കൊല്ലം ∙ ദിവസങ്ങളായി വെള്ളത്തിനു ബുദ്ധിമുട്ടിയതോടെ സമരരംഗത്തേക്കിറങ്ങി തുരുത്ത് നിവാസികൾ. സെന്റ് തോമസ് തുരുത്ത്, സെന്റ് ജോസഫ് തുരുത്ത്, സെന്റ് ജോർജ് തുരുത്ത് എന്നീ 3 തുരുത്തുകളിലാണു കഴിഞ്ഞ 5 ദിവസമായി വെള്ളം കിട്ടാത്തത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൈപ്പുകൾ പൊട്ടിയതും പൈപ്പുകളുടെ കണക്ഷൻ പരിശോധിക്കുന്നതിനായി കട്ട് ചെയ്ത കണക്ഷനുകൾ പുനഃസ്ഥാപിക്കാത്തതുമാണു പ്രശ്നത്തിനു കാരണം.
ഇതോടെ തുരുത്തിലെ ഇരുനൂറോളം കുടുംബങ്ങളും ചുറ്റുമുള്ള മുന്നൂറോളം കുടുംബങ്ങളുമടക്കം അഞ്ഞൂറോളം കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി തുരുത്തിൽ വെള്ളം കിട്ടിയത്. വ്യാഴം മുതൽ വെള്ളം കിട്ടാതായതോടെ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ദേശീയപാത കരാറുകാർ കുടിവെള്ള പൈപ്പുകൾ പരിശോധന നടത്തുന്നതിന്റെ ഭാഗമായി മറ്റു ലൈനുകൾ ഒഴിവാക്കിയതാണെന്നും 2 ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നുമാണു പറഞ്ഞത്.
2 ദിവസം മുൻപു ശേഖരിച്ചു വച്ച വെള്ളവും മറ്റും ഉപയോഗിച്ചു മുന്നോട്ടു പോയ തുരുത്തു നിവാസികൾക്ക് 4 ദിവസം പിന്നിട്ടിട്ടും വെള്ളം കിട്ടിയില്ല. ഇതോടെയാണ് നാട്ടുകാർ സംഘടിച്ചു ദേശീയപാത നിർമാണം തടസ്സപ്പെടുത്തി ഇന്നലെ സമരം ചെയ്തത്. ആൽത്തറമൂട് ഭാഗത്തെ ദേശീയപാത നിർമാണ സ്ഥലത്തെത്തി കരാർ ഏറ്റെടുത്ത കമ്പനിയുടെ അധികൃതരെ തുരുത്ത് നിവാസികൾ പ്രശ്നം അറിയിച്ചു.
തുടർന്നു കരാറുകാരുടെ പ്രതിനിധികളുമായുള്ള ചർച്ചയിൽ ഇന്ന് രാവിലെ വെള്ളം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് നൽകിയതോടെയാണു സമരം അവസാനിപ്പിച്ചത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൈപ്പുകൾ പൊട്ടുന്നതും കുടിവെള്ളം മുടങ്ങുന്നതും സ്ഥിര സംഭവമായി മാറുകയാണെന്നും വേണ്ട
നടപടികൾ കരാറുകാർ കൈക്കൊള്ളണമെന്നും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നും കൗൺസിലർ ദീപു ഗംഗാധരൻ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

