തൊടുപുഴ ∙ കഴിഞ്ഞ രണ്ടുനാൾ തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ച സെൻട്രൽ കേരള സഹോദയ കലോത്സവം സർഗധ്വനി-2025ന് ഇന്ന് കൊടിയിറങ്ങും. രണ്ടു ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 683 പോയിന്റ് നേടി മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ മുന്നേറ്റം തുടരുകയാണ്.
621 പോയിന്റോടെ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ രണ്ടാമതും 513 പോയിന്റുമായി ആതിഥേയരായ വിമല പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നു. നാലാം സ്ഥാനത്തുള്ള തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളിന് 451 ഉം തൊട്ടുപിന്നിലുള്ള വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളിന് 440 പോയിന്റും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് 426 പോയിന്റുമുണ്ട്.
ഇന്ന് പ്രധാനമായും ഒപ്പന, ദഫ്മുട്ട്, കുച്ചിപ്പുഡി, കോൽക്കളി തുടങ്ങിയ മത്സരങ്ങളാണ് നടക്കുക.
വൈകിട്ട് 4ന് സമാപന സമ്മേളനത്തിൽ കേരള ചലച്ചിത്ര നാടക അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ വിജയികളെ അനുമോദിക്കും. തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബു മുഖ്യപ്രഭാഷണം നടത്തും. നാലു കാറ്റഗറികൾ തിരിച്ചാണ് മത്സരങ്ങൾ നടന്നു വരുന്നത്.
ഓവറോൾ ചാംപ്യൻഷിപ്പിന് പുറമേ സെക്കൻഡറി സ്കൂളുകൾക്കായി പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.
കോടതി വിധിയുമായെത്തി മിന്നും വിജയം
തൊടുപുഴ ∙ ഹൈക്കോടതി വിധിയുമായി എത്തി ഭരതനാട്യത്തിൽ ക്രിസ്ലിൻ സജി എതിരാളികളെ കീഴടക്കി ഒന്നാം സ്ഥാനം നേടി. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ക്രിസ്ലിൻ. ഭരതനാട്യത്തിൽ (കാറ്റഗറി 3) സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനമായിരുന്നു.
തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് സെൻട്രൽ കേരള സഹോദയ കലോത്സവത്തിൽ പങ്കെടുക്കാൻ വിധി സമ്പാദിച്ച് എത്തി ഒന്നാമതെത്തുകയായിരുന്നു.നാടോടി നൃത്തത്തിലും ക്രിസ്ലിൻ ഒന്നാം സ്ഥാനം നേടിയിരുന്നു. താളപ്പെരുമ എന്ന പ്രമേയം അവതരിപ്പിച്ചാണ് ഈ കൊച്ചു മിടുക്കി നാടോടി നൃത്തത്തിൽ ഒന്നാമതെത്തിയത്.
മൂവാറ്റുപുഴ ചക്രാംവേലിൽ സജി-നീന ദമ്പതികളുടെ മകളാണ്. സൂരജ് നായരാണ് ഗുരു.
ഇന്ന് കുച്ചിപ്പുഡിയിലും മത്സരിക്കുന്നുണ്ട്.
ഒന്നാം സ്ഥാനം പങ്കിട്ട് കീർത്തനയും ആദിത്യയും
തൊടുപുഴ ∙ സിബിഎസ്ഇ സെൻട്രൽ കേരള സഹോദയ കലോത്സവത്തിൽ മോഹിനിയാട്ടം കാറ്റഗറി നാലിൽ ഒന്നാംസ്ഥാനം പങ്കിട്ട് കീർത്തന സുദീപും ആദിത്യ ബിജുവും. അഞ്ചാം ക്ലാസിനു ശേഷം കലോത്സവ വേദിയിൽ എത്തിയ ആദിത്യ ഏക ഇനത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയപ്പോൾ കീർത്തനക്കിത് തുടർച്ചയായി നാലാം വർഷമാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത്. മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ കീർത്തന നാലാം വയസ്സു മുതൽ കലാമണ്ഡലം അഞ്ജലി സുനിലിന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തി വരുന്നു.
ആദ്യ ദിനത്തിലെ ഭരതനാട്യം മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
ഇന്ന് കുച്ചിപ്പുഡിയിലും മത്സരിക്കുന്നുണ്ട്. തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആദിത്യ ഗുരുവായ ഷൈബി കൃഷ്ണയുടെ കീഴിൽ മൂന്നാം വയസ്സു മുതലാണ് നൃത്ത പരിശീലനം തുടങ്ങിയത്.
കുച്ചിപ്പുഡി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയും പരിശീലിക്കുന്നുണ്ട്. ആദിത്യ, അർജുനന്റെ പെൺ വേഷമായ ബൃഹന്നളയായും കീർത്തന മുരുകന്റെ കുമുദിനി വർണമായും വേദിയിൽ അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനങ്ങൾ പങ്കിട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

