ഇംഫാൽ∙ പ്രധാനമന്ത്രി
ഇന്നു മണിപ്പുർ സന്ദർശിക്കാനിരിക്കെ ചുരാചന്ദ്പുരിൽ സംഘർഷം. പ്രദേശവാസികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടിയത്.
മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. മുളവടികളുമായെത്തിയ ഒരു സംഘം അക്രമികൾ ചുരാചന്ദ്പുരിലെ പിസുൻമുൻ ഗ്രാമത്തിൽ സ്ഥാപിച്ച ബാരിക്കേഡുകളും മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള പോസ്റ്ററുകളും അലങ്കാരങ്ങളും നശിപ്പിക്കുകയും തീവെക്കുകയുമായിരുന്നു.
മോദി നാളെ ഹെലികോപ്ടർ ഇറങ്ങുന്ന ബിഎസ്ഫ് കേന്ദ്രത്തിന് അഞ്ച് കിലോമീറ്റർ അകലെയാണു സംഭവം. ഇതിനു പിന്നാലെ പൊലീസും സുരക്ഷാ സേനയുമെത്തി അക്രമികളെ തുരത്തുകയായിരുന്നു.
കുക്കി ഭൂരിപക്ഷ പ്രദേശമാണ് നേരത്തേ വംശീയ കലാപത്തിന്റെ മുഖ്യ കേന്ദ്രമായ ചുരാചന്ദ്പുർ.
കുകി സോ കൗൺസിൽ കഴിഞ്ഞ ദിവസം മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, കലാപത്തിൽ കൊല്ലപ്പെട്ട
കുക്കി വിഭാഗക്കാരുടെ സ്മരണക്കായി തയാറാക്കിയ ‘ഓർമ മതിൽ’ മറച്ചുകൊണ്ട് അലങ്കാരങ്ങൾ നടത്തിയതിലാണ് പ്രദേശവാസികൾ പ്രകോപിതരായതെന്നാണു പറയപ്പെടുന്നത്.
മണിപ്പുർ കലാപത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മേഖല സന്ദർശിക്കുന്നത്. ചുരാചന്ദ്പുരിലെത്തുന്ന മോദി പിന്നീട് മെയ്തെയ് ഭൂരിപക്ഷ മേഖലയായ ഇംഫാലിലെ കാഗ്ല കോട്ടയിലുമെത്തും.
മെയ്തെയ്, കുക്കി മേഖലകൾക്കു പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ukhrultimes എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

