തൃശൂർ ∙ ആളും ആരവങ്ങളും കണ്ടാലോ കേട്ടാലോ ഏതു പുലിയും ഒന്നു പതുങ്ങും. ശൗര്യമൊന്ന് അടക്കും.
എന്നാൽ, ആളാരവങ്ങൾക്കിടയിൽ പെട്ടാൽ കളിച്ചു കലി തീർക്കുന്നവരാണ് തൃശൂരിലെ പുലികൾ. ഇവിടെ പുലി പതുങ്ങുന്നത് ഒളിക്കാനല്ല; കളിക്കാനാണ്.
ഇന്നലെ സ്വരാജ് റൗണ്ടിൽ അരമണിയും കുടവയറും കുലുക്കി പുലികൾ ചുവടുവച്ചു; പുലിക്കൊട്ടിനൊത്ത് തലയാട്ടി ആടിത്തിമിർത്തു.
പുരാണ, സമകാലിക പശ്ചാത്തലങ്ങളും സാമൂഹിക സന്ദേശങ്ങളും നിശ്ചലദൃശ്യങ്ങളിൽ നിറഞ്ഞു. വ്യത്യസ്ത രൂപങ്ങളിൽ അണിയിച്ചൊരുക്കിയ പുലിവണ്ടികളും ആഘോഷത്തിന് അകമ്പടിയേകി.
9 ദേശങ്ങളാണ് നഗരത്തിലേക്ക് പുലികളെ കൂടുതുറന്നുവിട്ടത്.
നടുവിലാൽ ഗണപതിക്ക് മുൻപിൽ തേങ്ങയുടച്ച് എംജി റോഡ് വഴി ശങ്കരംകുളങ്ങര ദേശം നഗരത്തിലേക്കു പ്രവേശിക്കുമ്പോൾ സമയം കൃത്യം 4 മണി. ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശമായിരുന്നു ദൃശ്യങ്ങളിൽ.
തൊട്ടുപിന്നിൽ പുലിയുടെ മുഖവും മീനിന്റെ ശരീരവുമുള്ള പുലിമീൻ വണ്ടിയുമായി അയ്യന്തോൾ ദേശം. പുരാണത്തിലെ കഥാസന്ദർഭമായിരുന്നു അയ്യന്തോളിന്റെ നിശ്ചലദൃശ്യം.
പുലി വേഷം കെട്ടിയവർക്കൊപ്പം അന്യഗ്രഹ ജീവികളും പേടകവും നിരക്കുന്ന എഡി 3000 ചിത്രീകരിച്ചാണ് ചക്കാമുക്ക് കളത്തിലിറങ്ങിയത്.
ഇതിനിടെ ലഹരിക്കെതിരെയുള്ള സന്ദേശവുമായി കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ നിശ്ചലദൃശ്യവും കടന്നുപോയി. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം അടയാളപ്പെടുത്തിയതായിരുന്നു വെളിയന്നൂർ ദേശത്തിന്റെ ദൃശ്യം.
നന്ദികേശനും ശിവനുമായി വിയ്യൂർ യുവജനസംഘവും രാവണന്റെയും തെയ്യത്തിന്റെയും രൂപങ്ങളോടെ കുട്ടൻകുളങ്ങരയും കളംനിറഞ്ഞു.
സീതാറാം മിൽ ലെയ്ൻ, നായ്ക്കനാൽ, പാട്ടുരായ്ക്കൽ എന്നിവയാണ് ഒടുവിലായി നഗരപ്രദക്ഷിണം നടത്തിയത്.
ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിച്ച വെളിയന്നൂർ ദേശത്തിന് തെക്കേഗോപുരനടയിൽ മന്ത്രി കെ. രാജൻ ഫ്ലാഗ് ഓഫ് നൽകിയതോടെ പുലിക്കളി ആഘോഷങ്ങൾക്ക് തുടക്കമായി.
മേയർ എം.കെ.
വർഗീസ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കൾചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി റെസ്പോൺസിബിൾ ടൂറിസം പ്രചാരകരായ 12 അംഗ രാജ്യാന്തര സംഘവും പുലിക്കളി കാണാൻ എത്തിയിരുന്നു.
പൂവേ പൊലി, പൂവേ പൊലി പാടിത്തുടങ്ങിയ ഓണത്തിന് ‘പുലി പുലി പുലി പായും പുലി’ പാടി സമാപനം. ഒടുവിൽ ‘പുലിമ’യോടെ നാടും നഗരവും ആഘോഷത്തിന് താൽക്കാലിക തിരശീലയിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

