കുഴൽമന്ദം∙ കണ്ണാടി പഞ്ചായത്തിലെ കരട് ഡേറ്റ ബാങ്ക് പ്രശ്നവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ കൃഷിഭവനു മുന്നിൽ നടത്തിവന്ന കുത്തിയിരിപ്പ് സമരത്തിന് താൽക്കാലിക പരിഹാരം. ഇന്നലെ വൈകിട്ട് കലക്ടറുടെ ചേംബറിൽ നടത്തിയ യോഗത്തിൽ നിലവിൽ വീട് വച്ചവ ഒഴിവാക്കാനും ലൈഫ് ലിസ്റ്റിൽപെട്ടവർക്ക് പ്രത്യേക പരിഗണന കൊടുക്കാനും ധാരണയായി.
പരാതികൾ സ്വീകരിക്കുന്നതിനു സമയം നീട്ടിനൽകാനും തീരുമാനമായി. യോഗത്തിൽ കലക്ടർ മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ആർഡിഒ മണികണ്ഠൻ, തഹസിൽദാർ മുഹമ്മദ് റാഫി, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ ഉദയൻ സുകുമാരൻ, പഞ്ചായത്തംഗങ്ങളായ കെ.സെൽവൻ, കെ.എസ്.അനീഷ്, സുധ ചന്ദ്രൻ, എം.കലാവതി, കണ്ണാടി കൃഷി ഓഫിസർ അഞ്ജു ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കണ്ണാടി പഞ്ചായത്തിലെ കരട് ഡേറ്റ ബാങ്ക് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഉദയൻ സുകുമാരനും പഞ്ചായത്തംഗം കെ.എസ്.അനീഷും കഴിഞ്ഞ ദിവസം രാത്രി മുതൽ കൃഷിഭവനിൽ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.
ഇന്നലെ രാവിലെ ഇരുവിഭാഗം തമ്മിൽ ഉന്തുംതള്ളും ഉണ്ടായതിനെത്തുടർന്ന് ഇരുവരെയും സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
‘പ്രതിഷേധം നീതി നിഷേധം’
കരട് ഡേറ്റ ബാങ്കിനെതിരെയുള്ള പ്രതിഷേധം യഥാർഥ ഗുണഭോക്താക്കൾക്കു നീതി നിഷേധമാണെന്ന് അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫിസേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി കുറ്റപ്പെടുത്തി. പഞ്ചായത്തിലെ ഉപഗ്രഹചിത്രം സഹിതമുള്ള നെൽവയൽ ഡേറ്റബാങ്കാണ് പ്രസിദ്ധീകരിച്ചത്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് പണമുണ്ടാക്കുന്ന ഭൂമാഫിയകളെ ഒഴിവാക്കുന്നതിനാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരിശോധനയ്ക്ക് നൽകിയിട്ടുള്ളത്. ആർക്കും പരിശോധിക്കുന്നതിനായി പഞ്ചായത്ത്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ എല്ലാ ഓഫിസിലെയും നോട്ടിസ് ബോർഡിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ അവകാശമായ പരാതി പരിഹരിക്കാനുള്ള അവസരം തടഞ്ഞ്, മറ്റു നടപടിക്രമങ്ങൾ അനിശ്ചിതത്വത്തിലാക്കുന്നത് കുറ്റകരമായ പ്രവൃത്തിയുമാണ്.
ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അസോസിയേഷൻ ഓഫ് അഗ്രിക്കൾചറൽ ഓഫീസേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
കരട് പട്ടികതിരുത്തണമെന്ന് സിപിഐ
കണ്ണാടി ഗ്രാമപ്പഞ്ചായത്തിൽ ഡേറ്റബാങ്ക് അപാകത പരിഹരിക്കാൻ തയാറാക്കിയ വാലിഡേഷൻ റിപ്പോർട്ടിലെ ഗുരുതരമായ തെറ്റുകൾ തിരുത്തണമെന്ന് സിപിഐ.ലൈഫ് മിഷനിൽ ഉൾപ്പെട്ട ഭൂമിയും ഫോം 6 ലഭിച്ച ഭൂമിയും ഉൾപ്പെടുത്തി തയാറാക്കിയ കൃഷി ഓഫിസറുടെ കരട് പട്ടിക അംഗീകരിക്കാൻ കഴിയില്ല.
