കൊച്ചി: പനങ്ങാട്, നെട്ടൂർ പ്രദേശങ്ങളിലെ വിവിധ ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രദേശത്തെ ക്ഷേത്രങ്ങളും പള്ളികളും ലക്ഷ്യമാക്കി നടന്ന തുടർച്ചയായ മോഷണ പരമ്പരയുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്. മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണ പരമ്പര ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു പ്രതികൾ കവർച്ച നടത്തിയിരുന്നത്. നെട്ടൂർ തണ്ടശ്ശേരി കോളനിയിലെ ശ്രീദേവി – സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും ഈ സംഘം കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു.
രാത്രികാല പട്രോളിങ്ങിനിടെ നെട്ടൂർ പാലത്തിന് സമീപത്തുനിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. പനങ്ങാട് എസ്എച്ച്ഒ മിഥുൻ മോഹൻന്റെ നേതൃത്വത്തിൽ രാജേഷ് പി എസ്, സൈജു ദേവസ്യ, എം ശ്രീജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

