കൂരാച്ചുണ്ട് ∙ കക്കയം ഫോറസ്റ്റ് സ്0റ്റേഷൻ ലേഡീസ് ബാരക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് വയലട ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനം കൂടി നടത്താനുള്ള വനം വകുപ്പ് നീക്കത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ടൂറിസം സെന്റർ ഉദ്ഘാടനം താൽക്കാലികമായി മാറ്റിവച്ചു.
വനം, റവന്യു വകുപ്പ് സംയുക്ത സർവേ പൂർത്തീകരിക്കാത്ത മേഖലയിൽ തിടുക്കത്തിൽ ഇക്കോ ടൂറിസം സെന്റർ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ കിഫ, വിഫാം കർഷക സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
ലേഡീസ് ബാരക് ഉദ്ഘാടനത്തിനായി വിളിച്ച സ്വാഗത സംഘം യോഗത്തിൽ ഇക്കോ ടൂറിസം കേന്ദ്രം ഉദ്ഘാടനം സംബന്ധിച്ച് ചർച്ച നടത്തിയില്ലെന്നും ജനപ്രതിനിധികളെയും, രാഷ്ട്രീയ പാർട്ടി നേതാക്കളെയും വിവരം അറിയിച്ചിട്ടില്ലെന്നുമാണ് ആക്ഷേപം ഉയർന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് മന്ത്രിയുടെ നിർദേശ പ്രകാരം ഇക്കോ ടൂറിസം സെന്റർ ഉദ്ഘാടനം മാറ്റിവച്ചതായി പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.സി.സുധീന്ദ്രൻ രേഖാമൂലം പ്രസിഡന്റിന് കത്ത് നൽകി.
കിഫ കരിദിനാചരണം മാറ്റിവച്ചു
കൂരാച്ചുണ്ട് ∙ വയലടയിലെ കൃഷിയിടത്തിൽ വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ ഉദ്ഘാടനം ചെയ്യാൻ അനുവദിക്കില്ലെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.
വനംവകുപ്പ് അതിക്രമിച്ചു കയറി ജണ്ടയിട്ട ഭൂമിയിൽ സംയുക്ത സർവേ പൂർത്തീകരിക്കാത്തതിനാലും അന്തിമ നോട്ടിഫിക്കേഷൻ വരാത്തതിനാലും ടൂറിസം സെന്റർ മേഖല വനഭൂമിയാണെന്ന് അംഗീകരിക്കാൻ സാധിക്കില്ല. വയലട
ഇക്കോ ടൂറിസം സെന്റർ ഉദ്ഘാടനം മാറ്റിവച്ചതായി വനം വകുപ്പ് അധികൃതർ രേഖാമൂലം അറിയിച്ചതിനാൽ കിഫ ഇന്നു നടത്താനിരുന്ന പ്രതിഷേധവും, കരിദിനാചരണവും മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു.
വനം വകുപ്പിന്റെ ഗൂഢലക്ഷ്യമെന്നു വിഫാം
കൂരാച്ചുണ്ട് ∙ വയലട ഇക്കോ ടൂറിസത്തിന്റെ മറവിൽ മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ സാധിക്കുമെന്ന് പറഞ്ഞ് കർഷകന്റെ കൃഷിയിടം തട്ടിയെടുക്കാനുള്ള ഗൂഢലക്ഷ്യമാണ് വനം വകുപ്പിനുള്ളതെന്നു വിഫാം ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
മലയോര കർഷകർ ഈ നീക്കത്തെ ശക്തമായി എതിർക്കും. ഇക്കോ ടൂറിസം സെന്റർ ഉദ്ഘാടനം മാറ്റിയതിനാൽ വിഫാം ഇന്ന് പഞ്ചായത്തിൽ നടത്താനിരുന്ന കരിദിനാചരണം മാറ്റിവച്ചു.
സംയുക്ത സർവേ പൂർത്തിയാക്കാതെ വീണ്ടും ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ വനം വകുപ്പ് ശ്രമിച്ചാൽ ശക്തമായി നേരിടും. ചെയർമാൻ ജോയി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു.
വി.ടി.തോമസ്, സുമിൻ എസ്.നെടുങ്ങാടൻ, ബോണി ജേക്കബ് ആനത്താനം, ബാബു പുതുപ്പറമ്പിൽ, സണ്ണി പാരഡൈസ്, ഡെന്നിസ് പെരുവേലിൽ, ബാബു പൈകയിൽ, സെമിലി സുനിൽ എന്നിവർ പ്രസംഗിച്ചു.
കക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ ലേഡീസ് ബാരക് ഉദ്ഘാടനം ഇന്ന്
കൂരാച്ചുണ്ട് ∙ വനം വകുപ്പിനെ ആധുനികവൽക്കരിച്ചു കൂടുതൽ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ലേഡീസ് ബാരക് ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.
നബാർഡ് ഫണ്ടിൽ 92 ലക്ഷം രൂപ ചെലവഴിച്ചാണു കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
കെ.എം.സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എംപി മുഖ്യാതിഥിയാകും.
അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി.പുകഴേന്തി റിപ്പോർട്ട് അവതരിപ്പിക്കും. കക്കയം ഇക്കോ ടൂറിസം ക്യാരിങ് കപ്പാസിറ്റി സ്റ്റഡി റിപ്പോർട്ട് പ്രകാശനം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്എഫ്ഡിഎ മെംബർ സെക്രട്ടറി ഡോ.ജെ.ജസ്റ്റിൻ മോഹൻ നിർവഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

