തൃശൂർ/ കൊച്ചി ∙ മാലദ്വീപിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആറായിരത്തോളം ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്കു പണം അയയ്ക്കുന്നതിന് കടുത്ത പ്രതിസന്ധി. മാലദ്വീപിലെ വിദേശനാണ്യ ശേഖരത്തിലെ കുറവു മൂലം ഇന്ത്യയിലേക്ക് അയയ്ക്കാൻ കഴിയുന്ന തുക പ്രതിമാസം 150 ഡോളറാക്കി പരിമിതപ്പെടുത്തി.
പ്രവാസികൾ മാലദ്വീപിൽ നിന്നു ഇന്ത്യയിലേക്ക് പണമയയ്ക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വഴിയാണ്.
ഒരു മാസം ഒരാൾക്ക് ഇന്ത്യയിലേക്ക് 150 ഡോളർ (ഏതാണ്ട് 13,000 രൂപ) മാത്രമേ അയയ്ക്കാൻ കഴിയൂ എന്ന അറിയിപ്പ് ഇന്നലെയാണ് ഉപയോക്താക്കൾക്കു ലഭിച്ചത്. ഇതുവരെ 400 ഡോളർ (34,000 രൂപ) ആയിരുന്നു പരിധി.
വിദേശ നാണ്യത്തിന്റെ ഗണ്യമായ കുറവാണ് പണമയയ്ക്കൽ പരിധി കുറയ്ക്കാൻ കാരണമെന്നും വിദേശ നാണ്യ ലഭ്യത മെച്ചപ്പെട്ടാലുടൻ പരിധി പുനഃസ്ഥാപിക്കുമെന്നും എസ്ബിഐ വെബ്സൈറ്റിലും ഇടപാടുകാർക്ക് അയച്ച ഇ–മെയിലിലും പറയുന്നു.
മൂന്നു വർഷത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിദേശനാണ്യ ശേഖരമാണ് മാലദ്വീപിന് ഇപ്പോഴുള്ളത്.
കഴിഞ്ഞ വർഷമാണ് പണമയയ്ക്കൽ പരിധി 500 ഡോളറിൽ നിന്ന് 400 ഡോളറായി ചുരുക്കിയത്. അത് വീണ്ടും 150 ഡോളറാക്കിയതോടെ പ്രവാസികൾ പ്രതിസന്ധിയിലായി.
മാലദ്വീപിനു പുറത്തുള്ള എംവിആർ കാർഡിന്റെ ഉപയോഗവും (എടിഎം കാർഡ്) ഇന്നലെ മുതൽ താൽക്കാലികമായി മരവിപ്പിക്കുന്നതായും അറിയിപ്പിലുണ്ട്.
വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് റിക്രൂട്മെന്റ് ഏജൻസികൾ വഴി കേരളത്തിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും മാലദ്വീപിലെ വിവിധ മേഖലകളിലേക്ക് ആളുകളെ ജോലിക്കെത്തിക്കുന്നത്. ജോലികളിൽ അധികവും ഏതാണ്ട് 20,000 എംവിആർ (മാലദ്വീപ് കറൻസി) ശമ്പളം ലഭിക്കുന്നവയാണ്.
ഇന്ത്യൻ കറൻസിയിൽ ഇത് ഒരുലക്ഷം രൂപയ്ക്കു മുകളിൽ വരും. ഇന്ത്യയിലേക്ക് 13,000 രൂപ മാത്രമേ മാസം തോറും അയയ്ക്കാനാകൂ എന്നുവന്നതോടെ പലരുടെയും വായ്പ തിരിച്ചടവ് അടക്കമുള്ളവയെ ബാധിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

