കുറവിലങ്ങാട് ∙ സയൻസ് സിറ്റിയുടെ നാട്ടിൽ ജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കം. ആദ്യദിനത്തിലെ പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്ര മേള, ഐടിമേള എന്നിവ പൂർത്തിയായപ്പോൾ നിലവിലെ ചാംപ്യന്മാരായ കുറവിലങ്ങാട് ഈരാറ്റുപേട്ട
മുസ്ലിം ഗേൾസ് എച്ച്എസ്എസ് മുന്നേറ്റം തുടങ്ങി. ഇന്ന്, പുത്തൻ കണ്ടുപിടിത്തങ്ങളുടെ വാതിൽ തുറക്കുന്ന ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐടി മേള തുടങ്ങിയവ നടക്കും.
ശാസ്ത്രോത്സവം ഇന്നു സമാപിക്കും.
മുന്നിൽ നിൽക്കുന്ന 5 സ്ഥാനക്കാർ, ബ്രാക്കറ്റിൽ പോയിന്റ് ഉപജില്ല
1. കുറവിലങ്ങാട് (982)
2.
ഈരാറ്റുപേട്ട (927) 3.
ചങ്ങനാശേരി (885) 4. ഏറ്റുമാനൂർ (860) 5.
കോട്ടയം ഈസ്റ്റ് (817)
സ്കൂൾ
1. മുസ്ലിം ഗേൾസ് എച്ച്എസ്എസ്, ഈരാറ്റുപേട്ട
(384) 2. ഡി പോൾ എച്ച്എസ്എസ് നസ്രത്ത്ഹിൽ, കുറവിലങ്ങാട് (215) 3.
മൗണ്ട് കാർമൽ എച്ച്എസ്എസ്, കോട്ടയം (200) 4. സെന്റ് തെരേസാസ് എച്ച്എസ്എസ്, വാഴപ്പള്ളി (192) 5.
വിഎച്ച്എസ്എസ് ബ്രഹ്മമംഗലം (179)
മത്സര മീറ്റർ
ആകെ മത്സരം: 221
ഫലം വന്നത്: 118
ശാസ്ത്രോത്സവത്തിൽ ഇന്ന്
ശാസ്ത്രമേള: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ
സാമൂഹിക ശാസ്ത്ര മേള: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ. ഐടി മേള: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ.
എന്തൊരു അ‘സൗകര്യം’; സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടി മത്സരാർഥികൾ
കുറവിലങ്ങാട് ∙ സ്ഥലപരിമിതിയെന്ന പരാതി ജില്ലാ ശാസ്ത്രോത്സവത്തിൽ തുടരുന്നു.
പാചക മത്സരം, ക്ലേ മോഡലിങ്, മുള ഉപയോഗിച്ചുള്ള നിർമാണം, ഡോൾ മേക്കിങ്, വുഡ് കാർവിങ് തുടങ്ങിയ മത്സരങ്ങളൊക്കെ നടത്തിയത് വിദ്യാർഥികൾക്ക് ആവശ്യത്തിനു സ്ഥലം നൽകാതെ. ക്രമീകരിച്ച പന്തലിൽ സ്ഥലം തികയാതെ വന്നതോടെ പാചക മത്സരത്തിൽ പങ്കെടുത്ത ചിലർക്കു വെയിലത്തുനിന്നു പാചകം ചെയ്യേണ്ടി വന്നു.
കഴിഞ്ഞ വർഷങ്ങളിലും ഇതേ പരാതികൾ ഉയർന്നിരുന്നു.
പ്രതിസന്ധികളിൽ കൊത്തിയെടുത്തു,സ്വപ്ന വിജയം; ഇല്ലായ്മകൾ തളർത്താത്ത രോഹിണിയുടെ വിജയകഥ
കുറവിലങ്ങാട് ∙ തടിയിൽ കവിത പോലെ കൊത്തുപണികൾ തീർക്കാൻ രോഹിണി വിജയന്റെ ഊർജം പ്രതിസന്ധികളാണ്. പുതുവേലി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി രോഹിണി ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയ മേളയിൽ വുഡ് കാർവിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ഈ ഊർജം കൈമുതലാക്കി.