സ്ഥലപരിശോധന നടത്താതെയും രേഖകൾ പരിശോധിക്കാതെയുമാണ് കരട് റിപ്പോർട്ട് തയാറാക്കിയതെന്ന പരാതി വ്യാപകമാണ്. പഴയ എൽഎൽഎംസി അംഗങ്ങളെ വിളിച്ചുവരുത്തി കടലാസുകളിൽ ഒപ്പുവാങ്ങി റിപ്പോർട്ട് തയാറാക്കുകയായിരുന്നു.
കൃഷി ഓഫിസർ പഞ്ചായത്ത് അംഗങ്ങളുടെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്നും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മുരളി കെ.താരേക്കാട് ആരോപിച്ചു.
പ്രതിപക്ഷ അംഗങ്ങൾക്ക് സർക്കാരിനെതിരെ സമരം ചെയ്യാൻ അവസരമൊരുക്കിയ നടപടി പ്രതിഷേധാർഹമാണ്.കണ്ണാടിയിലെ സാധാരണക്കാരായ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന നടപടിയിൽ നിന്ന് കൃഷി ഓഫിസും കോൺഗ്രസ് അംഗങ്ങളും പിൻവാങ്ങണമെന്നും മുരളി താരേക്കാട് ആവശ്യപ്പെട്ടു.
കൃഷി ഓഫിസ് ഉപരോധിച്ചു
∙ കണ്ണാടി പഞ്ചായത്തിലെ കരട് ഡേറ്റ ബാങ്കിലെ ക്രമക്കേടിനെതിരെ എൽഡിഎഫ് കണ്ണാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഓഫിസിനു മുന്നിൽ ഉപരോധസമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.
സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കണ്ണാടി ഈസ്റ്റ് സിപിഎം ലോക്കൽ സെക്രട്ടറി എസ്.കൃഷ്ണദാസ് അധ്യക്ഷനായി.
സിപിഎം ജില്ലാ കമ്മിറ്റിഅംഗം കെ.ബിനുമോൾ, ലോക്കൽ സെക്രട്ടറി കെ.എസ്.ബോസ്, ഏരിയ കമ്മിറ്റിയംഗം എ.രാഗേഷ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മുരളി താരെക്കാട്, പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ടി.ഉദയകുമാർ, കെഎസ്കെടിയു ജില്ലാ കമ്മിറ്റിയംഗം എസ്.രാധാകൃഷ്ണൻ, ആർ.സ്വാമിനാഥൻ, പഞ്ചായത്ത് അധ്യക്ഷ എം.ലത, സിപിഐ ലോക്കൽ സെക്രട്ടറി സുരേഷ്, ആർ.സിദ്ധാർഥൻ, വി.കുഞ്ചപ്പൻ, എം.പ്രമോദ്, വി.കെ.ജയകുമാർ, കെ.പ്രമോദ്, വസന്ത എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ച് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റിൽ അൻപതു വർഷത്തിലേറെ താമസിക്കുന്ന ആളുകളും, കെഎൽയു ലഭിച്ചവരും, പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ വീട് വച്ചവരും തുടങ്ങി പഞ്ചായത്തിലെ അൻപത് ശതമാനത്തോളം ജനങ്ങളും പുതിയ കരട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടവർക്ക് ഭൂമി വിൽപന നടത്താനോ, ബാങ്ക് വായ്പ ലഭിക്കാനോ സാധ്യതയില്ലാത്തിനാൽ കണ്ണാടിയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ ലിസ്റ്റ് പുനഃപരിശോധിച്ച് കൃത്യമായവ പ്രസിദ്ധീകരിക്കണമെന്നും അടിയന്തരമായി കൃഷി ഓഫിസർ ഇക്കാര്യത്തിൽ ഇടപെടണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

