സർക്കാർ ഉത്തരവുകൾ നിലവിലുണ്ടായിട്ടും ലോകായുക്തയുടെ നിർദ്ദേശം പാലിച്ച് വസ്തു നികുതി സ്വീകരിക്കാൻ തയ്യാറാകാതെ ഭൂവുടമയെ നിയമനടപടികളിലൂടെ ബുദ്ധിമുട്ടിച്ച റവന്യു ഉദ്യോഗസ്ഥർക്ക് കേരള ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. തിരുവനന്തപുരം ആർഡിഒ (സബ് കലക്ടർ), തഹസിൽദാർ (ലാൻഡ് റെക്കോർഡ്സ്), വഞ്ചിയൂർ വില്ലേജ് ഓഫിസർ എന്നിവർക്കാണ് ഹൈക്കോടതി 30,000 രൂപ പിഴ ചുമത്തിയത്.
ജസ്റ്റിസ് ഡോ. എ.കെ.
ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ചാണ് ഈ കർശന ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചിയൂർ വില്ലേജിലെ പാളയം സ്വദേശിയും റിട്ട.
അഡീഷനൽ സെക്രട്ടറിയുമായ എ. മൈതീൻപിള്ളയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചിരുന്നു.
തുടർന്ന് ലോകായുക്തയുടെ ഇടക്കാല ഉത്തരവിനെതിരെ റവന്യു ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. എന്നാൽ ഉദ്യോഗസ്ഥരുടെ ഈ ഹർജി തള്ളിക്കളഞ്ഞ ഡിവിഷൻ ബെഞ്ച് അവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
പൊതുജനങ്ങൾക്കു അനുകൂലമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളെ വകവയ്ക്കാതെ റവന്യു ഉദ്യോഗസ്ഥർ അവരെ നിയമക്കുരുക്കുകളിൽ ബന്ദികളാക്കരുതെന്ന് കോടതി കർശനമായി ഓർമ്മിപ്പിച്ചു. കേസിനാസ്പദമായ സംഭവം ഇങ്ങനെയാണ്: എ.
മൈതീൻപിള്ള വഞ്ചിയൂർ വില്ലേജിലെ 4.151 സെന്റ് ഭൂമിക്ക് 2018 വരെ കൃത്യമായി നികുതി അടച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന റീ സർവേയിൽ ഭൂമിയുടെ അളവ് 3.53 സെന്റ് മാത്രമാണെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ നികുതി സ്വീകരിക്കാൻ തയ്യാറായില്ല.
തുടർന്ന് ഭൂവുടമ ഈ വിഷയത്തിൽ ലോകായുക്തയെ സമീപിക്കുകയായിരുന്നു. റീ സർവേയുമായി ബന്ധപ്പെട്ട
തർക്കങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതുവരെ ഉടമ അവകാശപ്പെടുന്ന വിസ്തീർണത്തിന് നികുതി സ്വീകരിക്കണമെന്ന വ്യക്തമായ സർക്കാർ ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഈ നിയമം ചൂണ്ടിക്കാട്ടിയാണ് നികുതി സ്വീകരിക്കാൻ ലോകായുക്ത ഉത്തരവിട്ടത്.
എന്നാൽ ഇതിനെതിരെയാണ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, ഹർജിക്കാരനായ എ.
മൈതീൻപിള്ളയ്ക്ക് രണ്ടാഴ്ചയ്ക്കകം സർക്കാർ 30,000 രൂപ നൽകണമെന്ന് ഉത്തരവിട്ടു. ഈ തുക ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരിൽ നിന്നും 10,000 രൂപ വീതം ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, ഔദ്യോഗിക ഉത്തരവുകൾ മനഃപൂർവം ലംഘിച്ച ഈ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഗൗരവമായി പരിഗണിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

