരമ ‘ഹോർത്തൂസ്’ കോഴിക്കോട് കടപ്പുറത്ത് അക്ഷരത്തിരമാലകൾ പടർത്തിയ ദിനങ്ങൾ? സാംസ്കാരിക കേരളത്തിന്റെ ഇടനെഞ്ചിൽ മായാത്ത മുദ്ര പതിപ്പിച്ച ഹോർത്തൂസ് ആദ്യപതിപ്പിന് ഇന്ന് ഒന്നാംപിറന്നാളാണ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഹോർത്തൂസിനു തിരിതെളിഞ്ഞത്. അക്ഷരമിഠായിത്തെരുവായി കടലോരം മാറിയത് അന്നാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച ഹോർത്തൂസിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമെത്തി.
എൻ.എസ്.മാധവനായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ.
ആറു വേദികളിലെ 150 സെഷനുകളിലായി വിദേശത്തു നിന്നുൾപ്പെടെ അഞ്ഞൂറോളം അതിഥികളാണ് കടപ്പുറത്തെ വിവിധ വേദികളിൽ സംവദിച്ചത്. കൊറിയൻ എഴുത്തുകാരിയായ കിം ഡോയൂൻ, ദക്ഷിണ കൊറിയയിലെ സോളിൽനിന്നുള്ള എഴുത്തുകാരിയായ ഹെനാ കിം, ഓസ്ട്രിയൻ എഴുത്തുകാരനും കവിയുമായ റോബർട്ട് പ്രൊസ്സർ, തുർക്കിയിൽനിന്നുള്ള എഴുത്തുകാരിയും വിവർത്തകയുമായ എലിഫ് യോനറ്റ് ടോഗേ, കൊലേക പുറ്റുമ, പോളണ്ടിൽനിന്നു ഡോറോട്ട
മസ്ലോവ്സ്ക, മാരേക് ബ്ലെൻസിക് തുടങ്ങിയ വിദേശ എഴുത്തുകാരും അഭിനേതാക്കളും സംഗീതജ്ഞരുമെത്തി.
ബോസ് കൃഷ്ണമാചാരി സീനോഗ്രഫി നിർവഹിച്ച കൊച്ചി ബിനാലെ ആർട്ട് പവിലിയനിൽ 44 കലാകാരൻമാരുടെ സൃഷ്ടികൾ പ്രദർശനത്തിനെത്തി. കുട്ടികൾക്കും യങ് അഡൽറ്റ് വിഭാഗത്തിലുള്ളവർക്കുമായി ഒട്ടേറെ പരിപാടികളൊരുക്കി.
മുബിയുമായി ചേർന്ന് ചിത്രങ്ങളുടെ പ്രദർശനം. പാസേജസ് (ഫ്രഞ്ച്), പ്രിസില്ല (യുഎസ്), മെമോറിയ (കൊളംബിയ), ഡ്രൈവ് മൈ കാർ (ജപ്പാൻ) എന്നീ സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു.
ശരത്, ബിജിബാൽ തുടങ്ങിയവർ നേതൃത്വം നൽകിയ‘ ബാബുരാജ് പാടുന്നു’, ഇതിഹാസകഥാകാരൻമാർക്ക് ഗാനപ്രണാമമൊരുക്കി. ‘കഥ പറയും പാട്ടുകൾ’, ഗായകൻ ഹരിഹരന്റെ 50 വർഷത്തെ സംഗീതയാത്രയ്ക്ക് ആദരവുമായി ‘ഹരിഹരം’ തുടങ്ങിയവയ്ക്ക് യുവാക്കൾ തിങ്ങിനിറഞ്ഞു.
മലയാള മനോരമയുടെ 1888 മുതലുള്ള ചരിത്രം പറഞ്ഞ പ്രദർശനമായ ‘കാലത്തിനൊരു സാക്ഷി’ പവിലിയനും ഒരുക്കിയിരുന്നു.ഏഴായിരം ടൈറ്റിലുകളുമായി കേരളത്തിലെ ഏറ്റവും വലിയ പുസ്തകശാലയാണ് ഹോർത്തൂസ് വേദിയിൽ ഒരുക്കിയത്.
അവസാനദിവസങ്ങളിൽ ആൾത്തിരക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നതും ചരിത്രമായി. യുനെസ്കോയുടെ സാഹിത്യനഗര പദവി ഈ നഗരത്തിന് എന്നുമെന്നും ഉറപ്പിക്കാനുള്ള നാഴികക്കല്ലായി ഹോർത്തൂസ് മാറിയെന്ന് മേയർ ബീന ഫിലിപ് അന്നു പറഞ്ഞു.വീണ്ടുമൊരു ഹോർത്തൂസിന് ഇത്തവണ കൊച്ചി നഗരം വേദിയാവുകയാണ്.
സുഭാഷ് പാർക്കിൽ 27 മുതൽ 30 വരെയാണ് ഇത്തവണ ഹോർത്തൂസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

