നെടുമങ്ങാട്∙ കാലപ്പഴക്കത്തെ തുടർന്നും പുതിയ ബഹുനില മന്ദിരം പണിയുന്നതിനുമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ അനുമതി. സ്റ്റോർ റൂം, ഫാർമസി, എച്ച്എൽഎൽ, ഓഫിസിന് സമീപത്തെ ജനറൽ ഒപി, സർജറി വാർഡ്, കന്റീൻ, ലാബ് എന്നിവ പ്രവർത്തിക്കുന്ന മന്ദിരങ്ങളാണ് പൊളിച്ചു മാറ്റുന്നതെന്ന് ആശുപത്രി സൂപ്രണ്ട് രേഖ രവീന്ദ്രൻ പറഞ്ഞു.
ഇത് സംബന്ധിച്ച് നെടുമങ്ങാട് ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയർ നൽകിയ റിപ്പോർട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സൂപ്രണ്ട് വഴിയാണ് സർക്കാരിന് കൈമാറിയത്.
കിഫ്ബി ഫണ്ട് 85 കോടി രൂപ വിനിയോഗിച്ച് 6 നില കെട്ടിടം ആശുപത്രിയിൽ നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇൗ കെട്ടിടങ്ങൾ പൊളിക്കുന്നത്.
പുതിയ ബഹുനില മന്ദിരം പണിയുന്നതിനായി 12 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പുതിയ 6 നില മന്ദിരത്തിന്റെ ജോലികൾ ടെൻഡർ നടപടിയിൽ ആണെന്ന് ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്.മനോജ് കുമാർ പറഞ്ഞു.
ആശുപത്രിയിൽ 3 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
പിന്നാലെ പൊളിക്കാനുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ ഇതിലേക്ക് മാറ്റുമെന്നും സൂപ്രണ്ട് അറിയിച്ചു. വ്യാഴാഴ്ച ജില്ലാ ആശുപത്രിയിൽ നടുവേദനയ്ക്ക് ഡോക്ടറെ കാണാൻ എത്തിയ ആളിന് ഒപ്പം വന്ന ചെറുമകളുടെ ദേഹത്തൂടെ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ അടർന്ന് വീണു പരുക്കേറ്റിരുന്നു.
പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി.ഫസിലുദീന് ഒപ്പം എത്തിയ ചെറുമകൾ നൗഫിയ നൗഷാദ് (21) ന് ആണ് ഇടത്തേ കയ്യിൽ ആണ് പരുക്കേറ്റത്.
ഓപ്പറേഷൻ തിയറ്റർ തുറക്കുന്നത് നീളും
ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്റർ തുറക്കുന്നത് നീളും. തിയറ്ററിനുള്ളിൽ വായുവിൽ നിന്ന് എടുത്ത സാംപിൾ ലാബിൽ പരിശോധിച്ചപ്പോൾ അണുബാധ കണ്ടെത്തി.
വീണ്ടും ലാബിൽ അയച്ച സാംപിളിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് തിയറ്റർ തുറക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

