സ്മാർട്ട് ടിവികളുടെ പ്രവർത്തനരീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ ടിവി പ്ലാറ്റ്ഫോമിലേക്ക് ജെമിനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കൂടി എത്തുന്നതോടെ റിമോട്ട് കൺട്രോളറുകളെ ആശ്രയിക്കാതെ തന്നെ ടിവിയുടെ പ്രധാന ക്രമീകരണങ്ങൾ മാറ്റാൻ ഉപയോക്താക്കൾക്ക് സാധിക്കും.
നേരത്തെ തന്നെ ടിവിയിൽ പ്രോഗ്രാമുകൾ തിരയുന്നതിനും സംഗീതം ആസ്വദിക്കുന്നതിനും സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. എന്നാൽ, പുതിയ അപ്ഡേഷനിലൂടെ ഓഡിയോ, വീഡിയോ ക്രമീകരണങ്ങൾ ശബ്ദനിർദ്ദേശങ്ങളിലൂടെ നേരിട്ട് മാറ്റാൻ ഇനി സാധിക്കും.
ഈ സാങ്കേതികവിദ്യ കേവലം ക്രമീകരണങ്ങൾ മാറ്റാൻ മാത്രമല്ല, ടിവിയിലെ സാങ്കേതിക തകരാറുകൾ കണ്ടെത്തി പരിഹരിക്കാനും സഹായിക്കും. ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ടിവിയുടെ അന്തരീക്ഷം മാറ്റാൻ ജെമിനിക്ക് കഴിയും.
ഉദാഹരണത്തിന്, “It’s movie night—help make this feel like a cinematic experience.” എന്ന് ഉപയോക്താവ് പറയുമ്പോൾ, അതിനനുസരിച്ചുള്ള മാറ്റങ്ങൾ ടിവിയിൽ താനേ സംഭവിക്കും. സങ്കീർണ്ണമായ മെനുകളിലൂടെ സഞ്ചരിക്കാതെ തന്നെ വളരെ വേഗത്തിൽ മികച്ച കാഴ്ചാനുഭവം ഉറപ്പാക്കാൻ ഇത് സഹായിക്കും.
നിലവിൽ തിരഞ്ഞെടുത്ത TCL ഗൂഗിൾ ടിവി മോഡലുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. അമേരിക്കയിലെ ഉപയോക്താക്കൾക്കായി QM9K, X11L, QM9L, QM8L, RM9L എന്നീ മോഡലുകളിലാണ് ഈ അപ്ഡേറ്റ് ലഭ്യമാകുക.
ഈ ആഴ്ചകളിൽ തന്നെ അപ്ഡേറ്റ് ഘട്ടംഘട്ടമായി പുറത്തിറങ്ങുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ഗൂഗിൾ ടിവി ഉൽപ്പന്നങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സാങ്കേതിക ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