വെളിയന്നൂർ അരീക്കര സൗപർണികയിൽ വിജയൻ രജിത ദമ്പതികളുടെ മകളാണ് രോഹിണി. മേസ്തിരിപ്പണിയായിരുന്നു വിജയന്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇപ്പോൾ ജോലിക്കു പോകാൻ സാധിക്കുന്നില്ല. അമ്മ രജിത തൊഴിലുറപ്പ് ജോലിക്കു പോകുന്നു.
ഏക വരുമാനം അതു മാത്രം. തടിപ്പണി പരിശീലിപ്പിക്കാൻ പോലും ആരുമില്ല.
സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ മത്സരത്തിനു പോകണമെങ്കിൽ ചെലവേറെയാണ്. മകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന വിജയൻ പണം എങ്ങനെയെങ്കിലും കണ്ടെത്തും.
2023ൽ സംസ്ഥാന തലത്തിൽ വുഡ് കാർവിങ്ങിൽ ഒന്നാം സ്ഥാനക്കാരിയാണ് രോഹിണി. കഴിഞ്ഞ വർഷം ജില്ലാതലത്തിൽ ഒന്നാമത് എത്തിയെങ്കിലും സാമ്പത്തിക പരാധീനത മൂലം സംസ്ഥാന മത്സരത്തിനു പോകാൻ സാധിച്ചില്ല.
വുഡ് കാർവിങ്ങിന് ഉപയോഗിക്കുന്നത് 45 സെന്റീമീറ്റർ സമചതുരത്തിലുള്ള തേക്കിൻതടിയാണ്. വില 1800 രൂപ.
ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരത്തിനു പോകണമെങ്കിൽ 3 തവണ തടി വാങ്ങണം. അതിനു മാത്രം ചെലവ് 5400 രൂപ.
ഇതെല്ലാം കൂടി എങ്ങനെ കണ്ടെത്തും എന്ന ചോദ്യം ബാക്കി. അരീക്കരയിൽ താൽക്കാലിക വീട്ടിലാണ് രോഹിണിയും കുടുംബവും താമസിക്കുന്നത്.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു ലൈഫ് പദ്ധതിയിൽ വീട് നിർമാണം ആരംഭിച്ചു. പക്ഷേ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
ഇല്ലായ്മകൾ ഏറെയുണ്ടെങ്കിലും ആരുടെയും സഹായം ഇല്ലാതെ പഠിച്ചെടുത്ത തടിയിലെ കൊത്തുപണി സന്തോഷത്തോടെ ചെയ്യുകയാണ് രോഹിണി.
നക്ഷത്രമെണ്ണിച്ച് മണ്ണെണ്ണ
കുറവിലങ്ങാട് ∙ മണ്ണെണ്ണ ക്ഷാമം ഇത്തവണയും പ്രവൃത്തി പരിചയമേളയിൽ! ഇക്കണോമിക് ന്യൂട്രീഷൻ എന്നു പേരുള്ള പാചക മത്സരത്തിൽ വിഭവങ്ങൾ മണ്ണെണ്ണ സറ്റൗവിൽ പാചകം ചെയ്യണമെന്നാണ് നിബന്ധന.
മണ്ണെണ്ണ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നു വിദ്യാർഥികൾ. ആലപ്പുഴയിൽ പോയി ബോട്ട് ജീവനക്കാരിൽനിന്നു വാങ്ങിയാണ് മണ്ണെണ്ണ എത്തിച്ചതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ഉപജില്ലാ ശാസ്ത്രമേളയിൽ വാങ്ങിയ മണ്ണെണ്ണയിൽനിന്ന് മിച്ചം പിടിച്ച് അതുമായാണ് എത്തിയതെന്ന് മത്സരത്തിൽ പങ്കെടുത്ത ഹരിപ്രിയ പറയുന്നു. അതിനാൽ വേഗത്തിൽത്തന്നെ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി.
കഴിഞ്ഞ വർഷവും മണ്ണെണ്ണ ലഭ്യതയെക്കുറിച്ച് വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നു. എന്നാൽ മാന്വലിൽ മണ്ണെണ്ണ സ്റ്റൗ ഉപയോഗിക്കണമെന്നാണ് നിബന്ധനയെന്ന് അധികൃതർ പറയുന്നു.
സംഭവം തീ കൊണ്ടുള്ള പണിയായതു കൊണ്ടു അഗ്നിരക്ഷാസേനയുടെ പരിശോധനയും ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

