നെടുമ്പാശേരി ∙ ശാപമോക്ഷം തേടി അയിരൂർ പുത്തൻതോട് പാലം. ബലക്ഷയം മൂലം പാലം ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ്.
ഭാരവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നത് പാലത്തെ സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു. കുന്നുകര പഞ്ചായത്ത് മൂന്നാം വാർഡിലെ അയിരൂർ പുത്തൻതോട് പാലത്തിന് 60 വർഷത്തിലേറെ പഴക്കമുണ്ട്. പാലത്തിനടിയിലെ കോൺക്രീറ്റ് പലയിടത്തും പൊളിഞ്ഞു പോയിട്ടുണ്ട്.
ഇതിലൂടെയാണ് ഭാരവാഹനങ്ങളും പതിനഞ്ചോളം സ്വകാര്യ ബസുകളും 3 കെഎസ്ആർടിസി ബസുകളും ഇരുപത്തഞ്ചോളം സ്കൂൾ ബസുകളും നിത്യവും സഞ്ചരിക്കുന്നത്. അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളും ഇതു വഴി ചീറിപ്പായുന്നു.
4വർഷം മുൻപ് ഇവിടെ പുതിയ പാലം നിർമിക്കാൻ 2 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും മുന്നോട്ടു നീങ്ങിയിട്ടില്ല.
ഇതിനിടെ പ്രളയ പ്രദേശമായതിനാൽ പാലം കുറേക്കൂടി ഉയർത്തി നിർമിക്കണമെന്ന ആവശ്യമുയർന്നതിനാൽ ഈ തുക തികയാതെ വരും. പാലം പണിക്കും സ്ഥലം ഏറ്റെടുക്കാനുമായി കൂടുതൽ തുക അനുവദിക്കാൻ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് അറിയുന്നു.
പക്ഷേ ഇക്കാര്യത്തിൽ അമിതമായ കാലതാമസം ഉണ്ടാകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
നിലവിലെ പാലത്തിന് 15 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണുള്ളത്. അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തിയില്ല.
പലപ്പോഴും വാഹനങ്ങൾ പാലത്തിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഒട്ടേറെ വാഹനങ്ങൾ ഇവിടെ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. എതിർദിശയിൽ വാഹനങ്ങൾ ഒരുമിച്ചു വന്നാൽ മറികടന്നു പോകാൻ കഴിയില്ല.
ഒരു വശത്തുള്ള വാഹനങ്ങൾ പോയതിനു ശേഷമേ മറുവശത്തുള്ള വാഹനങ്ങൾക്കു പാലം മുറിച്ചു കടക്കാൻ കഴിയൂ. പാലത്തിൽ എതിരെ വരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിടുന്നതു മൂലം പിന്നിലെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ട്.
അപ്രോച്ച് റോഡിനു സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വാഹനങ്ങൾ തെന്നി താഴേക്കു മറിയുന്നതും പതിവാണ്.
പാലത്തിനു താഴെക്കൂടി പോകുന്ന അയിരൂർ പുത്തൻതോടിന് താഴ്ചയുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു.
പാലത്തിനു താഴെ തോടിന്റെ വശങ്ങളിൽ താമസിക്കുന്ന വീടുകളും അപകട ഭീഷണിയിലാണ്.
ഇവിടെ തോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനു മൂന്നര വർഷം മുൻപു മൈനർ ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകിയെങ്കിലും എസ്റ്റിമേറ്റ് എടുത്ത് പോയതല്ലാതെ ഒരു നടപടിയുണ്ടായില്ല. ചാലക്കുടിപ്പുഴയെയും അങ്കമാലി മാഞ്ഞാലിത്തോടിനെയും ബന്ധിപ്പിക്കുന്ന അയിരൂർ പുത്തൻതോടിന് ഒന്നര കിലോമീറ്റർ നീളമുണ്ട്. എത്രയും വേഗം പുതിയ പാലം പുതുക്കിപ്പണിയണമെന്നും തോട് സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

