പുത്തൻചിറ ∙ മയിൽ, നീലക്കോഴി എന്നിവയ്ക്കു പുറമേ കാട്ടുപന്നികളും മേഖലയിലെ കർഷകർക്കു തലവേദനയാകുന്നു. വില്വമംഗലം പാടത്തെ നെൽച്ചെടികൾ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്.
കൃഷിക്കായി ഒരുക്കിയ പാടത്തും നെല്ല് വിതച്ച പാടത്തും രാത്രികാലങ്ങളിൽ ഇവയെത്തി ചെളി കുത്തിമറിച്ചിട്ട നിലയിലാണ്.
വരമ്പുകളും വയലുകളിലേക്ക് വെള്ളമെത്താൻ നിർമിച്ച തോടുകളും ഇവ കുത്തിമറിച്ചിട്ടിരിക്കുകയാണ്.
ഒരാഴ്ചയായി മേഖലയിൽ കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു. കുന്നത്തേരി മേഖലയിൽ ഏതാനും മാസങ്ങൾക്കു മുൻപ് കാട്ടുപന്നികൾ വാഴക്കൃഷി നശിപ്പിച്ചിരുന്നു.
വാഴയുടെ വാരം തുരന്നും പിണ്ടിയും മാങ്ങും ചേർന്ന ഭാഗം കാർന്നു തിന്നും വലിയ തോതിൽ വാഴകൾ നശിപ്പിച്ചിരുന്നു. പച്ചക്കറി കൃഷിയിടങ്ങളിൽ മയിലും നീലക്കോഴിയും എത്തി ചെടികളും ഫലങ്ങളും ഭക്ഷണമാക്കുന്നതു പതിവായതോടെ ഓണം ലക്ഷ്യമിട്ട് കൃഷിയിറക്കിയവർ ഇപ്രാവശ്യം നിരാശയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് നെൽക്കൃഷിയിടങ്ങളിൽ കാട്ടുപന്നികളും എത്തിയത്.
പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനു മുൻപായി മേഖലയിൽ മുണ്ടകൻ കൃഷി ആരംഭിക്കാറുണ്ട്.
ഉപ്പുവെള്ളം കയറുന്നതിനു മുൻപായി വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഈ സമയങ്ങളിൽ കൃഷിയിറക്കുന്നത്. എന്നാൽ കാട്ടുപന്നികളും ഇരതേടി പാടങ്ങളിലേക്കിറങ്ങിയതോടെ കാർഷിക മേഖല ആശങ്കയിലായി.
വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്നൊഴിവാക്കാനുള്ള അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് കർഷകർ പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

